ആഗോള വിമാനയാത്രികരുടെ എണ്ണം ഇരട്ടിയാകും: അയാട്ട

ആഗോള വിമാനയാത്രികരുടെ എണ്ണം ഇരട്ടിയാകും: അയാട്ട

ഇന്ത്യ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയാകും

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ വിമാന യാത്രികരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ച് 2037 ആകുമ്പോഴേക്കും 8.2 ബില്യണ്‍ ആകുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍(അയാട്ട) പ്രവചിക്കുന്നു. ഏഷ്യാ-പസഫിക് മേഖലയാണ് വളര്‍ച്ചയെ നയിക്കുകയെന്നും അയാട്ട വ്യക്തമാക്കുന്നു. അടുത്ത രണ്ട് ദശാബ്ദങ്ങളില്‍ വ്യോമയാന മേഖലയിലുണ്ടാകുന്ന വളര്‍ച്ച ലോകത്താകമാനം 100 മില്യണ്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അയാട്ട പ്രവചിക്കുന്നു. 2024 ഓടെ ഇന്ത്യ യുകെ യെ മറികന്ന് വ്യോമയാന വിപണിയില്‍ ഇന്ത്യ മൂന്നാം സ്ഥാനം കരസ്ഥമാക്കുമെന്നും അയാട്ട പ്രതീക്ഷിക്കുന്നു.

അടുത്ത 20 വര്‍ഷത്തിലെ പുതിയ യാത്രക്കാരുടെ എണ്ണത്തില്‍ പകുതിയിലധികവും സംഭാവന ചെയ്യുന്നത് ഏഷ്യ-പസഫിക് മേഖലയായിരിക്കും. സാമ്പത്തിക വളര്‍ച്ച ശക്തമായ നിലയില്‍ തുടരുന്നതും ഉയരുന്ന കുടുംബ വരുമാനവും ജനസംഖ്യയിലുണ്ടാകുന്ന വര്‍ധനവും വ്യോമയാന മേഖലയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളാണെന്ന് അയാട്ട ചൂണ്ടിക്കാണിക്കുന്നു. സംരക്ഷണവാദ നയങ്ങള്‍ ആഗോളതലത്തില്‍ വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്ക് വെല്ലുവിളിയുണര്‍ത്തുന്നതായി അയാട്ട പ്രസ്താവനയില്‍ പറയുന്നു. യാത്രക്കാരുടെ എണ്ണം 4.1 ബില്യണില്‍ നിന്നും പ്രതിവര്‍ഷം ശരാശരി 3.5 ശതമാനം വളര്‍ച്ച പ്രകടമാക്കുമെന്നാണ് അയാട്ട നിരീക്ഷിക്കുന്നത്.

2020 പകുതിയാകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ വ്യോമയാന വിപണിയെന്ന സ്ഥാനം യുഎസിനെ മറികടന്ന് ചൈന സ്വന്തമാക്കും. 2017 ല്‍ ലോകത്തെ മികച്ച വ്യോമയാന വിപണികളില്‍ പത്താം സ്ഥാനത്തുള്ള ഇന്തോനേഷ്യ 2030 ആകുമ്പോഴേക്കും മികച്ച പ്രകടനം കാഴ്ചവെച്ച് നാലാം സ്ഥാനത്തേക്കെത്തുമെന്നും അയാട്ട പ്രവചിക്കുന്നു. ഏറ്റവും മികച്ച വളര്‍ച്ച പ്രകടമാക്കുന്ന ഇന്തോനേഷ്യയാണ്. 2030 ഓടെ തായ്‌ലന്‍ഡ് പത്ത് മികച്ച വ്യോമയാന വിപണികളുടെ പട്ടികയില്‍ ഉള്‍പ്പെടുമെന്നും ഇറ്റലിക്ക് ആദ്യ പത്തില്‍ നിന്നുള്ള സ്ഥാനം നഷ്ടമാകുമെന്നും അയാട്ട കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: IATA