കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ പുതിയ താരോദയം; ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ പുതിയ താരോദയം; ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ്

2020 ല്‍ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാം

ആംസ്റ്റര്‍ഡാം : ഫോക്‌സ്‌വാഗണിന്റെ പുതിയ കോംപാക്റ്റ് എസ്‌യുവിയായ ടി-ക്രോസ് ആംസ്റ്റര്‍ഡാമില്‍ നടന്ന ചടങ്ങില്‍ അനാവരണം ചെയ്തു. ഫോക്‌സ്‌വാഗണ്‍ നിരയില്‍ ടി-റോക്കിന് താഴെയായിരിക്കും ടി-ക്രോസിന് സ്ഥാനം. ഫോക്‌സ്‌വാഗണിന്റെ ആദ്യ ചെറിയ എസ്‌യുവിയാണ് ടി-ക്രോസ്. ഹ്യുണ്ടായ് ക്രെറ്റ, നിസാന്‍ കിക്ക്‌സ്, റെനോ കാപ്ചര്‍ തുടങ്ങിയ പ്രഗല്‍ഭരാണ് സെഗ്‌മെന്റില്‍ ടി-ക്രോസിന്റെ എതിരാളികള്‍. ആഗോളതലത്തില്‍ രണ്ട് വേര്‍ഷനുകളില്‍ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ് ലഭിക്കും. യൂറോപ്യന്‍ വിപണിയില്‍ ഷോര്‍ട്ട് വീല്‍ബേസ് വേര്‍ഷന്‍ വില്‍ക്കുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ ലോംഗ് വീല്‍ബേസ് വേര്‍ഷന്‍ അവതരിപ്പിക്കും. 2020 ല്‍ ടി-ക്രോസ് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

എംക്യുബി എ0 പ്ലാറ്റ്‌ഫോമിലാണ് യൂറോ-സ്‌പെക് ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ് നിര്‍മ്മിക്കുന്നത്. 4.11 മീറ്ററാണ് നീളം. എന്നാല്‍ ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെത്തുന്ന ലോംഗ് വീല്‍ബേസ് വേര്‍ഷന്റെ നീളം 4.19 മീറ്ററായിരിക്കും. ലോംഗ് വീല്‍ബേസ് വേര്‍ഷന്റെ വീല്‍ബേസ് 2.65 മീറ്ററും ഉയരം 1.56 മീറ്ററുമാണ്. നീളം കൂടിയതിനാല്‍ കാബിനില്‍ കൂടുതല്‍ സ്ഥലസൗകര്യം കാണും. മാത്രമല്ല, രണ്ടാം നിരയില്‍ ലെഗ്‌റൂം കൂടുതലായിരിക്കും. ബൂട്ട് സ്‌പേസ് വര്‍ധിക്കും.

സ്മാര്‍ട്ട്, അര്‍ബന്‍ രൂപകല്‍പ്പനയാണ് ഫോക്‌സ്‌വാഗണ്‍ ടി-ക്രോസിന് നല്‍കിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളിലേക്കുള്ള മോഡലില്‍ വീതിയേറിയ ഹെഡ്‌ലാംപുകളും ഗ്രില്ലും കാണാം. ഗ്രില്ലിന് താഴെയുള്ള ക്രോം ലൈന്‍ ആകര്‍ഷകമാണ്. ബംപറുകളില്‍ കറുത്ത ക്ലാഡിംഗ്, ഫോ അലുമിനിയം പാനലുകള്‍ എന്നിവ ലഭിച്ചിരിക്കുന്നു. പിന്‍വശത്ത് എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ നല്‍കി. ആംബിയന്റ് ലൈറ്റിംഗ്, 10.2 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് പാര്‍ക്ക് അസിസ്റ്റ്, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ് തുടങ്ങിയവയാണ് ഫീച്ചറുകള്‍. ഡ്രൈവ് മോഡ് സെലക്ടര്‍ ഉണ്ടായിരിക്കും.

1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് ഫോക്‌സ്‌വാഗണ്‍ ടി-ക്രോസില്‍ സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നത്. 94 ബിഎച്ച്പി, 114 ബിഎച്ച്പി എന്നിങ്ങനെ രണ്ട് വേര്‍ഷനുകളില്‍ ഈ എന്‍ജിന്‍ ലഭിക്കും. 94 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ-ഡീസല്‍ എന്‍ജിനാണ് മറ്റൊരു ഓപ്ഷന്‍. കൂടുതല്‍ കരുത്തുറ്റ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ വൈകാതെ നല്‍കും. എന്‍ജിനുകള്‍ക്കനുസരിച്ച് 5 സ്പീഡ് മാന്വല്‍, 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡുവല്‍ ക്ലച്ച് എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. എല്ലാ വേര്‍ഷനുകളും ഫ്രണ്ട് വീല്‍ ഡ്രൈവാണ്.

Comments

comments

Categories: Auto