വരുമാനത്തില്‍ 232 % വളര്‍ച്ച നേടി സ്വിഗ്ഗി

വരുമാനത്തില്‍ 232 % വളര്‍ച്ച നേടി സ്വിഗ്ഗി

നഷ്ടത്തില്‍ 93 ശതമാനം വര്‍ധന

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി പ്രവര്‍ത്തന വരുമാനത്തില്‍ 232 ശതമാനം വളര്‍ച്ച നേടി. 133 കോടി രൂപയില്‍ നിന്ന് 442 കോടി രൂപയായിട്ടാണ് വരുമാനം ഉയര്‍ന്നത്. ഇക്കാലയളവില്‍ രാജ്യത്ത് കൂടുതല്‍ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച സ്വിഗ്ഗി ഓര്‍ഡറുകളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനവാണ് നേടിയത്. കഴിഞ്ഞ മാസം 21 ദശലക്ഷത്തിലധികം ഓര്‍ഡറുകളാണ് പ്ലാറ്റ്‌ഫോമിന് ലഭിച്ചത്. വിപണിയിലെ പ്രധാന എതിരാളികളായ സൊമാറ്റോ ഇക്കാലയളവില്‍ 446 കോടി രൂപയുടെ വരുമാനമാണ് നേടിയത്.

വിപണി ഗേവഷണ പ്ലാറ്റ്‌ഫോമായ ടോഫഌറിന്റെ കണക്കുപ്രകാരം വിപണിയില്‍ ആധിപത്യം നേടുന്നതിനുള്ള മത്സരത്തിനിടെ കഴിഞ്ഞ വര്‍ഷം സ്റ്റാര്‍ട്ടപ്പിന്റെ നഷ്ടം 93 ശതമാനം വര്‍ധനവോടെ 397 കോടി രൂപയിലെത്തിയിട്ടുണ്ട്. സൊമാറ്റോയുടെ നഷ്ടത്തേക്കാള്‍ വളരെ കൂടുതലാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 106 കോടി രൂപയുടെ നഷ്ടമാണ് സൊമാറ്റോ നേരിട്ടത്.

നാസ്‌പേഴ്‌സ് പിന്തുണയ്ക്കുന്ന സ്വിഗ്ഗിയുടെ മൊത്തം ചെലവ് ഒരു വര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. 2017 വര്‍ഷം 350 ആയിരുന്ന ചെലവ് മാര്‍ച്ചിലവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം 865 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്. അതായത് 147 ശതമാനത്തിന്റെ വര്‍ധന. ഡെവിലറി വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതാണ് ചെലവ് വര്‍ധനവില്‍ പ്രധാന പങ്കു വഹിച്ചത്. നിലവില്‍ 90,000 ഡെലിവറി ജീവനക്കാരാണ് സ്വിഗ്ഗിയുമായി സഹകരിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് ജീവനക്കാര്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ 113 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.

അഡ്വര്‍ടൈസിംഗ്, പ്രൊമോഷണല്‍ ചെലവുകള്‍ മൂന്നു മടങ്ങ് വര്‍ധിച്ച് 154 കോടി രൂപയായി. ഇക്കാലയളവില്‍ ഉപഭോക്താക്കള്‍ക്കു ഡിസ്‌കൗണ്ട് നല്‍കിയതു മൂലം 26 കോടി രൂപയാണ് സ്വിഗ്ഗിക്കു ചെലവു വന്നത്. മുന്‍ വര്‍ഷം ഇത് 11 കോടി മാത്രമായിരുന്നു. നിലവില്‍ സ്വിഗ്ഗിയുടെ പ്രതിമാസ ചെലവ് 16 ദശലക്ഷം ഡോളറും സൊമാറ്റോയുടെ 17-18 ദശലക്ഷം ഡോളറാണെന്നുമാണ് അനുമാനം.

Comments

comments

Categories: Business & Economy
Tags: Swiggy