90 ദശലക്ഷം വായനക്കാരെ സ്വന്തമാക്കി ആപ്പിള്‍ ന്യൂസ് ആപ്പ്

90 ദശലക്ഷം വായനക്കാരെ സ്വന്തമാക്കി ആപ്പിള്‍ ന്യൂസ് ആപ്പ്

ടെക് ലോകത്തെ വമ്പനാണ് ആപ്പിള്‍. മൂന്ന് വര്‍ഷം മുന്‍പ് ആപ്പിള്‍ അവതരിപ്പിച്ച ന്യൂസ് ആപ്പ് ഇന്ന് 90 ദശലക്ഷം വായനക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് ടൈംസ്, സിഎന്‍എന്‍, ബസ് ഫീഡ് തുടങ്ങിയ മാധ്യമങ്ങളുമായി സഹകരിച്ചാണു ന്യൂസ് ആപ്പ് സേവനം ലഭ്യമാക്കുന്നത്. ആപ്പിളിന്റെ ന്യൂസ് ആപ്പ് പോലെ സമാനമായ സംവിധാനം ഗൂഗിളിനും ഫേസ്ബുക്കിനുമുണ്ട്. എന്നാല്‍ ഒരു കാര്യത്തില്‍ ആപ്പിള്‍ ഇവിടെ വ്യത്യസ്തരാണ്. ആപ്പിള്‍ ന്യൂസ് ആപ്പ് പ്രവര്‍ത്തിക്കുന്നത് അല്‍ഗോരിഥത്തിന്റെ സഹായത്തോടെയല്ല, പകരം ലോറന്‍ കേണ്‍ എന്ന 43-കാരിയുടെ നേതൃത്വത്തിലുള്ള ടീമാണ് ന്യൂസ് ആപ്പിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. അല്‍ഗോരിഥം ഉപയോഗിക്കുമ്പോള്‍ വ്യാജ വാര്‍ത്തകള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ടെന്നാണ് ആപ്പിള്‍ കണ്ടെത്തിയിരിക്കുന്നത്.

പരമ്പരാഗത മാധ്യമ സ്ഥാപനങ്ങള്‍ വായനക്കാരെ ആകര്‍ഷിക്കാന്‍ ആധുനിക സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുമ്പോള്‍ ടെക്‌നോളജി ഭീമനായ ആപ്പിള്‍, പുതുതായി ആരംഭിച്ച ന്യൂസ് ആപ്പിലൂടെ 90 ദശലക്ഷം വായനക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്. അതും ആധുനിക ടെക്‌നോളജിയൊന്നും ഉപയോഗിക്കാതെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അല്‍ഗോരിഥമോ, മെഷീനുകളോ ഉപയോഗിക്കാതെ, മനുഷ്യന്റെ മേല്‍നോട്ടത്തിലാണു ന്യൂസ് ആപ്പില്‍ വാര്‍ത്തകള്‍ ക്രമീകരിക്കുന്നത്. ഗൂഗിളും, ഫേസ്ബുക്കും വാര്‍ത്താ സേവനവിഭാഗത്തില്‍ ഉയര്‍ന്നുവന്നത് അല്‍ഗോരിഥത്തിന്റെ സഹായത്തോടെയാണ്. ഉപയോക്താക്കളെ ആകര്‍ഷിക്കുകയും അവരെ കൊണ്ട് ന്യൂസ് ലിങ്കുകള്‍ ക്ലിക്ക് ചെയ്യിക്കുകയും ചെയ്യുന്ന വിധം ഡിസൈന്‍ ചെയ്‌തെടുത്തിട്ടുള്ളവയാണു അല്‍ഗോരിഥങ്ങള്‍. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാനിടയാകുമെന്നത് അല്‍ഗോരിഥങ്ങളുടെ ഒരു ന്യൂനതയായി കണക്കാക്കപ്പെടുന്നുണ്ട്.
ആപ്പിളിന്റെ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റമായ ഐഒഎസിലും, മാക് ഒഎസിലുമാണ് ആപ്പിള്‍ ന്യൂസ് എന്ന ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നത്. ആപ്പിള്‍ ന്യൂസ് എന്ന ആപ്പ് ഒരു ന്യൂസ് അഗ്രിഗേറ്ററായിട്ടാണ് ആപ്പിള്‍ വികസിപ്പിച്ചെടുത്തത് മൂന്ന് വര്‍ഷം മുന്‍പാണ്. അന്ന് ഐഒഎസ് 9 ന്റെ ഒപ്പമാണ് ന്യൂസ് ആപ്പ് ലോഞ്ച് ചെയ്തത്. ഒരാള്‍ക്കു പെട്ടെന്ന് അവലോകനം ചെയ്യാന്‍ പാകത്തില്‍ വാര്‍ത്തകള്‍, ബ്ലോഗുകള്‍, പോഡ്കാസ്റ്റുകള്‍, വീഡിയോ ബ്ലോഗുകള്‍ തുടങ്ങിയവ ലഭ്യമാക്കുന്ന വെബ് ആപ്ലിക്കേഷനെയാണു ന്യൂസ് അഗ്രഗേറ്റര്‍ എന്നു വിളിക്കുന്നത്. ഫീഡ് അഗ്രഗേറ്റര്‍, ന്യൂസ് റീഡര്‍, ഫീഡ് റീഡര്‍ തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. ആപ്പിള്‍ ന്യൂസില്‍ സിഎന്‍എന്‍, ദി ന്യൂയോര്‍ക്ക് ടൈംസ്, ബസ് ഫീഡ് തുടങ്ങിയ മാധ്യമങ്ങളില്‍നിന്നുള്ള വാര്‍ത്തകളും, ലേഖനങ്ങളുമായിരിക്കും ലഭിക്കുക. ആപ്പിള്‍ ന്യൂസിന്റെ ചുമതല ലോറന്‍ കേണ്‍ എന്ന 43-കാരിക്കാണ്. ആപ്പിള്‍ ന്യൂസിന്റെ ന്യൂസ് എഡിറ്റര്‍ സ്ഥാനമാണ് അവര്‍ക്ക്. ന്യൂയോര്‍ക്ക് മാഗസിന്റെ മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു ലോറന്‍ കേണ്‍.

ആപ്പിള്‍ ന്യൂസിന്റെ ലക്ഷ്യം

ഇന്നു വേഗതയ്ക്കാണ് എല്ലാവരും പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ആപ്പിള്‍ ഇവിടെ വ്യത്യസ്തമാവുകയാണ്. വേഗതയെക്കാള്‍ കൃത്യതയ്ക്കു മുന്‍ഗണന നല്‍കി കൊണ്ട് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ ഒഴിവാക്കുകയെന്നതാണ് ആപ്പിള്‍ ന്യൂസ് ലക്ഷ്യമിടുന്നത്. ആപ്പിള്‍ ന്യൂസിനു സമാനമായ സേവനം ഫേസ്ബുക്കും, ഗൂഗിളും നല്‍കുന്നുണ്ട്. അവരൊക്കെ പക്ഷേ, അല്‍ഗോരിഥത്തെ ആശ്രയിച്ചാണ് ഈ സേവനം നല്‍കുന്നത്. അതു കൊണ്ടു തന്നെ വ്യാജ വാര്‍ത്തകള്‍ കടന്നു കൂടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഫേസ്ബുക്ക് അല്‍ഗോരിഥം, മെഷീന്‍ എന്നിവയെ ഒഴിവാക്കിയിരിക്കുകയാണ്. പകരം, ലോറന്‍ കേണ്‍ എന്ന 43-കാരിയുടെ നേതൃത്വത്തിലുള്ള ടീമാണ് ആപ്പിള്‍ ന്യൂസിലേക്ക് വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നത്. സിഡ്‌നി, ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ലോറന്റെ ടീമിലുണ്ട്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ സിഎന്‍എന്‍, ദി ന്യൂയോര്‍ക്ക് ടൈംസ്, ബസ് ഫീഡ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുമായി ആപ്പിള്‍ ന്യൂസ് സഹകരിക്കുന്നുണ്ട്. ന്യൂസ് ആപ്പിലേക്ക് ഒരു ദിവസം ഒരു പബ്ലിഷറില്‍നിന്നും 100 മുതല്‍ 200 വരെ ലേഖനങ്ങളും വാര്‍ത്തകളും തെരഞ്ഞെടുക്കാറുണ്ട്. ന്യൂസ് ആപ്പിലേക്ക് വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നതില്‍ ആപ്പിള്‍ സ്വീകരിച്ചിരിക്കുന്ന ശ്രദ്ധാപൂര്‍വകമായ സമീപനം അബദ്ധങ്ങള്‍ വരുത്തുന്നതില്‍നിന്നും രക്ഷിച്ചിട്ടുമുണ്ട്.

ആപ്പിളിന്റെ രീതി വിമര്‍ശനത്തിനു വിധേയമാകുന്നു

സിലിക്കണ്‍വാലി ഭീമന്മാര്‍ മീഡിയ കമ്പനികളാണോ അതോ ടെക്‌നോളജി സംരംഭങ്ങളാണോ എന്ന സംവാദം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ് ആപ്പിളിന്റെ പ്രവര്‍ത്തനം. ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവരെല്ലാം തന്നെ നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് തങ്ങള്‍ ടെക് കമ്പനികളാണെന്നും സത്യത്തിന്റെ വിധികര്‍ത്താക്കളല്ലെന്നും. ഫേസ്ബുക്കിന്റെ സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഉള്‍പ്പെടെയുള്ള ടെക് രംഗത്തെ എക്‌സിക്യൂട്ടീവുമാര്‍ വാദിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ അവര്‍ക്ക് തെറ്റായ വാര്‍ത്തകളെയും വിവരങ്ങളെയും തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നാണ്. എന്നാല്‍ മനുഷ്യ നേതൃത്വ സമീപനം (human-led approach) സ്വീകരിച്ചു കൊണ്ട് ആപ്പിള്‍, ഫേസ്ബുക്കിന്റെ നേര്‍ വിപരീത ദിശയിലാണു സഞ്ചരിക്കുന്നത്. മാധ്യമ സമാനമായ സാഹചര്യങ്ങള്‍ ഒരു ടെക്‌നോളജി കമ്പനിക്കുള്ളിലും നിലനിര്‍ത്താനാകുമെന്ന് ആപ്പിള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു.

വിപുലീകരിക്കാന്‍ പദ്ധതി

ആപ്പിള്‍ ന്യൂസിന് വിപുലമായ പദ്ധതികള്‍ മനസിലുണ്ട്. ഇപ്പോള്‍ വാര്‍ത്തകളാണ് ന്യൂസ് ആപ്പില്‍ ലഭ്യമാകുന്നതെങ്കിലും, വരും നാളുകളില്‍ ഒരു നിശ്ചിത വരിസംഖ്യ ഈടാക്കി, ഡസന്‍ കണക്കിനു മാസികകളും ലഭ്യമാക്കാന്‍ പദ്ധതികളുണ്ട്. ദി വാള്‍ സ്ട്രീറ്റ് ജേണല്‍, ദി പോസ്റ്റ്, ദി ടൈംസ് തുടങ്ങിയ ദിനപത്രങ്ങളും ആപ്പില്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ ന്യൂസ് ആപ്പില്‍ പരസ്യങ്ങള്‍ നല്‍കാന്‍ പ്രസാധകര്‍ക്ക് ആപ്പിള്‍ അനുവാദം നല്‍കുന്നുണ്ട്. ഇത് ചില പ്രസാധകര്‍ക്കു പുതിയ വരിക്കാരെ കൂട്ടിച്ചേര്‍ക്കാന്‍ സഹായിക്കുന്ന നടപടിയാണ്.

Comments

comments

Categories: FK News, Slider