ടെക് ഭീമന്മാര്‍ക്ക് തിരിച്ചടിയുടെ കാലം തുടങ്ങുന്നു

ടെക് ഭീമന്മാര്‍ക്ക് തിരിച്ചടിയുടെ കാലം തുടങ്ങുന്നു

ഗൂഗിള്‍, ഫേസ്ബുക്ക്, ആമസോണ്‍ തുടങ്ങിയ ടെക് ഭീമന്മാര്‍ ആസ്വദിച്ചിരുന്ന കുത്തകയെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍. ഇവരുടെ ഇതുവരെ ചോദ്യം ചെയ്യാപ്പെടാതിരുന്ന ശക്തി ചോര്‍ന്നു തുടങ്ങിയിരിക്കുന്നു. യൂറോപ്പില്‍ ജിഡിപിആര്‍ എന്ന റെഗുലേഷന്‍ നടപ്പിലാക്കിയതും അമേരിക്കയില്‍ ഇന്റര്‍നെറ്റ് ബില്‍ ഓഫ് റൈറ്റ്‌സ് നടപ്പിലാക്കാന്‍ പോകുന്നതും വന്‍കിട ടെക് കമ്പനികള്‍ക്കു തിരിച്ചടിയാണ്.

ഒരു രാജ്യത്തിലെ ഗവണ്‍മെന്റിനെ പോലെ, വലിയ ടെക് കമ്പനികള്‍ക്ക് ഇന്നു ജനങ്ങളുടെ ഹൃദയങ്ങളിലും മനസിലും വമ്പിച്ച സ്ഥാനവും, അധികാരവുമൊക്കെയുണ്ട്. എന്നാല്‍ ലോകമെമ്പാടും, പൗരന്മാര്‍, ബ്യൂറോക്രാറ്റുകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെല്ലാം ഇപ്പോള്‍ ടെക് കമ്പനികളുടെ ഈ അധികാരത്തിനെതിരേ തിരിയുന്ന കാഴ്ചയാണുള്ളത്. ആല്‍ഫബെറ്റ് ഇന്‍കിന്റെ ഗൂഗിള്‍, ഫേസ്ബുക്ക് ഇന്‍ക്, ആമസോണ്‍.കോം ഇന്‍ക് എന്നീ അമേരിക്കന്‍ ടെക് കമ്പനികള്‍ക്കെതിരേയും അവരുടെ സര്‍വവ്യാപനം വ്യക്തികളെയും വ്യവസായങ്ങളെയും ബാധിക്കുന്നതിനെതിരേയുമാണു മിക്കപ്പോഴും, എതിര്‍പ്പ് ഉയരുന്നതും. ബിഗ് ടെക്‌നോളജി കമ്പനികള്‍ക്കെതിരേയുള്ള പ്രതിരോധമെന്ന നിലയില്‍ ചൈനയും അമേരിക്കന്‍ കമ്പനികള്‍ക്കെതിരേ മാത്രമല്ല, അവരുടെ സ്വന്തം ടെക് കമ്പനികളുടെ വരെ അധികാരം നിയന്ത്രിക്കുകയാണ്. ആഭ്യന്തര കമ്പനികള്‍ക്ക് അനുകൂലമായി വിദേശ കുത്തകകളെ ഇന്ത്യയും നിയന്ത്രിച്ചു തുടങ്ങിയിരിക്കുന്നു.
വലിയ അളവില്‍, അഭൂതപൂര്‍വമായ വേഗതയില്‍ മറ്റേതൊരു കമ്പനികളേക്കാളും അധികമായി ടെക് കമ്പനികള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുന്നുണ്ട് ഇന്ന്. ടെക് കമ്പനികള്‍ വാദിക്കുന്നത്, അവര്‍ ജനങ്ങളെയും, അവരുടെ ജീവിതത്തെയും മെച്ചപ്പെടുത്തുന്നുണ്ടെന്നാണ്. എന്നാല്‍ അവര്‍ വ്യവസായരംഗത്ത് പ്രവേശിക്കുമ്പോഴാകട്ടെ, അധികാരം ശക്തിപ്പെടുത്തുകയും, അധികാരം തങ്ങളിലേക്കു കേന്ദ്രീകരിക്കുകയുമാണു ചെയ്യുന്നത്. മാത്രമല്ല, എതിരാളികളെ വന്‍ ദുരിതത്തിലേക്കു തള്ളി വിടുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള ആളുകള്‍ ഇന്റര്‍നെറ്റില്‍ കൂടുതല്‍ പരിചിതരായിരിക്കുന്നു ഇന്ന്. ആദ്യ കാലങ്ങളില്‍ ഇന്റര്‍നെറ്റ് പലര്‍ക്കും ആവേശമായിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരുടെ കാഴ്ചപ്പാടുകള്‍ ആവേശം (enthusiasm)എന്നതില്‍നിന്ന് അപായമുന്നറിയിപ്പ് (caution) എന്നതിലേക്കു മാറുകയാണ്. ഉദാഹരണം, സമീപകാലത്തു സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഗവേണന്‍സ് ഇന്നൊവേഷന്‍ നടത്തിയ സര്‍വേ ഒരു കാര്യം വെളിപ്പെടുത്തുകയുണ്ടായി. കെനിയയിലെ ജനങ്ങള്‍ക്ക്, സാങ്കേതികവിദ്യ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചു പോസിറ്റീവായ അഭിപ്രായമുണ്ടായെന്നതായിരുന്നു ആ വെളിപ്പെടുത്തല്‍. എന്നാല്‍ വടക്കേ അമേരിക്കയിലെയും, യൂറോപ്പിലെയും ജനങ്ങള്‍ ബിഗ് ടെക്‌നോളജിയുടെ കടന്നുകയറ്റത്തില്‍ ആകുലചിത്തരുമാണെന്നു സര്‍വേ വെളിപ്പെടുത്തിയിരിക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഫേസ്ബുക്ക് കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കണ്‍സല്‍ട്ടിംഗ് സ്ഥാപനത്തിന് ഡാറ്റ കൈമാറിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ സ്വകാര്യതയും സുരക്ഷയുമില്ലെന്ന ധാരണ കൈവന്നു. ഇതാകട്ടെ, ടെക് കമ്പനികള്‍ക്കെതിരേ പ്രതിഷേധം അലയടിക്കാന്‍ കാരണമായി. കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ഓരോ ഭരണകൂടങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു.
ഇപ്പോള്‍ വന്‍കിട ടെക്‌നോളജി കമ്പനികള്‍ക്കെതിരേ എതിര്‍പ്പുകള്‍ ഉയരുമ്പോള്‍, അത് ഇന്റര്‍നെറ്റിന്റെ വിഭജനത്തിനാണു കാരണമായി തീരുന്നത്. ഇത്തരത്തില്‍ ഇന്റര്‍നെറ്റ് വിഭജിക്കപ്പെടുകയാണെങ്കില്‍ വ്യത്യസ്ത മേഖലകള്‍ക്ക് പ്രത്യേക ഉത്പന്നങ്ങള്‍ സൃഷ്ടിക്കാനും, നടപടിക്രമങ്ങള്‍ പിന്തുടരാനും ബിഗ് ടെക്‌നോളജി കമ്പനികള്‍ ബാദ്ധ്യസ്ഥരാകും. ഇത് ചില ഉപഭോക്താക്കള്‍ക്കു ഗുണം ചെയ്യും. മറ്റുള്ളവര്‍ക്ക് വളരെ ദോഷവും.

യൂറോപ്പും യുഎസും

ആഗോളതലത്തില്‍ നോക്കുകയാണെങ്കില്‍, വന്‍കിട ടെക്‌നോളജി കമ്പനികള്‍ക്കെതിരേ ആദ്യ വിമര്‍ശനമുയര്‍ന്നത് പാശ്ചാത്യനാടുകളില്‍നിന്നാണ്. തങ്ങളുടെ കുത്തകശക്തി ദുരുപയോഗം ചെയ്യുന്ന ടെക്‌നോളജി കമ്പനികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. സമീപകാലത്തു ഗൂഗിളിനെതിരേ അഞ്ച് ബില്യന്‍ ഡോളര്‍ പിഴ ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതും ഈ പശ്ചാത്തലത്തിലായിരുന്നു. ഡാറ്റ അന്യായമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ആമസോണിനെതിരേ യൂറോപ്യന്‍ യൂണിയന്റെ കോംപറ്റീഷന്‍ കമ്മീഷണര്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഡാറ്റയുടെ സ്വകാര്യതയ്ക്കു വേണ്ടി യൂറോപ്പില്‍ 2018 മേയ് 25ന് യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജിഡിപിആര്‍) പ്രാബല്യത്തില്‍ വന്നു. ജിഡിപിആര്‍ നിലവില്‍ വന്നതോടെ, അഡ്വര്‍ടൈസിംഗ്, ഡാറ്റ ശേഖരിക്കുന്ന രീതി എന്നിവയ്ക്കു കാര്യമായ മാറ്റം വന്നിട്ടുണ്ട്.
ജിഡിപിആര്‍ എന്ന റെഗുലേഷന്‍ ഇതുവരെ കോടതി പരിശോധിച്ചിട്ടില്ല. എങ്കിലും ഈ റെഗുലേഷനിലൂടെ ഫേസ്ബുക്കിന് 1.63 ബില്യന്‍ ഡോളര്‍ ചിഴ അടയ്‌ക്കേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച് മാസത്തിലുണ്ടായ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന്റെ പശ്ചാത്തലത്തിലാണു ഫേസ്ബുക്കിനു പിഴ വിധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, യുഎസില്‍ ഇന്റര്‍നെറ്റ് ബില്‍ ഓഫ് റൈറ്റ്‌സ് (internet bill of rights) എന്നൊരു നിയമം നടപ്പിലാക്കാന്‍ ധാരണയായിട്ടുണ്ട്. ബിഗ് ടെക്‌നോളജി കമ്പനികളെ നിയന്ത്രിക്കുകയെന്നതാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. യുഎസ് കോണ്‍ഗ്രസില്‍ ഈ നിയമം പ്രതിപാദിക്കുന്ന ബില്ലില്‍ ഒപ്പുവയ്ക്കാന്‍ ഡമോക്രാറ്റ്‌സും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ഒരുമിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡാറ്റയെ ആശ്രയിക്കുന്ന ആമസോണ്‍, ഗൂഗിള്‍ പോലുള്ള വന്‍കിട കമ്പനികള്‍ ഒരിക്കലും ജിഡിപിആറിലോ, യുഎസില്‍ വരാനിരിക്കുന്ന ഇന്റര്‍നെറ്റ് ബില്‍ ഓഫ് റൈറ്റ്‌സിലോ സന്തുഷ്ടരല്ലെന്നത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ഇത്തരത്തിലുള്ള നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ പോകുന്നതില്‍നിന്നും മറ്റ് രാജ്യങ്ങളെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഗൂഗിളും ആമസോണുമൊക്കെ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയും ലോകവും

മൊബൈല്‍ ഡാറ്റയ്ക്കു പണമൊന്നും നല്‍കാതെ യൂസര്‍മാര്‍ക്കു ഫേസ്ബുക്കും മറ്റ് ചില സേവനങ്ങളുമൊക്കെ സൗജന്യമായി ബ്രൗസ് ചെയ്യാന്‍ 2016-ല്‍ ഫേസ്ബുക്ക് ഒരു സംവിധാനമൊരുക്കിയിരുന്നു. എന്നാല്‍ ഈ സംവിധാനത്തിനെതിരേ ഒരുവിഭാഗം ആളുകളും, ഒടുവില്‍ സര്‍ക്കാര്‍ തന്നെയും ഫേസ്ബുക്കിന്റെ ഈ തീരുമാനത്തിനെതിരേ രംഗത്തുവന്നു. മൊബൈല്‍ ഡാറ്റയ്ക്കു പണം നല്‍കാതെ സൗജന്യമായി ബ്രൗസ് ചെയ്യാനുള്ള ഈ സംവിധാനത്തെ ദാനശീലമെന്നു ഫേസ്ബുക്ക് വ്യാഖ്യാനിച്ചപ്പോള്‍, ഇന്ത്യാക്കാരില്‍ ഭൂരിഭാഗവും ഇതിനെ നിയോ കൊളോണിയലിസം (നവ കോളനിവത്ക്കരണം) എന്നാണു വിശേഷിപ്പിച്ചത്. യുഎസിലെ വന്‍കിട ടെക് കമ്പനികള്‍ക്കെതിരേ യൂറോപ്പിലും, അമേരിക്കയിലുമൊക്കെ ഉയര്‍ന്നുവന്നിരിക്കുന്ന പ്രതിഷേധങ്ങള്‍ മറ്റ് ചില ടെക് കമ്പനികള്‍ക്കു ഗുണകരമായി തീര്‍ന്നിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. ഉദാഹരണമായി, ചൈനയില്‍ ഫേസ്ബുക്കിനും ഗൂഗിളിനുമൊക്കെ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു ചൈനയുടെ സ്വന്തം ടെക് കമ്പനികളായ ആലിബാബയ്ക്കും, ടെന്‍സെന്റിനുമൊക്കെ ഗുണകരമായിത്തീരുകയും ചെയ്തു.

Comments

comments

Categories: Tech, Top Stories