മാറ്റങ്ങളുടെ പാതയില്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ്

മാറ്റങ്ങളുടെ പാതയില്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ്

സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഷോപ്പിംഗ് അനുഭവങ്ങളുടെ വിസ്മയലോകത്താണ് ഇന്ന് ഇന്ത്യന്‍ വിപണി. വീട്ടിലും ഓഫീസിലും യാത്രക്കിടയിലുമൊക്കെ മനസിലേക്ക് കടന്നു വരുന്ന ആഗ്രഹങ്ങള്‍ അപ്പപ്പോള്‍ നിവൃത്തിക്കുന്ന അത്ഭുത വിളക്കുകളായി ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. മൊബീല്‍ സാങ്കേതിക വിദ്യയുടെ പരിണാമത്തിനൊപ്പമാണ് ഇ-കൊമേഴ്‌സ് വിപ്ലവവും വളര്‍ന്നു വികസിക്കുന്നത്. ദ്രുതഗതിയിലുള്ള കൂടുതല്‍ സാങ്കേതിക മുന്നേറ്റങ്ങള്‍ കൂടി പടിവാതില്‍ക്കലെത്തി നിലയുറപ്പിച്ചിരിക്കുന്നു. ഇ-കൊമേഴ്‌സില്‍ ഇന്ത്യയുടെ ഭാവി ശോഭനമാണ്.

 

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നെടും തൂണാണ് നമ്മുടെ യുവത്വം നിറഞ്ഞ ജനതയും ജീവിത വൈജാത്യങ്ങളും. ഇന്ത്യ പോലുള്ള ഒരു ഉപ ഭൂഖണ്ഡത്തില്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ അതാതിടങ്ങളിലെ തനത് സംസ്‌കാരം കൊണ്ടും കാലാവസ്ഥാ വ്യതിയാനം കൊണ്ടും ഏറെ വ്യത്യസ്തമായി നമുക്ക് അനുഭവപ്പെടും. സാംസ്‌കാരിക തനിമ നില നിര്‍ത്തുന്നതോടൊപ്പം ലോകത്തെ വിശാലമായി നോക്കിക്കാണാനും അതിനനുസരിച്ചു വ്യത്യസ്തതകള്‍ മനസ്സിലാക്കാനും നമ്മുടെ ജീവിത രീതിക്കു കഴിയുന്നു. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ടെക്‌നോളജിയുടെ വളര്‍ച്ചക്കൊപ്പം നാടിന്റെ ഏതു കോണില്‍ നിന്നു കൊണ്ടും എവിടേക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ക്രയവിക്രയം ചെയ്യാന്‍ ഉതകുമാറ് നമ്മുടെ വ്യവസായങ്ങള്‍ വളര്‍ന്നു കഴിഞ്ഞു. ഇന്ന് ഇന്റര്‍നെറ്റ് ടെക്‌നോളജി കടന്നു ചെല്ലാത്ത വീടുകള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാവും ഒറ്റ വാക്കിലുള്ള ഉത്തരം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഇല്ലാത്ത ഒരു ദിനത്തെക്കുറിച്ച് ആലോചിക്കാന്‍ കഴിയാത്ത രീതിയില്‍ ടെക്‌നോളജി, നമ്മുടെ ജീവിതവുമായി ഇടപഴകി കഴിഞ്ഞു. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ഇന്ന് എല്ലാവര്‍ക്കും സ്വന്തം വീട്ടില്‍ ഇരുന്നു തന്നെ ഓര്‍ഡര്‍ ചെയ്യാനും അത് വീട്ടില്‍ എത്തിക്കാനും സംവിധാനങ്ങള്‍ ആയി കഴിഞ്ഞു.

ഇന്റര്‍നെറ്റ് ടെക്‌നോളജി ഉപയോഗപ്പെടുത്തി നാം വസ്തുക്കള്‍ വാങ്ങുമ്പോള്‍ നമ്മുടെ പല വിവരങ്ങളും അതോടൊപ്പം കൈമാറ്റം ചെയ്യപ്പെടുന്നു എന്ന കാര്യം മറക്കരുത്. ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ് നാം നടത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക സംവിധാനം, നാം അറിയാതെ പല കാര്യങ്ങളും മനസ്സിലാക്കി എടുക്കും. പര്‍ച്ചേസ് ചെയ്യുന്ന വ്യക്തി, സ്ഥലം, സമയം, വയസ്സ്, ജോലി, പര്‍ച്ചേസ് ചെയ്യുമ്പോള്‍ നിങ്ങള്‍ ബ്രൗസ് ചെയ്ത മറ്റുല്‍പ്പന്നങ്ങള്‍, ഇഷ്ടപ്പെട്ട നിറം, ബ്രാന്‍ഡ്, താല്‍പര്യമുള്ള വില നിലപാരം, പരസ്യങ്ങളിലുള്ള താല്‍പ്പര്യം, വാങ്ങുന്ന വസ്തുവിന്റെ സസവിശേഷതകള്‍ അങ്ങനെ അങ്ങനെ നൂറുകണക്കിന് വിവരങ്ങള്‍ നമ്മളോടു തിരക്കാതെ തന്നെ അവര്‍ക്കു ലഭിക്കും. ഇതിന്റെ ഒരു ഗുണവശം എന്താണെന്നാല്‍ വീണ്ടും ആ കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിംഗിനു വേണ്ടി ഈ വിവരങ്ങള്‍ ഉപകാരപ്പെടുത്താനാവുമെന്നതും അടുത്ത തവണ വളരെ എളുപ്പത്തിലും വേഗത്തിലും അത് വില്‍ക്കാന്‍ സാധിക്കും എന്നതുമാണ്.

ഇതിന്റെ മറുവശം കൂടി നമുക്ക് നോക്കാം. സാധാരണയായി നമ്മള്‍ പുറത്തു ഷോപ്പിംഗിനു പോവുമ്പോള്‍ ആദ്യം അതിനു സമയം കണ്ടെത്തണം, തുടര്‍ന്ന് അവിടേക്ക് യാത്ര, വണ്ടി ചെലവ്, പാര്‍ക്കിങ്, ഷോപ്പില്‍ ഉള്ള ഉല്‍പ്പന്നങ്ങളുടെ വൈവിധ്യക്കുറവ്, വില താരതമ്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥ അങ്ങനെ കുറെ വിഷയങ്ങള്‍ പിന്നാലെ വരും. എന്നാലും സാധനങ്ങള്‍ അതേപടി നോക്കിക്കണ്ട് ഉറപ്പു വരുത്തി വാങ്ങാം എന്നൊരു വലിയ ഗുണവും ഇതിനുണ്ട്.

പലപ്പോഴും ഓണ്‍ലൈന്‍ ആയി നാം സാധനങ്ങള്‍ വാങ്ങുമ്പോള്‍ വില വളരെ കുറയുന്നതായി നമുക്ക് തോന്നും. കാരണം ഇവിടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഒരു കമ്മീഷന്‍ ഏജന്റ് / മീഡിയേറ്റര്‍ ആയി വില്‍പ്പനക്കാരന്റെയും ഉപഭോക്താവിന്റെയും ഒപ്പം നില്‍ക്കുന്നു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ /സ്ഥാപനം ഒരു അഡ്മിന്‍ ആയി ഓര്‍ഡര്‍, വില്‍പ്പന, ചരക്ക് കൈമാറ്റം, പണം കൈമാറല്‍ ഇടപാടുകള്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്നു എന്ന് മാത്രം. വില്‍പ്പനക്കാരന്‍ നിബന്ധനകള്‍ക്കു വിധേയമായി കൃത്യതയോടെ പ്രവര്‍ത്തിക്കണം എന്ന് മാത്രം. ഇല്ല എങ്കില്‍ അവര്‍ക്കു നിയമപരമായ തടസ്സങ്ങള്‍ നേരിടേണ്ടി വരും. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ നമുക്ക് കുറെ ബാധ്യതകള്‍ ഒഴിവാക്കാനും കഴിയും. പരമ്പരാഗത രീതിയില്‍ പലപ്പോഴും മുറി വാടക, ശമ്പളം, വൈദ്യുതി ചെലവ്, മറ്റ് ആഡംബര ബാധ്യതകള്‍ എന്നിവയെല്ലാം പ്രവര്‍ത്തന ചെലവ് കൂട്ടുകയും തന്മൂലം വില്‍ക്കുന്ന വസ്തുക്കള്‍ക്ക് ആനുപാതികമായി വില വര്‍ദ്ധനവിന് കാരണമാവുകയും ചെയ്യാറുണ്ട്.

മിക്കവാറും എല്ലാ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് തങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് / സേവനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ടെക്‌നോളജിയിലൂടെ കൂടുതല്‍ പ്രചാരം നല്‍കാന്‍ കമ്പനികള്‍ ആവേശത്തോടെ മുന്നോട്ടു വരുന്നുണ്ട്. പുതുതായി വരുന്ന സ്ഥാപനങ്ങളൊക്കെ തങ്ങളുടെ സാന്നിധ്യം ഓണ്‍ലൈന്‍ മുഖാന്തരം അറിയിക്കുന്നു.

അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഒരു പക്ഷെ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി വലിയ മാറ്റങ്ങള്‍ക്കു വേദിയാകും. ഇപ്പോള്‍ ഉള്ള എല്ലാ സൗകര്യങ്ങളും പരിഷ്‌കരിക്കാനും കൂടുതല്‍ സേവനങ്ങള്‍ നല്‍കി മുന്നേറ്റത്തിന് വേഗം കൂട്ടാനും ഇന്റര്‍നെറ്റ് ടെക്‌നോളജിയും അതിന്റെ അണിയറ പ്രവര്‍ത്തകരും രാപകല്‍ ഇല്ലാതെ പരിശ്രമിക്കുന്നുണ്ട്. ഇനിയുള്ള കാലം കൂടുതല്‍ വ്യത്യസ്തതകളോടെയും പുതുമകളോടെയും ഓണ്‍ലൈന്‍ വിപണി ഉപഭോക്താവിന്റെ അടുത്തേക്ക് എത്തുമെന്നുറപ്പാണ്. വിര്‍ച്വല്‍ റിയാലിറ്റിയാണ് ഇതില്‍ ഏറ്റവും പുതിയ പ്രതിഭാസം. നിങ്ങള്‍ക്ക് സമയാസമയം ഡിസ്‌കൗണ്ട് ഓഫറുകളും ഉല്‍പ്പന്നത്തിന്റെ ഡെലിവറി സംബന്ധിച്ച വിവരങ്ങളുമെല്ലാം ഇതുമൂലം ലഭിക്കും. കൈയിലിരിക്കുന്ന മൊബീലിലേക്ക് എല്ലാം എത്തുന്ന കാലമാണ്. സ്ഥിരമായി വാങ്ങുന്ന വസ്തുക്കളുടെ വിവരങ്ങളും ഏറ്റവും മികച്ച ഓഫറുകളുമെല്ലാം വിവിധ മാര്‍ഗങ്ങളിലൂടെ നമ്മളിലേക്ക് എപ്പോഴും എത്തിക്കൊണ്ടിരിക്കും. 3ഡി ഇമേജുകളുടെ സാധ്യതയും ഷോപ്പിംഗിനെ അടുത്ത തലത്തിലേക്ക് എത്തിക്കും. ഉദാഹരണത്തിന്, വാങ്ങാനുദ്ദേശിക്കുന്ന ഒരു വാച്ച് നിങ്ങളുടെ കൈയ്യില്‍ ധരിച്ചാല്‍ എങ്ങനെയുണ്ടാവുമെന്ന് നിങ്ങള്‍ക്ക് മൊബീല്‍ 3ഡി ആന്‍ഡ് ടച്ച് എഫക്റ്റിലൂടെ അനുഭവിച്ചറിയാനാവും. മറ്റൊരു പ്രധാന മുന്നേറ്റം ശബ്ദം ഉപയോഗിച്ച് വസ്തുക്കള്‍ ഓണ്‍ലൈനായി പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കുമെന്നതാണ്. ഓരോ ഉപഭോക്താവിന്റെയും താല്‍പ്പര്യങ്ങള്‍ അനുസരിച്ച് ശബ്ദങ്ങള്‍ ക്രോഡീകരിച്ചു വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

ഓണ്‍ലൈന്‍ വ്യവസായം സ്ഥാപനങ്ങള്‍ മാത്രമല്ല സര്‍ക്കാരിനും എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ കഴിയും എന്നതാണ് മറ്റൊരു വലിയ ഗുണം. ജിഎസ്ടി പോലെയുള്ള നികുതികള്‍ കൃത്യമായി ലഭിക്കാന്‍ ഇത് സഹായിക്കുന്നു. മറ്റൊരു വലിയ മാറ്റമാണ് ആളില്ലാ ചെറു വിമാനമായ ഡ്രോണ്‍ ഉപയോഗിച്ചുള്ള ഡെലിവറി സംവിധാനം. ജപ്പാന്‍, ചൈന പോലുള്ള രാജ്യങ്ങള്‍ ഇത്തരം ഡെലിവറി സംവിധാനങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞു. ഡ്രോണ്‍ ഉപയോഗിച്ചു ഡെലിവറി ചെയ്യുമ്പോള്‍ കൃത്യമായി ലക്ഷ്യ സ്ഥാനത്ത് അത് എത്തിക്കാനും ചരക്കുനീക്കത്തിന്റെ ചെലവ് വളരെ കുറക്കാനും കഴിയും.

ഇന്ത്യയില്‍ ഇനി വരാനിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ ഇത്തരം മാറ്റങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ ഉള്‍ക്കൊണ്ടും ഉപഭോക്താവിന് ഏറ്റവും കുറഞ്ഞ ചെലവില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ഉതകുന്ന വിധവും ആയിരിക്കും. ഇന്ത്യന്‍ ഇന്റര്‍നെറ്റ് വിപണി 2020 ആവുമ്പോഴേക്കും 125 ബില്യണ്‍ ഡോളറില്‍ നിന്നും 250 ബില്യണ്‍ ഡോളറായി വളരും. സ്മാര്‍ട്ട് ഫോണുകളുടെ വളര്‍ച്ചയും ഗവണ്മെന്റ് നേതൃത്വം കൊടുക്കുന്ന ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ ആന്‍ഡ് ഇന്നൊവേഷന്‍ ഫണ്ട് എന്നീ പദ്ധതികളും ഇന്ത്യന്‍ വിപണിയെ വളരെയധികം സ്വാധീനിക്കും. 2034 ആവുമ്പോഴേക്കും ഇ-കൊമേഴ്‌സ് വിപണിയില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി ലോകത്തെ രണ്ടാം സ്ഥാനം അലങ്കരിക്കും. കൂടുതല്‍ വിദേശ നാണ്യം നേടിത്തരാനും കൂടുതല്‍ ആളുകള്‍ക്കു തൊഴില്‍ നല്‍കാനും ഈ സാഹചര്യം ഉപകാരപ്പെടും.

പ്രമുഖ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും സ്ഥാപിച്ച വര്‍ഷവും

ഫ്ലിപ്കാർട്ട് 2007
ആമസോണ്‍ ഇന്ത്യ 2012
നൈകാ.കോം 2012
ഇന്ത്യാമാര്‍ട്ട് 1996
സ്‌നാപ്ഡീല്‍ 2010
പേയു 2002
പേടിഎം 2010
മേക്ക്‌മൈട്രിപ്പ് 2000
ജസ്റ്റ്‌ ഡയല്‍ 1996
മിന്ത്ര 2007

Ameer Sha Pandikkad
Investment Research & Marketing Consultant
Managing Director: Speedoclub Retail
Mobile: 85 4748 4769

Comments

comments

Categories: FK Special, Slider
Tags: e- commerce