പിസിഎ മാനദണ്ഡങ്ങള്‍ ലളിതമാക്കണമെന്ന നിര്‍ദേശം ആര്‍ബിഐ തള്ളി

പിസിഎ മാനദണ്ഡങ്ങള്‍ ലളിതമാക്കണമെന്ന നിര്‍ദേശം ആര്‍ബിഐ തള്ളി

തിരുത്തല്‍ നടപടികള്‍ നേരിടുന്ന ബാങ്കുകളുടെ നഷ്ടവും നിഷ്‌ക്രിയാസ്തികളും ജൂണ്‍ പാദത്തില്‍ കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ബാങ്ക് ചൂണ്ടിക്കാണിക്കുന്നു

മുംബൈ: ബാങ്കുകള്‍ക്കുള്ള തിരുത്തല്‍ നടപടി (പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍-പിസിഎ) മാനദണ്ഡങ്ങള്‍ ലളിതമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ച നിര്‍ദേശം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തള്ളി. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ചില ബാങ്കുകളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്താന്‍ നിലവിലുള്ള പിസിഎ നടപടികളിലൂടെ സാധിച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവകാശപ്പെട്ടു.
പൊതുമേഖലയില്‍ നിന്നുള്ള 11 ബാങ്കുകളും ഒരു സ്വകാര്യ മേഖലാ ബാങ്കും ഉള്‍പ്പെടെ മൊത്തം 12 ബാങ്കുകളാണ് കേന്ദ്ര ബാങ്കിന്റെ തിരുത്തല്‍ നടപടികള്‍ക്ക് വിധേയരായിട്ടുള്ളത്. പിസിഎ നടപടിക്രമങ്ങളുടെ ഭാഗമായി വന്‍കിട വായ്പകള്‍ നല്‍കുന്നതിനും ലാഭവിഹിതം വിതരണം ചെയ്യുന്നതിനും ബ്രാഞ്ച് വിപുലീകരണത്തിനുമെല്ലാം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് ചെയ്യുന്നത്.
കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് പിസിഎ മാനദണ്ഡങ്ങള്‍ ലളിതമാക്കണമെന്ന നിര്‍ദേശം കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി എസ് സി ഗാര്‍ഗും ധാനകാര്യ സേവന വിഭാഗം സെക്രട്ടറി രാജിവ് കുമാറും അടങ്ങുന്ന സര്‍ക്കാര്‍ പ്രതിനിധി സംഘം മുന്നോട്ടുവെച്ചത്. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പിസിഎ നടപടികള്‍ക്കുകീഴില്‍ ബാങ്കുകളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെട്ടതിന്റെ കണക്കുകള്‍ നിരത്തികൊണ്ട് കേന്ദ്ര ബാങ്ക് ഉദ്യോഗസ്ഥര്‍ ഈ നിര്‍ദേശത്തെ എതിര്‍ക്കുകയായിരുന്നു.

പിസിഎ മാനദണ്ഡങ്ങള്‍ക്ക് വിധേയമാകുന്ന ബാങ്കുകള്‍ക്ക് പ്രകടനം മെച്ചപ്പെടുത്തുന്നതിന് 8-12 പാദങ്ങളാണ് അനുവദിക്കുന്നത്. ഇത്തരത്തില്‍ മതിയായ സമയം ലഭിച്ച ബാങ്കുകളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെട്ടതായി കാണാം. സാഹസികമായി വന്‍കിട വായ്പകള്‍ നല്‍കുന്നതിനുള്ള അനുവാദം ഇപ്പോള്‍ ഈ ബാങ്കുകള്‍ക്ക് നല്‍കിയാല്‍ എല്ലാ പരിശ്രമങ്ങളെയും അത് നിഷ്ഫലമാക്കുമെന്ന് കേന്ദ്ര ബാങ്ക് വൃത്തങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചു. തിരുത്തല്‍ നടപടികള്‍ നേരിടുന്ന ബാങ്കുകളുടെ നഷ്ടവും നിഷ്‌ക്രിയാസ്തികളും (എന്‍പിഎ) ജൂണ്‍ പാദത്തില്‍ കുറഞ്ഞിട്ടുണ്ടെന്നും ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് ആദ്യം പിസിഎ മാനദണ്ഡങ്ങള്‍ക്ക് വിധേയമായത്, 2014 ഫെബ്രുവരിയില്‍. നടപ്പു വര്‍ഷം മാര്‍ച്ച് പാദത്തില്‍ 1,252 കോടി രൂപയായിരുന്ന ബാങ്കിന്റെ നഷ്ടം ജൂണ്‍ പാദത്തില്‍ 574 കോടി രൂപയായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ബാങ്കിന്റെ എന്‍പിഎ 16,552 കോടി രൂപയില്‍ നിന്നും 15,169 കോടി രൂപയായി കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ ബാങ്കുകളുടെ വായ്പാ വളര്‍ച്ചയില്‍ മികച്ച മുന്നേറ്റമുണ്ടായിട്ടുണ്ടെന്നും കേന്ദ്ര ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭക്ഷ്യേതര വിഭാഗത്തില്‍ നിന്നുള്ള വായ്പയില്‍ 14.5 ശതമാനത്തിന്റെ വായ്പാ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്.

Comments

comments

Categories: FK News
Tags: RBI

Related Articles