വിദേശനിക്ഷേപം ഖത്തറിലേക്ക്, നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍

വിദേശനിക്ഷേപം ഖത്തറിലേക്ക്, നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍

നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി 300 കോടി ഡോളറിന്റെ പ്രത്യേക ഫണ്ട്

ദോഹ: സാമൂഹ്യ, സാമ്പത്തിക നയങ്ങളിലും മാധ്യമസ്വാതന്ത്ര്യത്തിലും ഉള്‍പ്പെടെ ഖത്തര്‍ നടപ്പാക്കി വരുന്ന പുതിയ പരിഷ്‌കാര നടപടികള്‍ രാജ്യത്തേക്ക് കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ സഹായകമാകുമെന്ന് റിപ്പോര്‍ട്ട്. സൗദിയിലേക്കായിരുന്നു നിക്ഷേപകര്‍ കൂടുതലായി കണ്ണുവെച്ചിരുന്നതെങ്കിലും അടുത്തിടെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി പ്രതിക്കൂട്ടിലായതോടെ റിയാദില്‍ നിന്നും ദോഹയിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ പതിയുന്നതായും വിലയിരുത്തപ്പെടുന്നു.

സ്റ്റാര്‍ട്ടപ്പുകളും ഏറെ ആകര്‍ഷിക്കപ്പെടുന്നത് ഖത്തറിലേക്കാണ്. അടുത്തിടെ സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ടില്‍ നിന്നും 45 ബില്യണ്‍ ഡോളര്‍ ആകര്‍ഷിക്കാനായത് സര്‍ക്കാരിന്റെ മികച്ച നേട്ടമായി പ്രഗല്‍ഭര്‍ വിലയിരുത്തുന്നു. കഴിഞ്ഞവര്‍ഷം ഖത്തര്‍ അഭിമുഖീകരിച്ചിരുന്ന ഉപരോധ നടപടികളില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പായി ഇതിനെ കാണാനാകും.

നിലവില്‍ ഖത്തറിലെ ദ്രവീകൃത പ്രകൃതി വാതക നിര്‍മാണം 77 മില്യണ്‍ ടണ്‍ ആണ്. ഇത് 2024 ഓടുകൂടി 110 മില്യണ്‍ ടണ്ണാക്കി മാറ്റാനുള്ള രാജ്യത്തിന്റെ തീരുമാനം മേഖലയിലേക്ക് കൂടുതല്‍ വരുമാനം എത്തിക്കാന്‍ സഹായിക്കും. ഇതുവഴി ലഭിക്കുന്ന അധിക വരുമാനം 40 ബില്യണ്‍ ഡോളറാണ്. 2022 ല്‍ നടക്കുന്ന സോക്കര്‍ ലോകകപ്പാണ് മറ്റൊരു ആകര്‍ഷണം. സൗദി ശൈലിയില്‍ നിന്നും തീര്‍ത്തും വിഭിന്നമായി ഖത്തര്‍ കണ്ണുവെക്കുന്നത് സ്ഥിരതയാര്‍ന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ വികസന പദ്ധതികളാണ്. വാതകം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ നിര്‍മാണരീതികളും ആലോചിച്ചു വരുന്നുണ്ട്.

വിദേശനിക്ഷേപകര്‍ക്ക് സൗദിക്ക് മേലെയുള്ള ആശങ്കകള്‍ ഫലത്തില്‍ ഗുണം ചെയ്യുന്നത് ഖത്തറിനാണ്. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ഖത്തര്‍ 300 കോടി ഡോളറിന്റെ പ്രത്യേക ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദോഹയില്‍ തുടങ്ങുന്ന സാമ്പത്തിക മേഖലയിലേക്കാണ് പ്രധാനമായും നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. നിക്ഷേപത്തിന് എത്തുന്ന കമ്പനികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി നിലവില്‍ പ്രഖ്യാപിച്ച 300 കോടി ഡോളറിനു പുറമെ 200 കോടി കൂടി അനുവദിക്കുമെന്നും ഖത്തര്‍ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഖത്തര്‍ എയര്‍വേസും അവരുടെ സേവന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2022 ഓടുകൂടി 250 നഗരങ്ങളിലേക്കു കൂടി സര്‍വീസ് നടത്താനാണ് എയര്‍വേസിന്റെ നീക്കം.

ക്രഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഖത്തറിന്റെ വളര്‍ച്ച എടുത്തു കാണിക്കുന്നുണ്ട്. ഇതു വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും. മുമ്പ് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ മൂഡീസിന്റെ റേറ്റിംഗും കുറഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഖത്തറിലെ കയറ്റുമതിയും ഗണ്യമായി വര്‍ധിച്ചിരുന്നു. ഈ മാസം മാത്രം 2641 കോടി റിയാലിന്റെ കയറ്റുമതിയാണ് രാജ്യത്തുണ്ടായത്. ഇന്ത്യയ്ക്കു പുറമേ ദക്ഷിണ കൊറിയ, ചൈന, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിങ്ങളിലേക്കാണ് ഖത്തറിന്റെ പ്രധാന കയറ്റുമതി.

Comments

comments

Categories: Arabia
Tags: investment, Qatar