വായ്പാ തിരിച്ചടവ് മുടക്കിയവരില്‍ ഐബിസി ഭയം ജനിപ്പിക്കുന്നു: ജയ്റ്റ്‌ലി

വായ്പാ തിരിച്ചടവ് മുടക്കിയവരില്‍ ഐബിസി ഭയം ജനിപ്പിക്കുന്നു: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ബാങ്കുകളില്‍ നിന്നെടുത്ത വായ്പാ തിരിച്ചടവില്‍ വീഴ്ച്ച വരുത്തിയാല്‍ സ്വന്തം ബിസിനസ് കൈയില്‍ നിന്നും പോകുമെന്ന ഭയം കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ പാപ്പരത്ത നിയമം (ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബാങ്ക്‌റപറ്റ്‌സി കോഡ്-ഐബിസി) കാര്യക്ഷമമായി നടപ്പാക്കിയതിലൂടെ സാധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.

ഡെല്‍ഹിയില്‍ വെച്ച് നടന്ന ഐഡിഎഫ്‌സി ബാങ്കിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കുകള്‍ വായ്പാ തിരിച്ചടവ് മുടക്കിയവരുടെ പുറകെ ഓടുന്ന സ്ഥിതി മാറുകയാണ്. അവര്‍ക്ക് ബാങ്കുകളുടെ പുറകെ ഓടേണ്ടി വരും-അദ്ദേഹം പറഞ്ഞു.

പുതിയ ഐബിസി നിയമത്തിനെതിരായി ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പ്രവര്‍ത്തിക്കുമെന്നത് കണക്കിലെടുത്താണ് ഐബിസി സംബന്ധിച്ച് ബിസിനസുകാര്‍ക്കിടയില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് വേണ്ടത്ര ബോധവല്‍ക്കരണം നടത്തിയില്ലെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്.

ഐബിസി നിയമത്തില്‍ ഭേദഗതി വരുത്തി സെക്ഷന്‍ 29എ ഉള്‍പ്പെടുത്തുന്നതിനെയും അദ്ദേഹം സ്വാഗതം ചെയ്തു. വായ്പാ തിരിച്ചടവില്‍ മനപ്പൂര്‍വം വീഴ്ച്ച വരുത്തുന്നവര്‍ക്ക് അവരുടെ ബിസിനസിന് മേലുള്ള നിയന്ത്രണം തിരിച്ചുപിടിക്കുന്നതിനെ തടയുന്ന വകുപ്പാണിത്.

വായ്പാ തിരിച്ചടവ് വരുത്താന്‍ സാധ്യതയുള്ളവര്‍ ഏത് വിധേനെയും കടമെടുത്ത പണം തിരിച്ചടയ്ക്കാന്‍ ഇപ്പോള്‍ ഉല്‍സാഹം കാണിക്കുന്നത് ഐബിസിയുടെ വിജയമായാണ് ധനമന്ത്രി വിലയിരുത്തുന്നത്. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) സംവിധാനത്തിന് പുറത്തും ബാങ്കുകള്‍ക്ക് പണം തിരിച്ചുപിടിക്കാന്‍ സാധിക്കുന്നത് അതിനാലാണെന്നും ജയ്റ്റ്‌ലി പറഞ്ഞു.

അതേസമയം നയപരമായ തീരുമാനങ്ങളെടുക്കുമ്പോള്‍ അതിനെ ബാധിക്കുന്നവരില്‍ നിന്നുള്ള പ്രതികരണം കൂടി റെഗുലേറ്റര്‍മാര്‍ പരിഗണിക്കണമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജൂണ്‍വരെയുള്ള കണക്കനുസരിച്ച് 32 സമ്മര്‍ദ്ദിത കമ്പനികളില്‍ നിന്നുമായി ഐബിസി നടപടികളിലൂടെ 49,783 കോടി രൂപയാണ് വായ്പാദാതാക്കള്‍ തിരിച്ചുപിടിച്ചത്. കഴിഞ്ഞ മേയ് മാസത്തില്‍ ഭൂഷന്‍ സ്റ്റീലിനെ ടാറ്റ സ്റ്റീല്‍ ഏറ്റെടുത്തതിലൂടെ വായ്പാദാതാക്കള്‍ക്കുള്ള കിട്ടാക്കടത്തിലെ നല്ലൊരു ശതമാനം തിരിച്ചുപിടിക്കാന്‍ സാധിച്ചിരുന്നു. സമാനമായി കഴിഞ്ഞയാഴ്ച്ച എസ്സാര്‍ സ്റ്റീലിന്റെ കിട്ടാക്കടം സംബന്ധിച്ച പ്രശ്‌നത്തിനും പരിഹാരമാകുന്നതിനുള്ള കരാര്‍ രൂപപ്പെട്ടിരുന്നു. ആര്‍സെലര്‍ മിത്തലാണ് എസ്സാര്‍ സ്റ്റീലിനെ ഏറ്റെടുത്ത് ബാങ്കുകള്‍ക്ക് നഷ്ടപ്രതീക്ഷ തിരിച്ചുനില്‍കിയത്.

Comments

comments

Tags: Arun Jaitley

Related Articles