ബിഎസ്-6 കാറുകള്‍ 2020 ജനുവരിയിലെന്ന് മാരുതി സുസുകി

ബിഎസ്-6 കാറുകള്‍ 2020 ജനുവരിയിലെന്ന് മാരുതി സുസുകി

സമയപരിധിക്ക് മൂന്നുനാല് മാസം മുമ്പ് ബിഎസ്-6 വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് ആര്‍സി ഭാര്‍ഗവ

ന്യൂഡെല്‍ഹി : സമയപരിധിക്ക് മൂന്നുനാല് മാസം മുമ്പ് ബിഎസ്-6 വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മാരുതി സുസുകി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ. അങ്ങനെയെങ്കില്‍ 2020 ജനുവരിയില്‍ മാരുതി സുസുകിയില്‍നിന്ന് ബിഎസ്-6 കാറുകള്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. 2020 ഏപ്രില്‍ ഒന്ന് മുതലാണ് ഇന്ത്യയില്‍ ഭാരത് സ്റ്റേജ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ ഫലങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു ആര്‍സി ഭാര്‍ഗവ.

ബിഎസ്-4 വാഹനങ്ങളുടെ വില്‍പ്പന 2020 മാര്‍ച്ച് 31 ന് അവസാനിപ്പിക്കണമെന്ന് ഈയാഴ്ച്ച സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുപിറകെയാണ് പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറെടുത്തെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കുന്നത്. ലോകത്തിനൊപ്പം ഓടിയെത്താന്‍ ബിഎസ്-4 ല്‍നിന്ന് നേരേ ബിഎസ്-6 ലേക്ക് കടക്കുകയാണ് ഇന്ത്യ.

2020 ഏപ്രില്‍ മാസത്തിനുമുമ്പായി ബിഎസ്-4 വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കഴിയുമെന്ന് ആര്‍സി ഭാര്‍ഗവ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിഎസ്-6 കൂടാതെ പുതിയ കാറുകള്‍ക്കായി സുരക്ഷാ മാനദണ്ഡങ്ങളും പ്രാബല്യത്തിലാവുകയാണ്. പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് കാറുകള്‍ കുറേക്കൂടി സുരക്ഷിതമാക്കേണ്ടിവരും. ഇതിനായി നിലവിലെ നിരവധി മോഡലുകള്‍ സമഗ്രമായി അഴിച്ചുപണിയണം. മാരുതി സുസുകി ഓമ്‌നിയുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്ന് ആര്‍സി ഭാര്‍ഗവ സ്ഥിരീകരിച്ചിരുന്നു.

മാരുതി സുസുകി കൂടാതെ, 2020 ഏപ്രില്‍ ഒന്നിന് മൂന്നുനാല് മാസം മുമ്പ് ബിഎസ്-6 കാറുകള്‍ പുറത്തിറക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യയും പ്രഖ്യാപിച്ചു. കര്‍ശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്, പ്രത്യേകിച്ച് ഡീസല്‍ കാറുകളില്‍, ഡീസല്‍ പര്‍ട്ടിക്യുലേറ്റ് ഫില്‍റ്റര്‍, കാറ്റലിസ്റ്റ് റിഡക്റ്റര്‍, എക്‌സ്‌ഹോസ്റ്റ് ട്രീറ്റ്‌മെന്റ് സിസ്റ്റം എന്നിവ ഘടിപ്പിക്കേണ്ടിവരും. സമയം വരുമ്പോള്‍ ബിഎസ്-6 വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മിക്ക കാര്‍ നിര്‍മ്മാതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രാജ്യമെങ്ങും ബിഎസ്-6 ഇന്ധനത്തിന്റെ ലഭ്യതയിലാണ് വലിയ ആശങ്ക.

Comments

comments

Categories: Auto