അഞ്ച് ബില്യണ്‍ ഡോളര്‍ മൂലധന ചെലവിടലിന് ബിര്‍ള ഗ്രൂപ്പിന്റെ പദ്ധതി

അഞ്ച് ബില്യണ്‍ ഡോളര്‍ മൂലധന ചെലവിടലിന് ബിര്‍ള ഗ്രൂപ്പിന്റെ പദ്ധതി

ജൂലൈയിലാണ് മൂന്ന് ബില്യണ്‍ ഡോളറിന് യുഎസ് കമ്പനിയായ അലെരിസിനെ ഏറ്റെടുക്കാനുള്ള നീക്കം ബിര്‍ള ഗ്രൂപ്പ് പ്രഖ്യാപിച്ചത്

മുെബൈ: ആഭ്യന്തര വിപണിയിലും വിദേശത്തുമുള്ള തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഒരുങ്ങുന്നു. ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയില്‍ ഇക്കോണോമിസ്റ്റ് ഇന്ത്യ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിവിധ ബിസിനസ് വിഭാഗങ്ങളിലായി 3.5 ബില്യണ്‍ ഡോളറിന്റെ മൂലധനം ഗ്രൂപ്പ് ചെലവഴിച്ചതായി കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് യുഎസിലും ഇന്ത്യയിലുമുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം അഞ്ച് ബില്യണ്‍ ഡോളറിന്റെ മൂലധന ചെലവിടല്‍ നടത്തും. ഇതില്‍ ഏകദേശം മൂന്ന് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം അലുമിനിയം ഉല്‍പ്പന്ന നിര്‍മാണ കമ്പനിയായ അലെരിസിലൂടെ ആയിരിക്കുമെന്നും കെഎം ബിര്‍ള അറിയിച്ചു. ബിര്‍ള ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ നോവെലിസ് ആണ് അലെരിസിനെ ഏറ്റെടുക്കാന്‍ പോകുന്നത്.
ജൂലൈയിലാണ് മൂന്ന് ബില്യണ്‍ ഡോളറിന് യുഎസ് കമ്പനിയായ അലെരിസിനെ ഏറ്റെടുക്കാനുള്ള നീക്കം ബിര്‍ള ഗ്രൂപ്പ് പ്രഖ്യാപിച്ചത്. സിമെന്റ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കെമിക്കല്‍, ഫൈബര്‍ ബിസിനസുകള്‍ കേന്ദ്രീകരിച്ചായിരിക്കും ബാക്കി മൂലധന ചെലവിടല്‍ കമ്പനി നടത്തുക. എന്നാല്‍, കമ്പനിയുടെ ധനകാര്യ സേവന വിഭാഗത്തിലും സിമെന്റ്, മെറ്റല്‍, ഗാര്‍മെന്റ്, റീട്ടെയ്ല്‍ വെര്‍ട്ടിക്കല്‍ വിഭാഗത്തിലുമായിരിക്കും ഇക്കാലയളവില്‍ മികച്ച വളര്‍ച്ച പ്രകടമാകുകയെന്നും കുമാര്‍ മംഗളം ബിര്‍ള അറിയിച്ചു.
ഇതുവരെയുള്ളതില്‍ കമ്പനി എടുത്തിട്ടുള്ള ഏറ്റവും അപകടകരമായ തീരുമാനം നോവെലിസിന്റെ ഏറ്റെടുക്കല്‍ ആയിരുന്നുവെന്നാണ് ബിര്‍ള പറയുന്നത്. 2008ല്‍ ഹിന്‍ഡാല്‍കോയില്‍ നിന്നും പത്ത് ബില്യണ്‍ ഡോളറിനാണ് നോവെലിസിനെ ബിര്‍ള ഗ്രൂപ്പ് സ്വന്തമാക്കിയത്. വഎന്നാല്‍, എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ നടന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച സംബന്ധിച്ച നിരീക്ഷണവും കുമാര്‍ മംഗളം ബിര്‍ള പങ്കുവെച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 7.3-7.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് ബിര്‍ള പ്രതീക്ഷിക്കുന്നത്.
സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങള്‍ ശക്തമാണെങ്കിലും ക്രൂഡ് ഓയില്‍ വില വര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നതും വെല്ലുവിളിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും തരത്തിലുള്ള സംരക്ഷണവാദ നടപടികള്‍ രാജ്യത്ത് അനിശ്ചിതത്വം സൃഷ്ടിക്കുകയും സാമ്പത്തിക വളര്‍ച്ചയെയും നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ നടക്കുന്ന താരിഫ് യുദ്ധങ്ങള്‍ ഇതിനകം ആഗോള വളര്‍ച്ചയില്‍ 0.2 ശതമാനത്തിന്റെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങള്‍ കൂടി ഇതേ സാഹചര്യം തുടര്‍ന്നാല്‍ അത് ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ 0.5 ശതമാനത്തിന്റെ ആഘാതമുണ്ടാക്കുമെന്ന് കെ എം ബിര്‍ള നിരീക്ഷിച്ചു. ആഭ്യന്തര വിപണി സംരക്ഷിക്കുന്നതിന് ചില ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ജാഗ്രതപുലര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News
Tags: Birla

Related Articles