ഏറ്റവും കൂടുതല്‍ ടെക് സ്റ്റാര്‍ട്ടപ്പുകളുള്ള മൂന്നാമത്തെ നഗരം ബെംഗളൂരു

ഏറ്റവും കൂടുതല്‍ ടെക് സ്റ്റാര്‍ട്ടപ്പുകളുള്ള മൂന്നാമത്തെ നഗരം ബെംഗളൂരു

ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ മാത്രം 1,200 ടെക് സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്ത് വളര്‍ന്നുവന്നിട്ടുള്ളത്.

ബെംഗളൂരു: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളുള്ള നഗരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇടം നേടി ബെംഗളൂരു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ള നഗരം സിലിക്കന്‍ വാലിയാണ്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ളത് ലണ്ടനാണെന്നും വ്യവസായ സംഘടനയായ നാസ്‌കോം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള തലത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് സമ്പദ്‌വ്യവസ്ഥ എന്ന ഖ്യാതി നിലനിര്‍ത്താന്‍ ഇന്ത്യക്കായിട്ടുണ്ട്. നടപ്പുവര്‍ഷം ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ മാത്രം 1,200 ടെക് സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്ത് വളര്‍ന്നുവന്നിട്ടുള്ളത്. മൊത്തം 7,200- 7,700 സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയിലുള്ളതെന്നും നാസ്‌കോം പറയുന്നു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്കുള്ള നിക്ഷേപത്തില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള വര്‍ധനയാണ് ഈ വര്‍ഷം ഇതുവരെ ഉണ്ടായിട്ടുള്ളത്. എന്നാല്‍, പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപം നിരാശപ്പെടുത്തുന്നതാണെന്നും ഈ വിഭാഗത്തിലേക്കുള്ള നിക്ഷേപത്തില്‍ നേരിയ വര്‍ധന മാത്രമാണ് നടപ്പു വര്‍ഷം ഉണ്ടായിട്ടുള്ളതെന്നും നാസ്‌കോം ചൂണ്ടിക്കാട്ടി.

ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ സ്്റ്റാര്‍ട്ടപ്പ് മേഖലയിലെ മൊത്തം നിക്ഷേപത്തില്‍ 100 ശതമാനത്തിലധികം വാര്‍ഷിക വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 2 ബില്യണ്‍ ഡോളര്‍ നിക്ഷേപം രേഖപ്പെടുത്തിയ സ്ഥാനത്ത് ഈ വര്‍ഷം 4.2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് എത്തിയിട്ടുള്ളത്. ഇന്നൊവേഷനുള്ള ഏറ്റവും മികച്ച ഉദാഹരണമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് രംഗം മാറികഴിഞ്ഞെന്നും പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാസ്‌കോം പ്രസിഡന്റ് ദേബ്ജനി ഘോഷ് പറഞ്ഞു.

യുഎസാണ് ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്പദ്‌വ്യവസ്ഥ. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് യുകെയാണ്. 2018ല്‍ ഇതുവരെ 40,000ല്‍ അധികം നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സ്റ്റാര്‍ട്ടപ്പ് സമ്പദ്‌വ്യവസ്ഥയിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഈ മേഖലയില്‍ മൊത്തം 1.6 ലക്ഷം മുതല്‍ 1.7 ലക്ഷം വരെ തൊഴിലവസരങ്ങളാണ് ഇപ്പോഴുള്ളത്. നേരിട്ടല്ലാതെയുള്ള 4-5 ലക്ഷം തൊഴിലവസരങ്ങള്‍ മേഖലയിലുണ്ടെന്നും നാസ്‌കോം റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Top Stories