ട്രംപിന്റെ ഫോണ്‍ കോള്‍ റഷ്യയും ചൈനയും ഒളിഞ്ഞു കേള്‍ക്കുന്നെന്ന് റിപ്പോര്‍ട്ട്

ട്രംപിന്റെ ഫോണ്‍ കോള്‍ റഷ്യയും ചൈനയും ഒളിഞ്ഞു കേള്‍ക്കുന്നെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ചൈനയുടെയും റഷ്യയുടെയും ചാരന്മാര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫോണ്‍ കോള്‍ ഒളിഞ്ഞുനിന്നു കേള്‍ക്കുന്നെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് അദ്ദേഹത്തിന്റെ പഴയകാല സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും കുശലാന്വേഷണം ഫോണിലൂടെ നടത്തുമ്പോള്‍ ചൈനീസ്, റഷ്യന്‍ ചാരന്മാര്‍ പലപ്പോഴും ട്രംപിന്റെ ഫോണ്‍ കോളുകള്‍ ഒളിഞ്ഞു കേള്‍ക്കാറുണ്ടെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നു. റഷ്യയുടെയും ചൈനയുടെയും ചാരന്മാര്‍ പ്രധാനമായും വിവരങ്ങള്‍ ശേഖരിക്കുന്നതു വിദേശ സര്‍ക്കാരിലുള്ള വ്യക്തികളിലൂടെയും ഇന്റര്‍സെപ്റ്റഡ് കമ്മ്യൂണിക്കേഷന്‍സില്‍നിന്നുമാണെന്നാണു യുഎസ് ഇന്റലിജന്‍് ഏജന്‍സികള്‍ പറയുന്നത്.
ട്രംപിന്റെ സെല്‍ഫോണ്‍ സംഭാഷണങ്ങള്‍ സുരക്ഷിതമല്ലെന്നു സഹായികള്‍ ഓര്‍മിപ്പിക്കാറുണ്ടെങ്കിലും അവയൊന്നും ട്രംപ് ശ്രദ്ധിക്കാറില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്റര്‍സെപ്റ്റഡ് കോളുകള്‍ ഉപയോഗിച്ച് ട്രംപ് എന്താണു ചിന്തിക്കുന്നതെന്നും, ഏതെല്ലാം വ്യക്തികളുമായിട്ടാണ് അദ്ദേഹം ഇടപഴകുന്നതെന്നും, എങ്ങനെ ട്രംപിനെ സ്വാധീനിക്കാമെന്നും ചൈനയ്ക്കു മനസിലാക്കുവാന്‍ സാധിക്കുന്നുതായിട്ടാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോള്‍ ചൈനയും-യുഎസും തമ്മില്‍ വ്യാപാരയുദ്ധം മുറുകിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ വാര്‍ത്തയ്ക്ക് വന്‍ പ്രാധാന്യവുമുണ്ട്. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ വൈറ്റ് ഹൗസ് തയാറായിട്ടില്ല.
ഒരു ഫോണ്‍ കോള്‍ ഇന്റര്‍സെപ്റ്റ് ചെയ്യുകയെന്നത് സര്‍ക്കാരിനെ സംബന്ധിച്ച് നിസാര കാര്യമാണ്. പല രാജ്യങ്ങളും പ്രമുഖ നേതാക്കളുടെ ഫോണ്‍ കോള്‍ ചോര്‍ത്താറുണ്ട്. ഒബാമയുടെ ഭരണകാലത്ത് യുഎസ് ഭരണകൂടം നടത്തിയ ഫോണ്‍ കോള്‍ ചോര്‍ത്തലിനെ കുറിച്ച് എഡ്‌വേഡ് സ്‌നോഡന്‍ നടത്തിയ വെളിപ്പെടുത്തല്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു.

Comments

comments

Categories: FK News

Related Articles