വിനോദരംഗത്ത് സാമ്രാജ്യം സ്ഥാപിച്ചു മുന്നേറുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സിഇഒ

വിനോദരംഗത്ത് സാമ്രാജ്യം സ്ഥാപിച്ചു മുന്നേറുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സിഇഒ

ജെകെഎന്‍ ഗ്ലോബല്‍ മീഡിയ എന്ന വിനോദ കമ്പനിയുടെ സിഇഒയും, 38-കാരിയുമായ ജക്കാപോംഗ് പറയുന്നത്, അവരുടെ ഭിന്നലിംഗത്തിലേക്കുള്ള പരിവര്‍ത്തനത്തെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിലൂടെ, അവര്‍ നേതൃത്വം നല്‍കുന്ന എന്റര്‍ടെയ്ന്‍മെന്റ് കമ്പനി ആകര്‍ഷിക്കപ്പെടാനിടയായെന്നാണ്.

കമ്പനികളുടെ സിഇഒ, സിഎഫ്ഒ, സിഒഒ, സിഐഒ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരെ പൊതുവേ വിശേഷിപ്പിക്കുന്നത് ‘സി’ സ്യൂട്ട് എന്നാണ്. തായ്‌ലന്റിലെ ‘സി’ സ്യൂട്ടുകളില്‍ ലിംഗ സ്വത്വം (Gender identity) സാധാരണയായി സംഭാഷണ വിഷയമാകാറില്ല. എന്നാല്‍ ജെകെഎന്‍ ഗ്ലോബല്‍ മീഡിയ (JKN Global Media Pcl) എന്ന വിനോദ കമ്പനിയുടെ സിഇഒയും, 38-കാരിയുമായ ജക്കാപോംഗ് (Jakkaphong) പറയുന്നത്, അവരുടെ ഭിന്നലിംഗത്തിലേക്കുള്ള പരിവര്‍ത്തനത്തെ കുറിച്ചു (ട്രാന്‍സ്‌ജെന്‍ഡര്‍ ട്രാന്‍സിഷന്‍) ചര്‍ച്ച ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിലൂടെ, അവര്‍ നേതൃത്വം നല്‍കുന്ന എന്റര്‍ടെയ്ന്‍മെന്റ് കമ്പനി ആകര്‍ഷിക്കപ്പെടാനിടയായെന്നാണ്. അതാകട്ടെ, കമ്പനിക്കു വരുമാന വളര്‍ച്ച നേടിക്കൊടുക്കുകയും ചെയ്തു. ഇന്നു ജെകെഎന്‍ ഗ്ലോബര്‍ മീഡിയ കമ്പനിയുടെ സിഇഒയായ ജക്കാപോംഗ് ഒരു സെലിബ്രിറ്റിയാണ്. ഭിന്നലിംഗത്തിലേത്തുള്ള പരിവര്‍ത്തനത്തെ കുറിച്ചു ടിവിയിലും മാഗസിനുകളിലും ജക്കാപോംഗ് സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് അവര്‍ പ്രശസ്തയായത്. ഉപഭോക്താക്കളും, ഉള്ളടക്കം വിതരണം ചെയ്യുന്നവരും (content suppliers) അറിയപ്പെടുന്ന ഒരു സിഇഒയെ പരിചയപ്പെടാന്‍ താത്പര്യം പ്രകടിപ്പിച്ചതോടെ, കമ്പനിയുടെ ബിസിനസ് വളരാന്‍ അത് കാരണമാവുകയും ചെയ്തു. 2017 നവംബറില്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറിയ ജെകെഎന്നിന്റെ വരുമാനവും അറ്റാദായവും (net income) 2014-നെ അപേക്ഷിച്ചു മൂന്നിരട്ടിയുമായി.
ഭിന്നലിംഗത്തിലേത്തുള്ള തന്റെ പരിവര്‍ത്തനത്തെ കുറിച്ചുള്ള അനുഭവങ്ങള്‍ പൊതുസമൂഹത്തില്‍ പങ്കുവച്ചില്ലായിരുന്നെങ്കില്‍, ജെകെഎന്‍ എന്ന കമ്പനിക്ക് ഇത്രയധികം വിജയം കൈവരിക്കുവാനോ തായ്‌ലാന്‍ഡില്‍ പ്രശസ്തി നേടുവാനോ സാധിക്കുമായിരുന്നില്ലെന്നു ജക്കാപോംഗ് പറയുന്നു. തായ്‌ലാന്‍ഡിലെ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഒരേയൊരു ട്രാന്‍സ്‌ജെന്‍ഡര്‍ സിഇഒ ഒരുപക്ഷേ താന്‍ മാത്രമായിരിക്കുമെന്നും അവര്‍ പറയുന്നു. ഈയൊരു പ്രത്യേകതയും, പ്രശസ്തിയുമൊക്കെ, നിരവധി കക്ഷികളുമായും, വിതരണക്കാരുമായും ചര്‍ച്ചയിലേര്‍പ്പെടാന്‍ കമ്പനിക്കു സഹായകരമായിത്തീര്‍ന്നു. വാള്‍ട്ട് ഡിസ്‌നി, സിബിഎസ് കോര്‍പ്, സോണി കോര്‍പ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ തായ്‌ലാന്‍ഡിലെ ടിവി പ്രോഗ്രാമുകളുടെയും സിനിമകളുടെയും വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നതു ജെകെഎന്നാണ്. സിഎസ്‌ഐ: ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍, ദി വാക്കിംഗ് ഡെഡ് എന്നീ ടിവി പരമ്പരകളാണു തായ്‌ലാന്‍ഡിലെ ജെകെഎന്നിന്റെ ജനപ്രീതിയാര്‍ജ്ജിച്ച പരിപാടികള്‍.

ജക്കാപോംഗ്

ബോണ്ട് യൂണിവേഴ്‌സിറ്റി ഓഫ് ഓസ്‌ട്രേലിയയില്‍നിന്നും ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദം നേടിയ വ്യക്തിയാണ് ജക്കാപോംഗ്. ബിരുദ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം സ്വന്തം വീട്ടുകാര്‍ നടത്തിവന്നിരുന്ന വീഡിയോ റെന്റല്‍ ബിസിനസിനെ സഹായിച്ചിരുന്നു ജക്കാപോംഗ്. എന്നാല്‍ വീഡിയോയുടെ യുഗം അവസാനിക്കുകയും അതില്‍നിന്നും കസ്റ്റമേഴ്‌സ് പിന്‍വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തതോടെ ബിസിനസിനു തകര്‍ച്ച നേരിട്ടു. കുടുംബ ബിസിനസിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അലട്ടിക്കൊണ്ടിരുന്നതും ലിംഗമാറ്റം നടത്തി സ്ത്രീയാകണമെന്നു ജക്കാപോംഗിന് ആഗ്രഹം വന്നതും ഒരേ സമയത്തായിരുന്നു. പിന്നീട് ലിംഗമാറ്റം നടത്തി കഴിഞ്ഞതോടെ ജക്കാപോംഗ് പ്രശസ്തിയാര്‍ജ്ജിച്ചു. അവര്‍ നേതൃത്വം കൊടുക്കുന്ന കമ്പനിയും നേട്ടങ്ങള്‍ കൈവരിക്കാന്‍ തുടങ്ങി. ലൈസന്‍സ്ഡ് മൂവി, ടിവി പ്രോഗ്രാമുകള്‍, മറ്റ് വീഡിയോ എന്റര്‍ടെയ്ന്‍മെന്റ് കണ്ടന്റുകള്‍ എന്നിവയുടെ തെക്കുകിഴക്കന്‍ ഏഷ്യയിലെ മുന്‍നിര വിതരണക്കാരാക്കി തന്റെ കമ്പനിയായ ജെകെന്‍ ഗ്ലോബല്‍ മീഡിയയെ മാറ്റിയെടുക്കുക എന്നതാണു ജക്കാപോംഗിന്റെ ലക്ഷ്യം.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അഭിമുഖീകരിക്കുന്ന പ്രശ്‌നം

2015-ല്‍ യുഎന്‍ ലേബര്‍ ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നേതൃത്വം കൊടുത്ത ഗവേഷണത്തില്‍ തായ്‌ലാന്‍ഡില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്, പ്രത്യേകിച്ചു സിവില്‍ സര്‍വീസ് മേഖലയില്‍ പലപ്പോഴും തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കാറില്ല അതുമല്ലെങ്കില്‍ അവര്‍ക്കു തൊഴില്‍ കണ്ടെത്താന്‍ നിരവധി തടസങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്നു കണ്ടെത്തിയിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ ഭൂരിഭാഗം പേര്‍ക്കും മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പന, പബ്ലിക് റിലേഷന്‍ പോലുള്ള പതിവ് ജോലികളില്‍ ഏര്‍പ്പെടേണ്ടി വരുന്നതായും കണ്ടെത്തിയിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്ഘടനയായ തായ്‌ലാന്‍ഡില്‍ ഒരു വ്യക്തിക്ക് ഔദ്യോഗിക രേഖകളില്‍ ലിംഗം മാറ്റി രേഖപ്പെടുത്താന്‍ തായ്‌ലാന്‍ഡിലെ നിയമം അനുവദിക്കുന്നില്ല. തിരിച്ചറിയല്‍ രേഖയില്‍ തങ്ങളുടെ പുതിയ ലിംഗസ്വത്വം അടയാളപ്പെടുത്താന്‍ സാധിക്കാത്തതാണ് അവിടെ ഭിന്നലിംഗക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നു ഈ വര്‍ഷം മേയ് മാസം പ്രസിദ്ധീകരിച്ച യുഎന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നാഷണല്‍ ഐഡന്റിഫിക്കേഷന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കേറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങിയ തങ്ങളുടെ ലിംഗ സ്വത്വവുമായി പൊരുത്തപ്പെടാത്ത രേഖകള്‍ ഉപയോഗിക്കേണ്ട സാഹചര്യം വരുമ്പോള്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ വലിയ അവഗണനയും വിവേചനവുമൊക്കെ നേരിടുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വിവേചനങ്ങള്‍ സുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുകയോ അല്ലെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡറായ വ്യക്തികള്‍ക്കു വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, തൊഴില്‍, പാര്‍പ്പിടം ലഭിക്കുന്നതില്‍നിന്നും, സാമൂഹ്യ സഹായം ലഭിക്കുന്നതില്‍നിന്നും അല്ലെങ്കില്‍ സ്വകാര്യ ബാങ്കിങ്, ക്രെഡിറ്റ്, മോര്‍ട്ട്‌ഗേജ് സൗകര്യങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നു. ഇത്തരം സാഹചര്യം നിലനില്‍ക്കുമ്പോഴാണു ജക്കാപോംഗ് വ്യത്യസ്തയാവുന്നതും.

ഇന്ത്യന്‍ ബന്ധം

രാമായണത്തിന്റെ പ്രാധാന്യം അടിസ്ഥാനമാക്കി ഒരു ടെലിവിഷന്‍ പരമ്പര നിര്‍മിക്കാന്‍ ജെകെഎന്‍ ഇന്ത്യയിലെ പങ്കാളികളുമായി തീരുമാനിച്ചിരിക്കുകയാണ്. ടിവി ഉള്ളടക്കത്തിനു (ടിവി കണ്ടന്റ്) ഭാവിയില്‍ ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ടാകുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ വാര്‍ഷിക വരുമാനത്തില്‍ 20 ശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്നാണു ജെകെഎന്‍ കമ്പനി പറയുന്നത്. കമ്പനിയുടെ വാര്‍ഷിക അറ്റാദായം 2017-ല്‍ 188 മില്യന്‍ ബാഹത് (തായ്‌ലാന്‍ഡിന്റെ കറന്‍സി) ആയി ഉയര്‍ന്നു. 2014-ല്‍ ഇത് 49 മില്യന്‍ ബാഹതായിരുന്നു. വരുമാനത്തിന്റെ കാര്യത്തിലും മൂന്നിരട്ടി നേട്ടം കൈവരിച്ചു. 2014-ലെ വരുമാനം 1.16 ബില്യന്‍ ബാഹതില്‍നിന്നും 2017-ല്‍ 304 ബില്യന്‍ ബാഹതിലെത്തിയതായി കമ്പനിയുടെ വെബ്‌സൈറ്റില്‍ സൂചിപ്പിച്ചു.

Comments

comments

Categories: FK Special, Slider