ആഫ്രിക്കയിലെ ഓഹരി വില്‍പ്പന എയര്‍ടെലിന്റെ കടം കുറയ്ക്കുമെന്ന് എസ് ആന്‍ഡ് പി

ആഫ്രിക്കയിലെ ഓഹരി വില്‍പ്പന എയര്‍ടെലിന്റെ കടം കുറയ്ക്കുമെന്ന് എസ് ആന്‍ഡ് പി

വാര്‍ബര്‍ഗ് പിന്‍കസ്, തേമാസെക്, സിംഗ്‌ടെല്‍, സോഫ്റ്റ് ബാങ്ക് തുടങ്ങി ആറ് ആഗോള നിക്ഷേപകര്‍ എയര്‍ടെലിന്റെ ആഫ്രിക്കന്‍ ബിസിനസില്‍ 1.25 കോടി രൂപ നിക്ഷേപിക്കും

ന്യൂഡെല്‍ഹി: ആഫ്രിക്കന്‍ അനുബന്ധ കമ്പനിയിലെ ന്യൂനപക്ഷ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കം ഭാരതി എയര്‍ടെലിന്റെ കടം കുറയ്ക്കാന്‍ സഹായിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് വ്യക്തമാക്കി. കടം തിരിച്ചടക്കാന്‍ ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന 1.25 ബില്യണ്‍ ഡോളര്‍ വരുന്ന തുക ഭാരതി എയര്‍ടെല്‍ ഉപയോഗിക്കുമെന്നും എസ് ആന്‍ഡ് പി പ്രസ്താവനയില്‍ പറഞ്ഞു. വാര്‍ബര്‍ഗ് പിന്‍കസ്, തേമാസെക്, സിംഗ്‌ടെല്‍, സോഫ്റ്റ് ബാങ്ക്, എന്നിവയുള്‍പ്പടെയുള്ള ആറ് ആഗോള നിക്ഷേപകര്‍ എയര്‍ടെലിന്റെ ആഫ്രിക്കന്‍ ബിസിനസില്‍ 1.25 കോടി രൂപ നിക്ഷേപിക്കാമെന്ന് ഏറ്റിട്ടുണ്ട്. പ്രാഥമിക ഓഹരികള്‍ കൈമാറി ധനസമാഹരണം നടത്താനാണ് കമ്പനിയുടെ പദ്ധതി.

ഓഹരി വില്‍പ്പനയിലൂടെ പണം സമാഹരിച്ചാലും അടുത്ത 12-18 മാസങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ പ്രതീക്ഷിക്കുന്ന തോതില്‍ ഭാരതി എയര്‍ടെല്‍, പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ കമ്പനിയുടെ നില കൂടുതല്‍ പരുങ്ങലിലാകാന്‍ സാധ്യതയുണ്ടെന്നും എസ് ആന്‍ഡ് പി മുന്നറിയിപ്പ് നല്‍കുന്നു. പ്രവര്‍ത്തന ഫണ്ടും കടവും തമ്മിലുള്ള അനുപാതം 20 ശതമാനത്തിലും താഴെയാകുമെന്നും ഇവര്‍ വ്യക്തമാക്കി. ആസ്തികള്‍ പണമാക്കി മാറ്റി കടം കുറച്ചുകൊണ്ട് പ്രവര്‍ത്തനം ശക്തമാക്കാനാണ് എയര്‍ടെല്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ പ്രവര്‍ത്തന പ്രകടനം പുനരുജ്ജീവിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കും കമ്പനിയുടെ സാമ്പത്തിക സുസ്ഥിരതയെന്നും എസ് ആന്‍ഡ് പി പറഞ്ഞു.

സെപ്റ്റംബറിലവസാനിച്ച പാദത്തില്‍ ഭാരതി എയര്‍ടെലിന്റെ ലാഭം 65.4 ശതമാനം ഇടിഞ്ഞിരുന്നു. 119 കോടി രൂപയാണ് കമ്പനിയുടെ സംയോജിത അറ്റലാഭം. 20,422 കോടി രൂപയാണ് ഇതേകാലയളവില്‍ കമ്പനിയുടെ മൊത്ത ലാഭം. മുന്‍വര്‍ഷത്തെ സമാനകാലയളവിലെ 21,777 കോടി രൂപയേക്കാള്‍ 6.2 ശതമാനം കുറവാണിത്. കമ്പനിയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ വരുമാനം മുന്‍വര്‍ഷത്തെ സമാന കാലയവുമായി താരതമ്യം ചെയ്യുമ്പോള്‍ 3.6 ശതമാനം ഇടിഞ്ഞു. അതേ സമയം ആഫ്രിക്കന്‍ വരുമാനം 10.8 ശതമാനം വര്‍ധിച്ചു.

കടുത്ത മല്‍സരം കാരണം ഇന്ത്യന്‍ വയര്‍ലസ് ബിസിനസിലുണ്ടായ ലാഭസാധ്യതയുടെ കുറവ്, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ വെല്ലുവിളിയാകുമെന്നാണ് എസ് ആന്‍ഡ് പിയുടെ വിലയിരുത്തല്‍. ”രൂപയുടെ മൂല്യത്തകര്‍ച്ച ഉയര്‍ന്ന തോതിലുള്ള വിദേശ കടത്തിന് കാരണമാകും. മൂലധന ചെലവും ഇതുവഴി വര്‍ധിക്കും, ” ഇവര്‍ കൂട്ടിച്ചേര്‍ത്തു.

”നിര്‍ദിഷ്ട കരാറും പ്രാഥമിക ഓഹരി വിപണി പ്രവേശവും പൂര്‍ത്തിയായാലും ആഫ്രിക്കന്‍ യൂണിറ്റിലെ ഭൂരിപക്ഷ ഓഹരിയുടമകളായി ഭാരതി തുടരുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ആഫ്രിക്കന്‍ യൂണിറ്റിന്റെ 30 ശതമാനം ഓഹരികളായിരിക്കും വില്‍ക്കുക എന്ന് ഞങ്ങള്‍ കരുതുന്നു. ഐപിഒ വഴിയുള്ള ഓഹരി വില്‍പ്പന അവ്യക്തമാണ്. കമ്പനിയുടെ ബിസിനസ് സ്ഥിതിയില്‍ പെട്ടെന്നുള്ള ഒരു പ്രത്യാഘാതവും കരാര്‍ ഉണ്ടാക്കില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” എസ് ആന്‍ഡ് പി വ്യക്തമാക്കി.

Comments

comments

Categories: FK News
Tags: Airtel