മാരുതി സുസുകി ഓമ്‌നി വിട പറയുന്നു

മാരുതി സുസുകി ഓമ്‌നി വിട പറയുന്നു

2020 ഒക്‌റ്റോബറിനുശേഷം ഓമ്‌നി നിര്‍മ്മിക്കില്ലെന്ന് മാരുതി സുസുകി

ന്യൂഡെല്‍ഹി : മാരുതി സുസുകി ഓമ്‌നിയുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നു. ഭാരത് ന്യൂ വെഹിക്കിള്‍സ് സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം പ്രാബല്യത്തിലാകുന്ന 2020 ഒക്‌റ്റോബറിനുശേഷം ഓമ്‌നി നിര്‍മ്മിക്കില്ലെന്ന് മാരുതി സുസുകി സ്ഥിരീകരിച്ചു. 1984 ലാണ് മാരുതി സുസുകി ഓമ്‌നി വിപണിയില്‍ അവതരിപ്പിച്ചത്. 34 വര്‍ഷത്തെ ജീവിത കാലയളവില്‍ രണ്ട് ഫേസ്‌ലിഫ്റ്റുകള്‍ മാത്രമാണ് പുറത്തിറക്കിയത്. 1998 ല്‍ സ്‌ക്വയര്‍ ഹെഡ്‌ലാംപുകളും അല്‍പ്പം വീതിയേറിയ സ്റ്റാന്‍സും നല്‍കി. 2005 ല്‍ മുഖം മിനുക്കിയും പുതിയ ഡാഷ്‌ബോര്‍ഡ് നല്‍കിയുമാണ് മാരുതി സുസുകി ഓമ്‌നി വിപണിയിലെത്തിച്ചത്.

പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുംവിധം നിലവിലെ ചില മോഡലുകള്‍ പരിഷ്‌കരിക്കാന്‍ കഴിയില്ലെന്ന് മാരുതി സുസുകി ഇന്ത്യ ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ വ്യക്തമാക്കി. അത്തരം മോഡലുകളുടെ ഉല്‍പ്പാദനം നിര്‍ത്തേണ്ടതായി വരുമെന്നും അതിലൊന്നാണ് ഓമ്‌നിയെന്നും അദ്ദേഹം അറിയിച്ചു. മാരുതി 800 വളരെ പ്രധാനപ്പെട്ട മോഡല്‍ ആയിരുന്നെങ്കിലും നിര്‍ത്തേണ്ടതായി വന്നുവെന്നും അതേ വഴിയിലാണ് ഓമ്‌നി സഞ്ചരിക്കുന്നതെന്നും ആര്‍സി ഭാര്‍ഗവ പറഞ്ഞു. 0.8 ലിറ്റര്‍, 796 സിസി, 3 സിലിണ്ടര്‍ എന്‍ജിനാണ് മാരുതി സുസുകി ഓമ്‌നിയില്‍ നല്‍കിയിരിക്കുന്നത്. ഈ മോട്ടോര്‍ 35 ബിഎച്ച്പി കരുത്തും 59 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 4 സ്പീഡ് ട്രാന്‍സ്മിഷന്‍ പിന്‍ ചക്രങ്ങളിലേക്ക് പവര്‍ കൈമാറുന്നു. മാരുതി സുസുകി 800 ഇതേ എന്‍ജിനാണ് ഉപയോഗിച്ചിരുന്നത്.

ഫഌറ്റ് ഫ്രണ്ട് ആയതാണ് വിപണിയില്‍ തുടരുന്നതിന് മാരുതി സുസുകി ഓമ്‌നിക്ക് തടസ്സമാകുന്നത്. കൂട്ടിയിടി സംഭവിക്കുന്നപക്ഷം ആഘാതം കുറയ്ക്കുന്നതിന് ക്രംപിള്‍ സോണുകള്‍ ഓമ്‌നിയില്‍ സ്ഥാപിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ 2020 ല്‍ പ്രാബല്യത്തിലാകുന്ന പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കാനുമാകില്ല. ഈക്കോ വാന്‍, എന്‍ട്രി-ലെവല്‍ ഓള്‍ട്ടോ 800 ഹാച്ച്ബാക്ക് എന്നീ മോഡലുകളും സമാനമായ ഭീഷണി നേരിടുന്നു. എന്നാല്‍ ഈ വാഹനങ്ങളുടെ രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം പ്രവര്‍ത്തിച്ചുവരികയാണെന്നും പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ഈ വാഹനങ്ങളെ പ്രാപ്തമാക്കുമെന്നും ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Auto