എന്‍എംസി ഹെല്‍ത്തും ഹസ്സാന ഇന്‍വെസ്റ്റ്‌മെന്റും ധാരണയായി

എന്‍എംസി ഹെല്‍ത്തും ഹസ്സാന ഇന്‍വെസ്റ്റ്‌മെന്റും ധാരണയായി

ബിസിനസ് വിപുലീകരണത്തിനുള്ള തന്ത്രപ്രധാന മേഖലയാണ് സൗദിയെന്ന് എന്‍എംസി സിഇഒ പ്രശാന്ത് മങ്ങാട്ട്

അബുദാബി: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹെല്‍ത്ത്‌കെയര്‍ സ്ഥാപനമായ എന്‍എംസി ഹെല്‍ത്തും സൗദി അറേബ്യ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ (ജിഒഎസ്‌ഐ) ഇന്‍വെസ്റ്റ്‌മെന്റ് സംരംഭമായ ഹസ്സാന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയും കൈകോര്‍ക്കുന്നു. ലോകോത്തര നിലവാരത്തില്‍ ആരോഗ്യ പരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്ന സൗദി അറേബ്യന്‍ ഹെല്‍ത്ത്‌കെയര്‍ നെറ്റ്‌വര്‍ക്ക് വികസിപ്പിക്കുന്നതിനാണ് ഇരു കമ്പനികളും ധാരണയായത്.
സൗദിയിലെ ഏറ്റവും വലിയ സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ കമ്പനികളിലൊന്നായിരിക്കും എന്‍എംസിയും ഹസ്സാന ഹെല്‍ത്ത്‌കെയര്‍ കമ്പനിയും തമ്മിലുള്ള സഹകരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഇതിനായി മൊത്തം 1.6 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് എന്‍എംസി-ഹസ്സാന സഹകരണ കരാര്‍ ലക്ഷ്യമിടുന്നത്. ഫുള്‍ ടൈം, പാര്‍ട് ടൈം വിഭാഗങ്ങളിലായി 10,000ത്തോളം ജീവനക്കാരെ നിയമിക്കാനും കമ്പനികള്‍ ലക്ഷ്യമിടുന്നുണ്ട്. ക്രമേണ 3000 കിടക്കകളുള്ള ഹെല്‍ത്ത്‌കെയര്‍ ശൃംഖല ഈ സംയുക്ത സംരംഭത്തിലൂടെ സൃഷ്ടിക്കപ്പെടുമെന്നും എന്‍എംസി അറിയിച്ചു.
തുടക്കത്തില്‍ 1,489 കിടക്കകള്‍ക്കുള്ള സൗകര്യമായിരിക്കും സംയുക്ത സംരംഭത്തിനുണ്ടാകുക. ഇതില്‍ 664 എണ്ണം അഞ്ച് എന്‍എംസി കേന്ദ്രങ്ങളിലായും 825 എണ്ണം നാഷണല്‍ മെഡിക്കല്‍ കെയര്‍ കേന്ദ്രത്തിലുമാണ് ഉണ്ടാകുക. എന്‍എംസിയുടെ ബിസിനസ് വിപുലീകരണത്തിനുള്ള തന്ത്രപ്രധാന മേഖലയാണ് സൗദിയെന്ന് തങ്ങള്‍ തിരിച്ചറിഞ്ഞതായും എന്‍എംസിയും ഹസ്സാനയും തമ്മിലുള്ള സഹകരണം ഇരു കമ്പനികള്‍ക്കും നിരവധി അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും എന്‍എംസി സിഇഒ പ്രശാന്ത് മങ്ങാട്ട് പറഞ്ഞു. സൗദി സര്‍ക്കാരിന്റെ പുരോഗമനപരവും നിക്ഷേപ സൗഹൃദപരവുമായ നയങ്ങള്‍ ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഏറ്റവും ആകര്‍ഷകമായ വിപണികളിലൊന്നാക്കി സൗദി അറേബ്യയെ മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: NMC