വിനോദസഞ്ചാര രംഗത്ത് എഷ്യ-പസഫിക് വളര്‍ച്ച

വിനോദസഞ്ചാര രംഗത്ത് എഷ്യ-പസഫിക് വളര്‍ച്ച

ആഗോളതലത്തില്‍ വിനോദസഞ്ചാരം ശക്തി പ്രാപിക്കുമ്പോള്‍ ഈ രംഗത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നത് ഏഷ്യ, പസഫിക് മേഖലകളാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ വിനോദസഞ്ചാര ഏജന്‍സിയായ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനും (UNWTO) ഗ്ലോബല്‍ ടൂറിസം ഇക്കോണമി റിസര്‍ച്ച് സെന്ററും (GTERC) എഷ്യ ടൂറിസം ട്രെന്‍ഡ്‌സ് 18 എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ വെളിപ്പെടുത്തല്‍

വിനോദസഞ്ചാരം വെറുമൊരു വ്യവസായമല്ല, ആഗോള വ്യവസായമാണ്. ഓരോ രാജ്യത്തിന്റെയും വളര്‍ച്ചയിലും വികാസത്തിലും ഈ മേഖല വഹിക്കുന്ന പങ്കും ചെറുതല്ല. ആഗോളതലത്തില്‍ വിനോദസഞ്ചാരം ശക്തി പ്രാപിക്കുമ്പോള്‍ ഈ രംഗത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നത് ഏഷ്യ, പസഫിക് മേഖലകളാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ വിനോദസഞ്ചാര ഏജന്‍സിയായ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനും (UNWTO) ഗ്ലോബല്‍ ടൂറിസം ഇക്കോണമി റിസര്‍ച്ച് സെന്ററും (GTERC) നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. അന്തര്‍ദേശീയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് എഷ്യ, പസഫിക് മേഖലകളില്‍ ഉണ്ടാകുന്നതെന്നും ചൈനയിലെ മക്കാവോയില്‍ നടന്ന ഗ്ലോബല്‍ ടൂറിസം ഇക്കോണമി ഫോറത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആഗോള വിനോദസഞ്ചാര രംഗത്ത് എഷ്യ-പസഫിക് മേഖലയുടെ പങ്ക്

ആഗോളതലത്തില്‍ വിനോദ സഞ്ചാര മേഖലയില്‍ ഏതാനും വര്‍ഷങ്ങളായി റെക്കോര്‍ഡ് വളര്‍ച്ചയാണ് കാണാനാവുക. 2017 ല്‍ മേഖലയിലെ വളര്‍ച്ചയുടെ തോത് ഏഴ് ശതമാനം വര്‍ധിച്ച് 1.32 ബില്യണില്‍ എത്തി. കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മനസിലാക്കാനാകും. അന്താരാഷ്ട്ര വിനോദസഞ്ചാര ചെലവുകള്‍ക്കാവശ്യമായ തുകയുടെ 37 ശതമാനവും സംഭാവന ചെയ്യുന്നത് ഏഷ്യ, പസഫിക് മേഖലകളായതിനാല്‍ മേഖലയില്‍ നിന്നുള്ള അവരുടെ നേട്ടം ഊഹിക്കാവുന്നതേയുള്ളൂ.

ആഭ്യന്തര വിനോദസഞ്ചാരത്തിലും, രാജ്യത്തിന് പുറത്തേക്കു പോകുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഏഷ്യ, പസഫിക് മേഖലകള്‍ മുന്നിട്ടുതന്നെ. കഴിഞ്ഞ വര്‍ഷം ഇവിടങ്ങളിലെത്തിയ മൊത്തം സഞ്ചാരികള്‍ മുന്‍വര്‍ഷത്തേക്കാളും ആറ് ശതമാനം വര്‍ധിച്ച് 323 ദശലക്ഷത്തില്‍ എത്തിയിരിക്കുന്നു. ലോകത്ത് ആകെ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന്റെ കാല്‍ഭാഗത്തോളം വരുമിത്. ഇതോടെ 2017 ല്‍ ഈ മേഖലകളില്‍ നിന്നുണ്ടായ വിപണി വിഹിതം 24 ശതമാനമായി വര്‍ധിച്ചു. 2000 ല്‍ ഇത് 16 ശതമാനം മാത്രമായിരുന്നു.

ഏഷ്യ, പസഫിക് മേഖലകളില്‍ നിന്നും പുറം രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി പോകുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 335 ദശലക്ഷമായിരുന്നു. 2016ലേതിനേക്കാളും ഏഴ് ശതമാനത്തോളം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം മേഖലയിലുണ്ടായത്. 2010 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, ഏഴ് വര്‍ഷത്തിനിടയില്‍ മേഖലയിലെ വളര്‍ച്ച 63 ശതമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന് ആനുപാതികമായി വിനോദസഞ്ചാരത്തിനായി മാറ്റിവെക്കുന്ന ചെലവുകളിലും വര്‍ധനവുണ്ടായിട്ടുണ്ട്. അന്തര്‍ദേശീയ വിനോദസഞ്ചാരത്തിനായി കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ യാത്രക്കാര്‍ ചെലവഴിച്ച തുക 502 ബില്യണ്‍ ഡോളറാണ്. അതായത് ലോകത്ത് മൊത്തത്തില്‍ വിനോദസഞ്ചാരത്തിനായി ചെലവഴിക്കുന്ന തുകയുടെ 37 ശതമാനത്തോളം വരുമിത്. 2010 ല്‍ ഇത് 24 ശതമാനമായിരുന്നു.

യൂറോപ്പ് കഴിഞ്ഞാന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നതും എഷ്യ, പസഫിക് മേഖലകളാണ്. 2005 മുതല്‍ അന്തര്‍ദേശീയ വിനോദസഞ്ചാരികളുടെ സന്ദര്‍ശനത്തിലും ഈ മേഖലകളില്‍ മികച്ച വളര്‍ച്ചയാണുള്ളത്. പ്രതിവര്‍ഷം ശരാശരി ആറ് ശതമാനം വളര്‍ച്ചയാണ് അന്തര്‍ദേശീയ വിനോദസഞ്ചാരികളുടെ ഗണത്തില്‍ ഏഷ്യ-പസഫിക് മേഖലയിലുള്ളത്.

വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര വിനോദസഞ്ചാരം

യുഎന്‍ഡബ്ല്യൂടിഒ, ജിടിഇആര്‍സി റിപ്പോര്‍ട്ട് പ്രകാരം വര്‍ധിച്ച തോതിലുള്ള എയര്‍ കണക്റ്റിവിറ്റി, മറ്റ് യാത്രാ സൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയുള്ള ലളിതവും വേഗതയേറിയതുമായ ബുക്കിംഗ് സൗകര്യങ്ങള്‍ എന്നിവ ഏഷ്യ-പസഫിക് മേഖലകളില്‍ അന്താരാഷ്ട്ര വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയുണ്ടായി. ഇത് ഏഷ്യയിലെ മികവുറ്റ സ്ഥലങ്ങളില്‍ ടൂറിസം വരുമാനം കൂട്ടുന്നതിനും സഹായകമായി.

സാമ്പത്തികപരമായും ജനസംഖ്യാപരമായും നോക്കിയാല്‍ ലോകത്തിലെ മറ്റു മേഖലകളേക്കാള്‍ മുന്നിട്ടു നില്‍ക്കുകയാണ് എഷ്യ-പസഫിക് മേഖല. ലോകത്തിലെ ആകെ ജനസംഖ്യയുടെ 56 ശതമാനവും കൈയടക്കി 4.2 ബില്യണ്‍ ജനങ്ങളെ ഉള്‍ക്കൊള്ളിക്കുന്ന ഈ മേഖലയാണ് ജനസംഖ്യയുടെ തോതിലും ലോകത്ത് മുന്‍നിരയിലുള്ളത്. കഴിഞ്ഞവര്‍ഷം മേഖലയിലുണ്ടായിരുന്ന ജിഡിപി 27.5 ട്രില്യണ്‍ ഡോളറാണ്, ഇതും ലോകത്തിലെ മറ്റു മേഖലകളെ അപേക്ഷിച്ച് എറ്റവും ഉയര്‍ന്നതുതന്നെ. സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ 2000-17 കാലഘട്ടത്തിലുണ്ടായ വളര്‍ച്ചയും എടുത്തു പറയേണ്ടതു തന്നെ. ഇന്ത്യയും ചൈനയുമാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍. വരുമാന വളര്‍ച്ചയിലും കാര്യമായ മാറ്റമുണ്ടായി. മേഖലയിലെ പ്രതിശീര്‍ഷ ജിഡിപി 2005ലെ 3170 ഡോളറില്‍ നിന്നും കഴിഞ്ഞ വര്‍ഷം 6620 ഡോളറായി ഇരട്ടിക്കുകയുണ്ടായി.

അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തയാറാക്കിയ ലോക റാങ്കിംഗ് പട്ടികയില്‍ ആദ്യ പത്തു സ്ഥാനങ്ങളിലും ഏഷ്യന്‍ രാജ്യങ്ങള്‍ സാന്നിധ്യമറിയിച്ചു. 61 ദശലക്ഷം അന്തര്‍ദേശീയ യാത്രക്കാരുമായി ചൈന നാലാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ 35 ദശലക്ഷം യാത്രക്കാരുമായി തായ്‌ലന്‍ഡ് പത്താം സ്ഥാനവും നേടി. ജപ്പാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ യഥാക്രമം 12, 15 സ്ഥാനങ്ങള്‍ കൈയടക്കി.

സഞ്ചാരികളെ ആകര്‍ഷിക്കുന്ന രാജ്യങ്ങള്‍

അന്തര്‍ദേശീയ വിനോദ സഞ്ചാര രംഗത്ത് ഏഷ്യ- പസഫിക് മേഖലയില്‍ പ്രധാനമായും നാല് രാജ്യങ്ങളിലേക്കാണ് സഞ്ചാരികള്‍ ഏറെയും ആകര്‍ഷിക്കപ്പെടുന്നത്. തായ്‌ലന്‍ഡ്, ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍ എന്നിവയാണിവ. അന്തര്‍ദേശീയ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും, അവരുടെ ചെലവഴിക്കല്‍ തുകയും സംബന്ധിച്ച് തയാറാക്കിയ പട്ടികകളിലും ആദ്യ പതിനഞ്ച് സ്ഥാനങ്ങളില്‍ എഷ്യ-പസഫിക് സ്ഥലങ്ങള്‍ ഇടം പിടിച്ചിരിക്കുന്നു. സഞ്ചാരികള്‍ ദീര്‍ഘകാലം ഇവിടങ്ങളില്‍ താമസിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നതിനു പുറമെ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നതിനും മുന്‍തൂക്കം നല്‍കുന്നുണ്ട്. സഞ്ചാരികളുടെ എണ്ണം കൊണ്ട് ചൈന മികച്ചു നില്‍ക്കുമ്പോള്‍ വിനോദ സഞ്ചാര വ്യവസായത്തിലൂടെ 57 ബില്യണ്‍ ഡോളര്‍ നേടി വരുമാനത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് തായ്‌ലന്‍ഡ് ആണ്. സഞ്ചാരികളുടെ എണ്ണത്തില്‍ ചൈനയ്ക്കു പിന്നില്‍ രണ്ടാംസ്ഥാനമാണ് തായ്‌ലന്‍ഡിന്.

2016 ലെ റാങ്കിംഗ് നിരയില്‍ നിന്നും ഏഷ്യ- പസഫിക് മേഖലയിലെ അഞ്ചോളം പ്രദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ജപ്പാന്‍ രണ്ടു സ്ഥാനം പിന്നിട്ട് ഉയര്‍ന്നപ്പോള്‍, മക്കാവോ (ചൈന), ഇന്ത്യ, സിംഗപ്പൂര്‍, വിയറ്റ്‌നാം തുടങ്ങിയവ ഓരോ സ്ഥാനങ്ങള്‍ വീതം ഉയര്‍ന്ന് വളര്‍ച്ച രേഖപ്പെടുത്തി.

വന്‍പിച്ച നിക്ഷേപ സാധ്യതകള്‍

വിനോദസഞ്ചാരം വളരുന്നത് അനുസരിച്ച് അതാത് സ്ഥലങ്ങളില്‍ വന്‍ നിക്ഷേപസാധ്യതകള്‍ക്കു കൂടിയാണ് കളമൊരുങ്ങുന്നത്. യുഎന്‍ഡബ്ല്യൂടിഒയുടെ ടൂറിസം 2030 പ്രവചന റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ആകമാനം അന്തര്‍ദേശീയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം മൂന്ന് ശതമാനം വളര്‍ച്ചയുണ്ടാകും. ഏഷ്യ-പസഫിക് മേഖലയില്‍ 2030 ഓടുകൂടി പ്രതിവര്‍ഷം 4.9 ശതമാനം വര്‍ധിച്ച് അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 535 മില്യണില്‍ എത്തുമെന്നും ഇത് മേഖലയിലെ ഏറ്റവും വലിയ വളര്‍ച്ചയാകുമെന്നും പ്രവചിക്കപ്പെടുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ദ്രുതഗതിയിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഏഷ്യ, പസഫിക് മേഖലകള്‍ പിന്നോട്ടല്ല. ഇവര്‍ മികച്ച രീതിയിലുള്ള വിനോദസഞ്ചാര വികസന പദ്ധതികളാണ് നടപ്പാക്കിവരുന്നത്. വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഏറെയും ഹോട്ടലുകള്‍, റിസോര്‍ട്ട്, ആധുനിക സൗകര്യങ്ങളോടു കൂടിയ ഗതാഗത സൗകര്യങ്ങള്‍, എയര്‍പോര്‍ട്ട് വികസനം എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടാകും. സാങ്കേതിക വിദ്യയിലെ വളര്‍ച്ചയാണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. ആഗോള സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മേഖലയില്‍ ടെക്‌നോളജിക്കല്‍ ഇന്നൊവേഷനുകള്‍ക്കും ഊന്നല്‍ നല്‍കുന്നുണ്ട്. ഭാവിയില്‍ ടൂറിസം വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വന്‍സാധ്യതകളുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

വിനോദസഞ്ചാര മേഖലയില്‍ യൂറോപ്യന്‍ യൂണിയന്‍-ചൈന

ചൈനയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള കച്ചവട കൈമാറ്റങ്ങള്‍ക്ക് രണ്ടായിരം വര്‍ഷത്തിനു മേലെ പഴക്കമുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ സില്‍ക്ക് റോഡ് വഴിയുള്ള കച്ചവട കൈമാറ്റങ്ങള്‍ വന്‍ തോതിലായിരുന്നു. വിനോദ സഞ്ചാര രംഗത്തും ഇരുവര്‍ക്കുമിടയില്‍ മികച്ച സഹകരണമാണുള്ളത്. രണ്ടു ദശാബ്ദങ്ങള്‍ക്കിടയില്‍ ചൈനയ്ക്കും യൂറോപ്യന്‍ യൂണിയനും ഇടയിലുള്ള സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധിച്ച തോതിലുള്ള വളര്‍ച്ചയുണ്ട്. 2016ല്‍ ചൈനയ്ക്കും യൂറോപ്പിനുമിടയില്‍ യാത്ര ചെയ്തവരുടെ എണ്ണം 5 ദശലക്ഷമാണ്. ഇരുവര്‍ക്കുമിടയില്‍ വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നല്‍ നല്‍കി നിക്ഷേപവും വികസന സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യൂറോപ്യന്‍ യൂണിയന്‍-ചൈന ടൂറിസം ഇയര്‍ 2018 ആഘോഷിക്കുന്നത്. ഏഷ്യയിലെ മികച്ച സാമ്പത്തിക ശക്തിയായി വളരുന്ന ചൈനയും 28 അംഗരാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനും തമ്മില്‍ അന്തര്‍ദേശീയ വിനോദസഞ്ചാര സാധ്യതകള്‍ക്ക് ശക്തി പകരാനാണ് ഈ പദ്ധതി.

2016ല്‍ ഏകദേശം 5.7 ദശലക്ഷം ചൈനീസ് വിനോദസഞ്ചാരികളാണ് യൂറോപ്പ് സന്ദര്‍ശിച്ചിരിക്കുന്നത്. രാജ്യത്തിനു പുറത്തേക്ക് ആകെയുള്ള വിനോദസഞ്ചാരത്തിന്റെ 5ശതമാനവും യൂറോപ്പിലേക്കായിരുന്നു. 2016ല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളായ ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയ്ന്‍ എന്നിവിടങ്ങളിലേക്കായിരുന്നു ചൈനക്കാരുടെ യാത്രകളേറെയും. ചൈനയില്‍ നിന്നും ചെക്ക് റിപ്പബ്ലിക്കിലേക്ക് 2010 ല്‍ എത്തിയതിനേക്കാളും ആറു മടങ്ങ് ചൈനീസ് വിനോദ സഞ്ചാരികളാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. ഹംഗറി, പോളണ്ട് എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം അഞ്ച് മടങ്ങ് യാത്രക്കാര്‍ വര്‍ധിച്ചപ്പോള്‍ കഴിഞ്ഞ ഏഴുവര്‍ഷത്തേതില്‍ നിന്നും 13 മടങ്ങ് ചൈനീസ് സഞ്ചാരികള്‍ ക്രൊയേഷ്യയിലേക്ക് എത്തിയെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

യൂറോപ്യന്‍ യൂണിയനു പുറത്തുള്ള യൂറോപ്പ് രാജ്യങ്ങളിലേക്കും ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണം കുറവല്ല. സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് 2016ല്‍ 10ലക്ഷം, നോര്‍വെയില്‍ 0.3 മില്യണ്‍, ഐസ്‌ലന്‍ഡില്‍ 0.2 മില്യണ്‍ എന്നിങ്ങനെയാണ് ചൈനീസ് സഞ്ചാരികളുടെ വരവ്. എയര്‍കണക്റ്റിവിറ്റിയാണ് ചൈനയ്ക്കും യൂറോപ്യന്‍ യൂണിയനുമിടയില്‍ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിക്കുന്നതിലെ പ്രധാന ഘടകം. യൂറോപ്പിലെ 37 രാജ്യങ്ങളുമായി ചൈന വ്യോമയാന സേവന കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. 2007-17 കാലഘട്ടങ്ങള്‍ക്കിടയില്‍ ചൈനയ്ക്കും യൂറോപ്പിനുമിടയില്‍ പ്രതിമാസം സര്‍വീസ് നടത്തുന്ന ഫ്‌ളൈറ്റുകളുടെ എണ്ണവും ഇരട്ടിച്ചിട്ടുണ്ട്.

അതിവേഗ വളര്‍ച്ചയുമായി ചൈനയിലെ ഗ്രേറ്റര്‍ ബേ ഏരിയ

യുഎന്‍ഡബ്ല്യൂടിഒ- ജിടിഇആര്‍സി എഷ്യ ടൂറിസം ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ചൈനയിലെ വിനോദസഞ്ചാര മേഖലയില്‍ അതിവേഗ വളര്‍ച്ചയുള്ള പ്രദേശമാണ് ഗ്രേറ്റര്‍ ബേ ഏരിയ. ഇതു കൂടാതെ ഹോംഗ്‌കോംഗ്, മക്കാവോ, ഗ്വാഡ്‌ഗോംഗ് പ്രവിശ്യയിലെ ഒമ്പത് നഗരങ്ങളായ ഗ്വാംഗ്ഷൂ, ഷെന്‍സെന്‍, സുഹായ്, ഫോഷന്‍, സോംഗ്ഷാന്‍, ഡോണ്‍ഗ്ഗുവാന്‍, ഷാവോക്വിംഗ്, ജിയാംഗ്മെന്‍, ഹുയിഷോ എന്നിവിടങ്ങളിലും മികച്ച പദ്ധതികളും വികസന സൗകര്യങ്ങളും നടപ്പിലാക്കിയാല്‍ വിനോദസഞ്ചാര മേഖലയില്‍ മികച്ച വരുമാനം നേടാനാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

Comments

comments

Categories: FK Special, Slider
Tags: Tourism