ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി പുറത്തിറക്കി

ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി പുറത്തിറക്കി

യഥാക്രമം 6.39 ലക്ഷം രൂപയും 7.49 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ടാറ്റ ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി പെര്‍ഫോമന്‍സ് എഡിഷനുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 6.39 ലക്ഷം രൂപയും 7.49 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഈ വര്‍ത്തെ ഓട്ടോ എക്‌സ്‌പോയിലാണ് കാറുകള്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. ടാറ്റ മോട്ടോഴ്‌സ്, ജയം ഓട്ടോമോട്ടീവ്‌സ് സംയുക്ത സംരംഭത്തിലൂടെ പുറത്തുവരുന്ന ആദ്യ ഉല്‍പ്പന്നങ്ങളാണ് ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി. രാജ്യത്തെ മുപ്പത് ടാറ്റ മോട്ടോഴ്‌സ് ഡീലര്‍ഷിപ്പുകളിലായി പതിനഞ്ചോളം നഗരങ്ങളില്‍ മാത്രമേ കാറുകള്‍ വില്‍ക്കൂ.

ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി പുറത്തിറക്കിയതിലൂടെ യുവാക്കളെയാണ് ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യം വെയ്ക്കുന്നത്. ഇരു കാറുകളുടെയും എക്സ്റ്റീരിയര്‍ വിശേഷങ്ങള്‍ ഇപ്പോള്‍ പറയാന്‍ ഏറെയാണ്. അഗ്രസീവ് ഫ്രണ്ട് ബംപര്‍, വിഷമചതുര്‍ഭുജ ആകൃതിയിലുള്ള വലിയ ഗ്രില്‍ എന്നിവ മുന്‍വശത്ത് കാണാം. പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍ നല്‍കിയിരിക്കുന്നത് ഇരട്ട ചേംബറുകളിലാണ്. ചുറ്റിലും ക്രോമിയം നല്‍കിയിരിക്കുന്നു. സൈഡ് സ്‌കര്‍ട്ടുകള്‍, കോണ്‍ട്രാസ്റ്റ് നിറത്തില്‍ ഔട്ട്‌സൈഡ് മിററുകള്‍ എന്നിവ ലഭിച്ചു. ഗ്ലോസി ബ്ലാക്ക് നിറത്തില്‍ റൂഫ്, റിയര്‍ സ്‌പോയ്‌ലര്‍ എന്നിവ നല്‍കിയതോടെ എക്‌സ്റ്റീരിയര്‍ ഡുവല്‍ ടോണ്‍ ആണ്. ഗോ ഫാസ്റ്റ് വേര്‍ഷനാണ് ഡ്രൈവ് ചെയ്യുന്നതെന്ന് നാലുപേരെ അറിയിക്കാന്‍ ഗ്രില്‍, ഫെന്‍ഡര്‍ വെന്റുകള്‍, റിയര്‍ എന്നിവിടങ്ങളില്‍ ജെടിപി ബാഡ്ജുകള്‍ നല്‍കിയിരിക്കുന്നു.

കാറുകളുടെ ഉള്‍വശവും സ്‌പോര്‍ടിയാണ്. കാബിന്‍ പൂര്‍ണ്ണമായും കറുപ്പ് നിറത്തിലാണ്. എന്നാല്‍ ചുവപ്പിന്റെ സാന്നിധ്യം പലയിടങ്ങളിലും കാണാം. എസി വെന്റുകളില്‍ റെഡ് ആക്‌സന്റുകള്‍ നല്‍കിയിരിക്കുന്നു. സ്റ്റിയറിംഗ് പൊതിഞ്ഞിരിക്കുന്ന പ്രീമിയം തുകലില്‍ ചുവപ്പ് കോണ്‍ട്രാസ്റ്റ് തുന്നലുകള്‍ കാണാം. സീറ്റ് ഫാബ്രിക്കില്‍ ചെറിയ ചുവന്ന ഷഡ്ഭുജങ്ങള്‍ നല്‍കി. സീറ്റുകളില്‍ ചുവന്ന നിറത്തില്‍ ഡബിള്‍ സ്റ്റിച്ചിംഗ് കാണാം. പെര്‍ഫോമന്‍സ് പതിപ്പുകള്‍ക്ക് അലുമിനിയം പെഡല്‍ എക്‌സ്റ്റെന്‍ഡറുകള്‍ ലഭിച്ചു. ഹര്‍മാന്റെ കണക്റ്റ്‌നെക്സ്റ്റ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എട്ട് സ്പീക്കറുകളുമായി ചേര്‍ത്തിരിക്കുന്നു. ആപ്പ് സ്യൂട്ട്, വോയ്‌സ് കമാന്‍ഡ് റെക്കഗ്നിഷന്‍ എന്നിവ പാക്കേജിന്റെ ഭാഗമാണ്.

1.2 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് ടാറ്റ ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി മോഡലുകള്‍ക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ 112 ബിഎച്ച്പി കരുത്തും 150 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ജെടിപി പതിപ്പുകള്‍ക്ക് പത്ത് സെക്കന്‍ഡ് മതി. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് രണ്ട് കാറുകളിലും നല്‍കിയിരിക്കുന്നത്. മികച്ച ആക്‌സലറേഷനും പെര്‍ഫോമന്‍സും ലഭിക്കുന്നതിന് ഗിയര്‍ അനുപാതങ്ങള്‍ മെച്ചപ്പെടുത്തിയിരിക്കുന്നു. സ്‌പോര്‍ട്, സിറ്റി എന്നിവയാണ് ഡ്രൈവിംഗ് മോഡുകള്‍. 15 ഇഞ്ച് ഡയമണ്ട് കട്ട് ഡുവല്‍ ടോണ്‍ അലോയ് വീലുകളിലാണ് ഇരു കാറുകളും വരുന്നത്. വീതിയേറിയ ടയറുകള്‍ മികച്ച ഗ്രിപ്പ് നല്‍കും. മികച്ച റൈഡ് കണ്‍ട്രോള്‍ ലഭിക്കുന്നതിന് ഇരു കാറുകളുടെയും സസ്‌പെന്‍ഷന്‍ മെച്ചപ്പെടുത്തി. റൈഡ് ഹൈറ്റ് കുറച്ചു. ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവയാണ് ഇരു കാറുകളിലെയും സുരക്ഷാ ഫീച്ചറുകള്‍.

Comments

comments

Categories: Auto
Tags: Tiago jtp