ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രേയില്‍ ഇനി എബിഎസ്

ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രേയില്‍ ഇനി എബിഎസ്

1.80 ലക്ഷം രൂപയാണ് ഓണ്‍-റോഡ് വില

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോട്ടോര്‍സൈക്കിളിന്റെ ഗണ്‍മെറ്റല്‍ ഗ്രേ വേരിയന്റില്‍ എബിഎസ് നല്‍കി. 1.80 ലക്ഷം രൂപയാണ് ക്ലാസിക് 350 എബിഎസ് ഗണ്‍മെറ്റല്‍ ഗ്രേ ഷേഡ് വേരിയന്റിന് ഓണ്‍-റോഡ് വില. ഡുവല്‍ ചാനല്‍ എബിഎസ്സാണ് നല്‍കിയിരിക്കുന്നത്. മറ്റ് കളര്‍ വേരിയന്റുകളിലും വൈകാതെ എബിഎസ് നല്‍കുമെന്ന് പ്രതീക്ഷിക്കാം.

ഡുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) സഹിതം ക്ലാസിക് 350 സിഗ്നല്‍സ് എഡിഷന്‍ നേരത്തെ വിപണിയിലെത്തിച്ചിരുന്നു. മുഴുവന്‍ മോഡലുകളിലും സുരക്ഷാ ഫീച്ചര്‍ നല്‍കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. 125 സിസിയില്‍ കൂടുതല്‍ ഡിസ്‌പ്ലേസ്‌മെന്റുള്ള മുഴുവന്‍ ബൈക്കുകളിലും 2019 ഏപ്രില്‍ ഒന്നിന് മുമ്പ് എബിഎസ് നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഡുവല്‍ പിസ്റ്റണ്‍ കാലിപറുകള്‍ സഹിതം 280 എംഎം ഡിസ്‌കാണ് ക്ലാസിക് 350 എബിഎസ്സിന്റെ മുന്‍ചക്രത്തില്‍ നല്‍കിയിരിക്കുന്നത്. പിന്‍ചക്രത്തില്‍ സിംഗിള്‍ പിസ്റ്റണ്‍ കാലിപര്‍ സഹിതം 240 എംഎം ഡിസ്‌ക് നല്‍കി. സ്റ്റാന്‍ഡേഡായാണ് എബിഎസ് നല്‍കിയിരിക്കുന്നത്. എബിഎസ് മോഡലിന് സ്റ്റാന്‍ഡേഡ് വേര്‍ഷനേക്കാള്‍ ഏകദേശം പതിനായിരം രൂപ അധികം വില വരും.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 എബിഎസ്സില്‍ മറ്റ് മെക്കാനിക്കല്‍ മാറ്റങ്ങളില്ല. അതേ 346 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വ്വഹിക്കും.

ക്ലാസിക് 350 കൂടാതെ, ക്ലാസിക് 500, ഹിമാലയന്‍ മോട്ടോര്‍സൈക്കിളുകളില്‍ സ്റ്റാന്‍ഡേഡായി എബിഎസ് നല്‍കുന്നുണ്ട്. വിപണിയിലെത്തുന്ന ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകളില്‍ തുടക്കം മുതല്‍ സ്റ്റാന്‍ഡേഡായി എബിഎസ് നല്‍കും. 650 ഇരട്ടകള്‍ നവംബര്‍ 14 ന് അവതരിപ്പിക്കും.

Comments

comments

Categories: Auto