2018 സി-ക്ലാസ് കാബ്രിയോലെ വിപണിയില്‍

2018 സി-ക്ലാസ് കാബ്രിയോലെ വിപണിയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 65.25 ലക്ഷം രൂപ

ന്യൂഡെല്‍ഹി : മെഴ്‌സിസീസ് ബെന്‍സ് സി-ക്ലാസ് കാബ്രിയോലെ ഫേസ്‌ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 65.25 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. കഴിഞ്ഞ മാസം സി-ക്ലാസ് ഫേസ്‌ലിഫ്റ്റ് വിപണിയിലെത്തിച്ചതിന് പിറകെയാണ് സി-ക്ലാസ് കാബ്രിയോലെ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കുന്നത്. സി-ക്ലാസ് സെഡാനില്‍ കണ്ട അതേ എക്സ്റ്റീരിയര്‍ മാറ്റങ്ങളാണ് സി 300 കാബ്രിയോലെ ഫേസ്‌ലിഫ്റ്റില്‍ നല്‍കിയിരിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബംപര്‍, പുതിയ ഡിസൈനുകളില്‍ 17 ഇഞ്ച് അലോയ് വീലുകള്‍, മൂന്ന് പുതിയ പെയിന്റ് ഓപ്ഷനുകള്‍ എന്നിവയാണ് പുതു വിശേഷങ്ങള്‍.

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഇരട്ട ടച്ച്പാഡ് കണ്‍ട്രോളുകള്‍ സഹിതം പുതിയ സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് അകത്തെ ഫീച്ചറുകള്‍. ബ്രൗണ്‍, ഓപ്പണ്‍-പോര്‍ വാല്‍നട്ട് വുഡ് ട്രിം ഓപ്ഷനാണ്. മുമ്പത്തേതുപോലെ, തെരഞ്ഞെടുക്കാന്‍ ഇന്റീരിയര്‍ കളര്‍ സ്‌കീമുകള്‍ നിരവധിയാണ്. റൂഫിന് നാല് വ്യത്യസ്ത നിറങ്ങള്‍ വേറെയും ലഭിക്കും.

സി 300 കാബ്രിയോലെ ഫേസ്‌ലിഫ്റ്റിലെ ഏറ്റവും വലിയ മാറ്റം ബോണറ്റിന് അടിയിലാണ്. ബിഎസ്-6 അനുസൃത 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. ഈ മോട്ടോര്‍ 258 എച്ച്പി കരുത്തും (മുമ്പത്തേക്കാള്‍ 13 എച്ച്പി കൂടുതല്‍) 370 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.2 സെക്കന്‍ഡ് മതി. പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിനേക്കാള്‍ 0.2 സെക്കന്‍ഡ് വേഗം കൂടുതല്‍. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ടോപ് സ്പീഡ്.

Comments

comments

Categories: Auto