ജിഎസ്ടി: രണ്ട് വര്‍ഷം, 30 യോഗങ്ങള്‍, 918 തീരുമാനങ്ങള്‍…

ജിഎസ്ടി: രണ്ട് വര്‍ഷം, 30 യോഗങ്ങള്‍, 918 തീരുമാനങ്ങള്‍…

ന്യൂഡെല്‍ഹി: പുതിയ നികുതി സംവിധാനമായ ചരക്കു സേവന നികുതി(ജിഎസ്ടി) പ്രാബല്യത്തില്‍ വന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയിലുള്ള ജിഎസ്ടി കൗണ്‍സില്‍ 30 തവണ യോഗം ചേര്‍ന്നു. നിയമങ്ങള്‍, നയങ്ങള്‍, പുതിയ നികുതി നിരക്കുകള്‍ തുടങ്ങിയവ സംബന്ധിച്ച് 918 ഓളം തീരുമാനങ്ങളാണ് ഈ യോഗങ്ങളില്‍ കൈക്കൊണ്ടത്. ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ ആദ്യ ‘ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍’ എന്ന വിശേഷണത്തോടെ 2016 സെപ്റ്റംബര്‍ 15 നാണ് ജിഎസ്ടി കൗണ്‍സില്‍ രൂപീകരിച്ചത്. സംസ്ഥാന ധനമന്ത്രിമാര്‍, റവന്യൂ ചുമതലയുള്ള കേന്ദ്ര മന്ത്രി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് ജിഎസ്ടി കൗണ്‍സില്‍.

കേന്ദ്രസര്‍ക്കാരിന്റെ 294 വിജ്ഞാപനങ്ങളിലൂടെ 96 ശതമാനത്തിലധികം തീരുമാനങ്ങള്‍ ഇതിനകം ജിഎസ്ടി കൗണ്‍സില്‍ നടപ്പാക്കിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ജിഎസ്ടി കൗണ്‍സില്‍ രൂപീകൃതമായതിനുശേഷം ഇതുവരെ ജിഎസ്ടി നിരക്ക്, നയം, നിയമങ്ങള്‍, നഷ്ടപരിഹാരം തുടങ്ങിയ സംബന്ധിച്ച് 918 തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇനി നടപ്പിലാക്കാന്‍ ബാക്കിയുള്ള തീരുമാനങ്ങള്‍ വിവിധ ഘട്ടങ്ങളായി നടപ്പിലാക്കി വരികയാണ്.

ഓരോ സംസ്ഥാനവും പുറത്തിറക്കിയ വിജ്ഞാപനങ്ങളുടെ എണ്ണം ഏകദേശം തുല്യമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ പരോക്ഷ നികുതി സമ്പ്രദായം സംബന്ധിച്ച എല്ലാ വിഷയങ്ങളിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ച് കൂട്ടായ തീരുമാനങ്ങളാണ് എടുക്കുന്നത്. സംയുക്ത സംസ്ഥാന വ്യവസ്ഥിതിയുടെ സഹകരണമാണ് ജിഎസ്ടി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നത്.

പരിഗണനയിലുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചയ്‌ക്കെത്താനായി ജിഎസ്ടി കൗണ്‍സിലിനു മുന്നോടിയായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്താറുണ്ട്. ഇതുവരെ നടന്ന 30 യോഗങ്ങളിലും വളരെ യോജിച്ചും സഹകരണ മനോഭാവത്തോടെയുമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്. 30 ജിഎസ്ടി കൗണ്‍സില്‍ യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങളുടെ വിശദീകരിച്ച അജണ്ട നോട്ടുകള്‍ 4,730 പേജുകളാണ്. 1,394 പേജുകളാണ് മിനുട്ടുകള്‍.

ഇന്ത്യയിലെ സങ്കീര്‍ണമായ നികുതി വ്യവസ്ഥയ്ക്ക് പരിഹാരമായാണ് ജിഎസ്ടി അവതരിപ്പിച്ചത്. രാജ്യത്തെ പരോക്ഷ നികുതി സംവിധാനത്തില്‍ പൊളിച്ചെഴുത്ത് നടത്തിയ ജിഎസ്ടി 2017 ജൂലൈ 1 ന് അര്‍ധരാത്രിയിലാണ് പ്രാബല്യത്തില്‍ വന്നത്. ഒരൊറ്റ രാജ്യം, ഒരൊറ്റ നികുതി എന്നതായിരുന്നു മുദ്രാവാക്യം. നികുതിക്ക് മേല്‍ നികുതി പിരിക്കുന്ന സങ്കീര്‍ണത ഒഴിവാക്കുക, കുരുക്കുകള്‍ ഒഴിവാക്കി നികുതി സമ്പ്രദായം ലഘൂകരിക്കുക, കൂടുതല്‍ പേരെ നികുതി ശൃംഖലയിലേക്ക് കൊണ്ടുവരിക, നികുതി വരുമാനം വര്‍ധിപ്പിക്കുക, നികുതി പിരിവ് സുതാര്യമാക്കുക, കമ്പനികള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വ്യത്യസ്ത നികുതി ചുമത്തുന്നത് ഒഴിവാക്കുക തുടങ്ങിയവയാണ് ജിഎസ്ടിയുടെ ലക്ഷ്യങ്ങള്‍.

പതിനേഴോളം കേന്ദ്ര, സംസ്ഥാന നികുതികള്‍ ഒറ്റ നികുതിയായി ജിഎസ്ടിയിലേക്ക് മാറിക്കഴിഞ്ഞു. ഫാക്റ്ററി ഗേറ്റ്, എക്‌സൈസ് ഡ്യൂട്ടി, സേവന നികുതി, പ്രാദേശിക വില്‍പ്പന നികുതി അല്ലെങ്കില്‍ വര്‍ധിത മൂല്യ നികുതി(വാറ്റ്), തുടങ്ങിയവയാണ് ഒറ്റ നികുതി സമ്പ്രദായമായ ജിഎസ്ടിയിലേക്ക് മാറിയത്. സ്വാതന്ത്ര്യത്തിനു ശേഷം 70 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമായി ജിഎസ്ടി മാറി. മാത്രവുമല്ല, ഏഷ്യയുടെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുള്ള ഇന്ത്യയെ ആധുനികവല്‍ക്കരിക്കാനും ഇത് സഹായിക്കുന്നതായാണ് വിലയിരുത്തല്‍.

Comments

comments

Categories: Current Affairs, Slider
Tags: GST, GST Council