ഷാഹിദ് ഖാന്‍ എന്ന ജീനിയസ്

ഷാഹിദ് ഖാന്‍ എന്ന ജീനിയസ്

വിജയിക്കാനുള്ള ആഗ്രഹമല്ല, അഭിനിവേശമാണ് ഒരു സംരംഭകന് വേണ്ടത്.തന്റെ പതിനാറാം വയസ്സില്‍ വിദേശവിദ്യാഭയാസം ആഗ്രഹിച്ച് അമേരിക്കയില്‍ എത്തിയ ഷാഹിദ് ഖാന്‍ എന്ന ലാഹോര്‍ സൗദേശിയുടെ തുടക്കം ഒരു റെസ്റ്റോറന്റില്‍ എച്ചില്‍ പാത്രങ്ങള്‍ കഴുകിക്കൊണ്ടായിരുന്നു. എന്നാല്‍ ഇന്ന് 7.4 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അമേരിക്കയിലെ ഏറ്റവും വലിയ സ്ഥാപനങ്ങളില്‍ ഒന്നായ ഫ്‌ലെക്‌സ് ആന്‍ഡ് ഗേറ്റിന്റെ ഉടമയാണ്.നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ക്ക് കൈവശം വരുന്ന മനക്കരുത്തും വിജയിക്കണം എന്ന വാശിയും സംയോജിച്ചപ്പോഴാണ് ഷാഹിദ് ഖാന്‍ ജീവിതത്തി വിജയത്തിന് തന്റേതായ വഴികള്‍ കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ റെസ്റ്റോറന്റില്‍ എച്ചില്‍ പത്രങ്ങള്‍ കഴുകിയ ആ യുവാവ് ഇന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ഫുട്ബാള്‍ സ്റ്റേഡിയമായ വെംബ്‌ളിക്ക് വിലപറയുന്ന തലത്തിലേക്ക് വരെ വളര്‍ന്നു.ഏതൊരു വ്യക്തിക്കും പ്രചോദനമാണ് ഷാഹിദ് ഖാന്‍ എന്ന സംരംഭകന്റെ ജീവിതം


 

വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കാത്തവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് വിജയികളുടെ ലോകം എന്ന വാചകത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുന്നതാണ് അമേരിക്കന്‍ കോടീശ്വരനായ ഷാഹിദ് ഖാന്റെ ജീവിതം. ജീവിതത്തില്‍ അദ്ദേഹത്തെ കൈവരിച്ച അനന്യസാധാരണമായ വിജയത്തിന് പിന്നില്‍ ഇച്ഛാശക്തി, ആത്മവിശ്വാസം, കഠിനാധ്വാനം ഇനീ മൂന്ന് ഘടകങ്ങളാണുള്ളത്.തന്റെ പതിനാറാം വയസ്സുമുതല്‍ ഷാഹിദ് സ്വപ്നം കണ്ടതാണ് ലോകം ബഹുമാനിക്കുന്ന ഒരു സംരംഭകനായി മാറണം എന്നത്. വിജയിക്കാനുള്ള ആ അഭിനിവേശം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാണ് ഷാഹിദ് ഓരോ ചുവടും മുന്നോട്ട് വച്ചത്. അതുകൊണ്ട് തന്നെ അമേരിക്കയിലെ വമ്പന്‍ കമ്പനികള്‍ പലതും ആ സംരംഭകന്റെ മുന്നില്‍ മുട്ടുകുത്തി.ആത്മാര്‍ത്ഥമായി ഒരു നേട്ടത്തിന് വേണ്ടി ആഗ്രഹിക്കുകയാണെങ്കില്‍ ആ നേട്ടം കയ്യെത്തിപ്പിടിക്കുന്നതിനായി ഈ പ്രപഞ്ചം മുഴുവന്‍ കൂടെ നില്‍ക്കും എന്ന വാചകത്തെ സാധൂകരിക്കുന്നതാണ് ഷാഹിദിന്റെ വിജയം.

കോടികളുടെ സാമ്രാജ്യം സ്വപ്നം കണ്ട ബാല്യം

സാധാരണ കുട്ടികളുടെ ആഗ്രഹങ്ങള്‍ക്ക് അപ്പുറമായിരുന്നു ഷാഹിദിന്റെ ചിന്തകളും ആഗ്രഹങ്ങളുമെല്ലാം. ക്രിക്കറ്റും ഫുട്ബാളുമൊക്കെയായി സുഹൃത്തുക്കള്‍ ബാല്യം ആഘോഷിച്ചിരുന്ന സമയത്ത് എങ്ങനെ ലോകസമ്പന്നരുടെ നിരയില്‍ സ്ഥാനം പിടിക്കാം എന്നായിരുന്നു ഷാഹിദ് ചിന്തിച്ചിരുന്നത്. ലാഹോറിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച, ഇല്ലായ്മകളും വല്ലായ്മകളും അനുഭവിച്ചറിഞ്ഞ ഒരു ബാലന്‍ ഇത്തരത്തില്‍ വേറിട്ട് ചിന്തിച്ചതിനു പിന്നിലുള്ള ഒരേയൊരുകാരണം ജീവിതത്തില്‍ വിജയിക്കാനുള്ള ത്വരമാത്രമായിരുന്നു.ലാഹോറിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച ഷാഹിദ് ഖാന്റെ ‘അമ്മ ഗണിതശാസ്ത്ര അധ്യാപികയായിരുന്നു. പിതാവ് കെട്ടിടനിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു. കോടികളുടെ സാമ്രാജ്യത്തിന്റെ അധിപനാകണം എന്ന സ്വപ്നം ചെറുപ്പം മുതല്‍ക്ക് മനസ്സിലുള്ളതിനാല്‍ തന്നെ തന്റെ ഉന്നത വിദ്യാഭ്യാസം ജന്മനാട്ടില്‍ നിന്നും വേണ്ട എന്ന് ആ യുവാവ് തീരുമാനിച്ചിരുന്നു. വിദേശരാജ്യങ്ങള്‍ വ്യക്തിത്വ വികസനത്തിനും സംരംഭകത്വ വികസനത്തിനും നല്‍കുന്ന പ്രാധാന്യമാണ് ഷാഹിദിനെ ആകര്‍ഷിച്ചത്.

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടനെ ഷാഹിദ് അമേരിക്കന്‍ സര്‍വകലാശാലയില്‍ എന്‍ജിനീയറിംഗ് പഠനത്തിനായി അപേക്ഷ നല്‍കി. അമേരിക്കയിലെ ഇല്ലിനോയിസ് സര്‍വകലാശാലയിലാണ് ഷാഹിദിന് പഠിക്കാന്‍ അവസരം ലഭിച്ചത്. കുടുംബത്തെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയ ശേഷം വളരെ ചെറിയ തുക സമ്പാദ്യവുമായി ആ യുവാവ് അമേരിക്കയിലേക്ക് പറന്നു.1967 ല്‍ അമേരിക്കയില്‍ കാലുകുത്തുമ്പോള്‍ താന്‍ ഒരു നാള്‍ ഈ രാജ്യത്തെ പൗനായി മാറും എന്ന ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ഷാഹിദ് വിചാരിച്ചത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. പഠനത്തിന്റെ ഭാഗമായി സര്‍വകലാശാല വക ഹോസ്റ്റലില്‍ നില്‍ക്കണമെങ്കില്‍ പ്രതിദിനം രണ്ട് ഡോളര്‍ ആവശ്യമായിരുന്നു. ഇതിന് പുറമെയായിരുന്നു മറ്റ് പഠനച്ചെലവുകള്‍. താന്‍ വിചാരിച്ച രീതിയില്‍ എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കണമെങ്കില്‍ ഏതുവിധേനയും വരുമാനത്തിനുള്ള വഴികൂടി കണ്ടെത്തണം എന്ന് ഷാഹിദിന് മനസിലായി.

പിന്നീടങ്ങോട്ട് ഒരു പാര്‍ട്ട് ടൈം ജോലി തേടിയുള്ള അലച്ചിലായിരുന്നു.ആ യാത്ര ചെന്നവസാനിച്ചതാകട്ടെ നഗരത്തിലെ ഒരു വലിയ റെസ്റ്റോറന്റിന്റെ അടുക്കളപ്പുറത്തും . ഹോട്ടലില്‍ എച്ചില്‍പാത്രം കഴുകുന്ന തൊഴിലായിരുന്നു ഷാഹിദിന് ലഭിച്ചത്. ഏത് തൊഴിലിനും അതിന്റേതായ മാഹാത്മ്യം ഉണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട് ഷാഹിദ് ജോലിയില്‍ പ്രവേശിച്ചു. മണിക്കൂറിന് 1.20 ഡോളറായിരുന്നു ഷാഹിദിന്റെ ശമ്പളം. ഇതില്‍ നിന്നും മിച്ചം പിടിച്ച പണംകൊണ്ട് തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നത് ഷാഹിദ് സ്വപ്നം കണ്ടു. 1971 തന്റെ ആഗ്രഹം പോലെ തന്നെ ഇല്ലിനോയിസ് സര്‍വകലാശാലയില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായി ഷാഹിദ് ഖാന്‍ പുറത്തിറങ്ങി.

ഓട്ടോമൊബീല്‍ ഇന്‍ഡസ്ട്രിയിലേക്ക്

പഠനശേഷം പലവിധ ജോലികള്‍ തേടി ഷാഹിദ് അലഞ്ഞു. വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും നിര്‍മാണരീതിയെപ്പറ്റിയുമെല്ലാം ഷാഹിദിന് നല്ല ഗ്രാഹ്യമുണ്ടായിരുന്നു. ഈ അറിവിന്റെ വെളിച്ചത്തിലാണ് കാറുകളുടെ സ്‌പെയര്‍പാര്‍ട്ട്സുകള്‍ നിര്‍മ്മിച്ച വില്‍ക്കുന്ന ഫ്‌ലെക്‌സ് ആന്‍ഡ് ഗേറ്റ് എന്ന സ്ഥാപനത്തില്‍ ഷാഹിദ് ജോലിക്ക് അപേക്ഷിക്കുന്നത്. വളരെ ജൂനിയര്‍ ആയ തസ്തികയില്‍ നിന്നുമായിരുന്നു ഷാഹിദിന്റെ തുടക്കം.എന്നാല്‍ തനിക്ക് ജന്മനാ സ്വായത്തമായിരിക്കുന്ന നേതൃഗുണത്തെയും അര്‍പ്പണമനോഭാവത്തെയും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കായി ശരിയായ വിധത്തില്‍ വിനിയോഗിക്കുവാന്‍ ഷാഹിദിനായി. ജൂനിയര്‍ എന്‍ജിനീയര്‍ എന്ന തസ്തികയില്‍ ഇരുന്നുകൊണ്ട് തന്നെ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മികച്ചരീതിയില്‍ ശ്രദ്ധ പഠിപ്പിക്കുവാന്‍ ഷാഹിദിനായി.

കാറുകളുടെ ബംപറുകളാണ് ഫ്‌ലെക്‌സ് ആന്‍ഡ് ഗേറ്റ് പ്രധാനമായും നിര്‍മിച്ചിരുന്നത്.അതിനാല്‍ തന്നെ സുപ്രധാന ഉല്‍പ്പന്നത്തിന്റെ നിര്‍മാണത്തില്‍ ഷാഹിദ് ഇരട്ടി ശ്രദ്ധപതിപ്പിച്ചു. വൈകാതെ ഫ്‌ളെക്‌സ് ആന്‍ഡ് ഗേറ്റ് ഷാഹിദിന്റെ സാമര്‍ത്ഥ്യവും നേതൃപാഠവവും തിരിച്ചറിയുകയും കാറുകളുടെ ബംപര്‍ ഉല്‍പാദനത്തിന്റെ ചുമതല ഷാഹിദിനെ ഏല്‍പ്പിക്കുകയും ചെയ്തു. രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളുടെ ശ്രദ്ധയില്‍ ഫ്‌ലെക്‌സ് ആന്‍ഡ് ഗേറ്റിനെ എത്തിക്കാന്‍ ഷാഹിദിന് കഴിഞ്ഞു. അതോടെ ഷാഹിദ് ഖാന്‍ എന്ന ജൂനിയര്‍ എന്‍ജിനീയറുടെ അഡ്മിനിസ്‌ട്രേഷന്‍ മികവ് കൂടി കമ്പനി അംഗീകരിച്ചു നല്‍കി.അതൊരു പുതിയ തുടക്കമായിരുന്നു.

ഫ്‌ലെക്‌സ് ആന്‍ഡ് ഗേറ്റ് വിടുന്നു

ഷാഹിദ് ഖാന്‍ എന്ന സംരംഭക മോഹിക്ക് മികച്ച തുടക്കം നല്‍കിയ സ്ഥാപനമായിരുന്നു ഫ്‌ലെക്‌സ് ആന്‍ഡ് ഗേറ്റ്. സ്ഥാപനത്തോട് നൂറുശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയാണ് ഷാഹിദ് പ്രവര്‍ത്തിച്ചു പോന്നതും. ഷാഹിദിന്റെ ഭരണമികവിന് മുന്നില്‍ സ്ഥാപനം വളര്‍ച്ച പ്രാപിക്കുകയും ചെയ്തു. എന്നാല്‍ ആ സമയത്താണ് ഫ്‌ലെക്‌സ് ആന്‍ഡ് ഗേറ്റ് നിര്‍മിക്കുന്ന ബമ്പറുകളില്‍ ചില സാങ്കേതിക തകരാറുകള്‍ ഉണ്ടെന്ന് ഷാഹിദ് തിരിച്ചറിയുന്നത്. ഈ പോരായ്മകളെ മറികടക്കത്തക്ക രീതിയില്‍ പുതിയ ബമ്പര്‍ നിര്‍മിക്കുന്നതിനുള്ള പരീക്ഷണങ്ങളിലായി പിന്നീട് അദ്ദേഹം. അതേത്തുടര്‍ന്ന് ഫ്‌ലെക്‌സ് ആന്‍ഡ് ഗേറ്റ് നിര്‍മിക്കുന്ന ബമ്പറുകളുടെ അപാകതയെ മറികടക്കത്തക്ക രീതിയിലുള്ള ബംപര്‍ അദ്ദേഹം നിര്‍മിച്ചു.

താന്‍ നിര്‍മിച്ച ബംപറിന് അംഗീകാരം ലഭിക്കാത്ത തുടങ്ങിയപ്പോഴാണ് അതിന്റെ സംരംഭകത്വ സാധ്യതകളെപ്പറ്റി ഷാഹിദ് ചിന്തിക്കുന്നത്. ഫ്‌ലെക്‌സ് ആന്‍ഡ് ഗേറ്റ് പോലെ തന്നെ ഒരു ബംപര്‍ നിര്‍മാണ കമ്പനി ആരംഭിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.അങ്ങനെ 1978 ല്‍ ഷാഹിദ് ഖാന്‍ ഫ്‌ലെക്‌സ് ആന്‍ഡ് ഗേറ്റിന്റെ പടികളിറങ്ങി.സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് അമേരിക്ക കഴിഞ്ഞിട്ടേ മറ്റു രാജ്യങ്ങളുള്ളൂ. അക്കാര്യത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് ഷാഹിദ് ജോലി ചെയ്തിരുന്ന ഫ്‌ലെക്‌സ് ആന്‍ഡ് ഗേറ്റ് എന്ന സ്ഥാപനം തന്നെ സംരംഭം തുടങ്ങാനാവശ്യമായ തുകയുടെ ഒരു ഭാഗം എന്ന നിലക്ക് 50000 ഡോളര്‍ ഷാഹിദിന് നല്‍കി. താന്‍ റെ അതുവരെയുള്ള ശമ്പളത്തില്‍നിന്നുമുള്ള നീക്കിയിരുപ്പായ 16000 ഡോളര്‍ കൂടി ചേര്‍ത്ത് സ്വന്തമായി ബംപറുകള്‍ നിര്‍മിക്കുന്ന സ്ഥാപനത്തിന് ഷാഹിദ് തുടക്കംകുറിച്ചു.ബംപര്‍ വര്‍ക്ക്‌സ് എന്നായിരുന്നു തന്റെ സ്ഥാപനത്തിന് ഷാഹിദ് ഖാന്‍ നല്‍കിയ പേര്. താന്‍ ചെറിയ പ്രായം മുതല്‍ സ്വപ്നം കണ്ടിരുന്ന ജീവിതത്തിലേക്ക് എത്താനുള്ള ആദ്യപടിയായിരുന്നു ബംപര്‍ വര്‍ക്ക്‌സ്.

തികഞ്ഞ അര്‍പ്പണ മനോഭാവത്തോടെയായിരുന്നു ഷാഹിദിന്റെ പ്രവര്‍ത്തനമത്രയും. ബംപര്‍ ഡിസൈനിംഗില്‍ ഷാഹിദ് പ്രദര്‍ശിപ്പിച്ച ആശയധാരണമായ കഴിവ് തിരിച്ചറിഞ്ഞ വാഹനനിര്‍മാണ കമ്പനികള്‍ ഒന്നൊന്നായി ബംപര്‍ വര്‍ക്‌സിന്റെ ഉപഭോക്താക്കളാണ് മാറി.ഇതില്‍ ജനറല്‍ മോട്ടോഴ്‌സ്, ക്രൈസ്ലര്‍, ഇസുസു, , മസ്ദ, ടൊയോട്ട തുടങ്ങിയ ലോകത്തിലെ വന്‍കിട മോട്ടോര്‍ വാഹന നിര്‍മാണ കമ്പനികള്‍ ഉള്‍പ്പെടുന്നു. ഷാഹിദ് എന്ന സംരംഭകന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നാളുകളായിരുന്നു അവ.കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ബംപര്‍ വര്‍ക്ക്‌സ് എന്ന സ്ഥാപനം വളര്‍ന്നു. രാജ്യത്തെ പ്രമുഖ വാഹന നിര്മാതാക്കളുടെയെല്ലാം തന്നെ ശക്തികേന്ദ്രമായ ബംപര്‍ വര്‍ക്‌സ് എന്ന സ്ഥാപനവും ഷാഹിദ് ഖാനും മാറി എന്നതാണ് വാസ്തവം.

ഫ്‌ലെക്‌സ് ആന്‍ഡ് ഗേറ്റിനെ ഏറ്റെടുക്കുന്നു

ജൂനിയര്‍ എന്‍ജിനീയറായി ജോലിക്ക് കയറിയ സ്ഥാപനത്തെ ചുരുക്കം ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ പണംനല്‍കി സ്വന്തമാക്കുക. കഥകളില്‍ പോലും വിശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു ഭാഗമാണത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഷാഹിദ് ഖാന്റെ ജീവിതത്തില്‍ സംഭവിച്ചത് അതാണ്.1980-ല്‍ ഫ്‌ളെക്‌സ് എന്‍ ഗേറ്റ് അദ്ദേഹം വിലയ്ക്കു വാങ്ങി. തൊട്ടടുത്ത രണ്ട് പതിറ്റാണ്ട് ഫ്‌ലെക്‌സ് ആന്‍ഡ് ഗേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ നാളുകളായിരുന്നു. അമേരിക്കന്‍ ഓട്ടോമൊബീല്‍ രംഗം കണ്ട ഏറ്റവും മികച്ച വളര്‍ച്ചയാണ് ഷാഹിദ് ഖാന്റെ ഭരണ നേതൃത്വത്തിലൂടെ ഫ്‌ലെക്‌സ് ആന്‍ഡ് ഗേറ്റ് കൈവരിച്ചത്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഓട്ടോ പാര്‍ട്‌സ് നിര്‍മാണക്കമ്പനിയായി ഫ്‌ലെക്‌സ് ആന്‍ഡ് ഗേറ്റ് വളര്‍ന്നു.ഇന്ന് 14000-ത്തിലധികം ജീവനക്കാരും 52 ഫാക്ടറികളും. 7.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയും ഈ സ്ഥാപനത്തിനുണ്ട്. ലോകസമ്പന്നരുടെ നിരയില്‍ സ്ഥാനം പിടിക്കാന്‍ ആഗ്രഹിച്ച ഷാഹിദ് ഖാന്‍ ഫോബ്സ് മാസികയുടെ ലോകസമ്പന്നരുടെ പട്ടികയിലും ഇടം കണ്ടെത്താനായി.

2013-ല്‍ 770 മില്യണ്‍ ഡോളറിന് ജാക്‌സണ്‍വില്ലെ ജഗ്വാര്‍സ് എന്ന ഫുട്‌ബോള്‍ ടീമിനെ സ്വന്തമാക്കി അമേരിക്കന്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ ഷാഹിദ് ഖാന്‍ ചരിത്രം സൃഷ്ടിച്ചു.ബ്രിട്ടനിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ സ്റ്റേഡിയമായ വെംബ്ലി വാങ്ങുന്നതിനായി വില പേരുകകൂടി ചെയ്തതോടെ ലോകശ്രദ്ധയാകര്‍ഷിക്കാന്‍ ഇദ്ദേഹത്തിനായി.92,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വെബ്ലി സ്റ്റേഡിയം ബ്രിട്ടനിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ സ്റ്റേഡിയമാണ്.1991 ല്‍ അമേരിക്കന്‍ പൗരത്വം നേടിയ ഷാഹിദ് ഖാന്‍ ഇപ്പോള്‍ ഫ്‌ളോറിഡയിലാണ് താമസം.

ലക്ഷ്യബോധം , ഇച്ഛാശക്തി, ആത്മവിശ്വാസം എന്നിവ കൈമുതലായിട്ടുണ്ടെങ്കില്‍ തന്റെ മുന്നില്‍ വീണുകിട്ടുന്ന ഏതവസരത്തെയും ശരിയാംവിധം വിനിയോഗിച്ച് വിജയം നേടാനാകും എന്ന് ലോകത്തിനു തെളിയിച്ചുകൊടുത്ത വ്യക്തിയാണ് ഷാഹിദ് ഖാന്‍.നിശ്ചയദാര്‍ഢ്യത്തിന്റെ മൂര്‍ത്തീഭാവമായ ഇദ്ദേഹം പ്രതിഭ എന്നതിലുപരിയായി ഒരു പ്രതിഭാസം തന്നെയാണ്.

Comments

comments

Categories: FK News
Tags: Shahid khan