യാത്രക്കാരെ നഷ്ടപ്പട്ട് മഹാരാജ; വിപണി വിഹിതം 11.8% ലേക്ക് ഇടിഞ്ഞു

യാത്രക്കാരെ നഷ്ടപ്പട്ട് മഹാരാജ; വിപണി വിഹിതം 11.8% ലേക്ക് ഇടിഞ്ഞു

2014 ജനുവരിയില്‍ 19.8 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുണ്ടായിരുന്നത്; 43.2 ശതമാനം വിപണി വിഹിതവുമായി ഇന്‍ഡിഗോ ഒന്നാമത്

മുംബൈ: കടക്കെണിയിലായ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ വിപണി വിഹിതം എക്കാലത്തേയും താഴ്ന്ന നിലയില്‍. സെപ്റ്റംബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം 11.8 ശതമാനത്തിലേക്കാണ് പൊതുമേഖലാ വിമാനക്കമ്പനിയെ ആശ്രയിച്ച വിമാന യാത്രക്കാരുടെ എണ്ണം ഇടിഞ്ഞിരിക്കുന്നത്. 2014 ജനുവരിയില്‍ 19.8 ശതമാനം വിപണി വിഹിതമുണ്ടായിരുന്ന കമ്പനിയാണ് കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തിയിരിക്കുന്നത്. ആഭ്യന്തര വിമാനയാത്രാ വിപണി അതിവേഗം വളര്‍ന്ന് വരികയാണെന്നിരിക്കെയാണ് എയര്‍ ഇന്ത്യ അനുദിനം പാപ്പരായിക്കൊണ്ടിരിക്കുന്നത്. കുറഞ്ഞ യാത്രാ ചെലവില്‍ സര്‍വീസുകള്‍ നടത്തുന്ന സ്‌പെസ്‌ജെറ്റിന്റെ പിന്നില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് എയര്‍ ഇന്ത്യ. 12 ശതമാനം വിപണി വിഹിതമാണ് സ്‌പൈസ്‌ജെറ്റിനുള്ളത്.

ഇന്‍ഡിഗോ ബ്രാന്‍ഡില്‍ വിമാന സര്‍വീസുകള്‍ നടത്തുന്ന ഇന്റര്‍ഗ്ലോബ് ഏവിയേഷനാണ് 43.2 ശതമാനം വിപണി വിഹിതവുമായി ഒന്നാമതുള്ളത്. കടക്കെണിയിലായ ജെറ്റ് എയര്‍വേസിന് 15.8 ശതമാനം വിപണി വിഹിതവും രണ്ടാം സ്ഥാനവുമുണ്ട്. എയര്‍ ഇന്ത്യയുടെ വിഹിതം ഏകദേശം പകുതിയായി ഇടിഞ്ഞ ഇതേ കാലയളവില്‍ തന്നെയാണ് 28 ശതമാനമായിരുന്ന വിപണി വിഹിതം ഇന്‍ഡിഗോ 43 ശതമാനത്തിലേക്ക് ഉയര്‍ത്തിയതെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തന്നെ എയര്‍ ഇന്ത്യയുടെ വിപണി വിഹിതം സ്‌പൈസ് ജെറ്റിന്റേതിന് താഴെയെത്തിയിരുന്നു. സ്‌പൈസ് ജെറ്റിന് 13.8 ശതമാനം വിഹിതവും എയര്‍ എന്ത്യയ്ക്ക് 13.5 ശതമാനം യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യ 163 വിമാന സര്‍വീസുകളാണ് നടത്തുന്നത്. അതേസമയം സ്‌പൈസ് ജെറ്റിന് 57 ഉം ഇന്‍ഡിഗോയ്ക്ക് 69 വിമാനങ്ങളുമാണുള്ളത്. 2014 മുതല്‍ എയര്‍ ഇന്ത്യയുടെ വിപണി വിഹിതം തുടര്‍ച്ചയായി ഇടിഞ്ഞെങ്കിലും ഈ വര്‍ഷം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയായിരുന്നു. കടുത്ത സാമ്പത്തിക പരാധീനതകളുള്ള എയര്‍ ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരികള്‍ (76 ശതമാനം) വിറ്റഴിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കഠിന ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

ഘടകഭാഗങ്ങള്‍ക്കാവശ്യമായ പണം കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 15 ഓളം വിമാനങ്ങളാണ് താഴെയിറക്കിയിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റാനും കമ്പനി ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളം വൈകുന്നതായും അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷത്തെ ബജറ്റില്‍ 650 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് സഹായധനമായി വകയിരുത്തിയിരിക്കുന്നത്. ഓഹരി വില്‍പ്പന നടപടികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 980 കോടി രൂപ അധികമായി നല്‍കിയിട്ടുമുണ്ട്. ഇതോടൊപ്പം നാഷണല്‍ സേവിംഗ്‌സ് ഫണ്ടില്‍ നിന്നും 1,000 കോടി രൂപ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. 48,781 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യത. 2017 സാമ്പത്തിക വര്‍ഷത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 5,765 കോടി രൂപ അധികമായി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

———————–

28 ശതമാനമായിരുന്ന വിപണി വിഹിതം ഇന്‍ഡിഗോ 43 ശതമാനത്തിലേക്ക് ഉയര്‍ത്തി

Comments

comments

Categories: Current Affairs
Tags: Air India

Related Articles