ഇന്ത്യ ഇന്‍കിന് ആത്മവിശ്വാസം

ഇന്ത്യ ഇന്‍കിന് ആത്മവിശ്വാസം

അയിത്തം കല്‍പ്പിച്ച് നിര്‍ത്താനുള്ളവരല്ല കോര്‍പ്പറേറ്റുകള്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുന്നു. സംരംഭകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍

2014 മേയ് മാസത്തില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചുമതലയേല്‍ക്കുമ്പോള്‍ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നു സംരംഭകര്‍. എന്നും സംരംഭകരെ നെഗറ്റീവ് ഫ്രെയിമില്‍ നിര്‍ത്താനാണ് നമ്മുടെ പല രാഷ്ട്രീയക്കാരും ശ്രമിച്ചത്. സമൂഹത്തിലുള്ള പൊതുപ്രവണതയും അതുതന്നെയായിരുന്നു. വ്യവസായികളെയും സംരംഭകരെയും ചീത്തവിളിച്ചുള്ള മുദ്രാവാക്യങ്ങളിലായിരുന്നു എന്നും പലര്‍ക്കും താല്‍പ്പര്യം. എന്നാല്‍ കോര്‍പ്പറേറ്റുകളെ പിന്തുണയ്ക്കുന്ന സമീപനമാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദി കൈക്കൊണ്ടത്. അത് അദ്ദേഹം തുറന്ന് പറയുകയും ചെയ്യുന്നുവെന്നതാണ് പ്രത്യേകത,

ഏതൊരു സമൂഹത്തിന്റെ വികസന പ്രക്രിയയിലും ഒഴിച്ചുകൂടാനാകാത്ത കണ്ണിയാണ് സംരംഭകര്‍. അവരില്ലെങ്കില്‍ സമുഹത്തിന് പുരോഗതിയോ വികസനമോ ഒന്നും സാധ്യമല്ലെന്നത് സുവ്യക്തവുമാണ്. എങ്കിലും ‘മുതലാളിത്ത ഭീകരര്‍’ എന്ന രൂപേണെയാണ് പലപ്പോഴും അവരെ നാം അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്താറുള്ളത്. ഈ ഒരു സംസ്‌കാരത്തില്‍ നിന്നുള്ള വ്യതിചലനമാണ് സമൂഹത്തിലുണ്ടാകേണ്ടത്. അതിന് പ്രധാനമന്ത്രിയുടെ വാക്കുകള്‍ കരുത്തു പകരുമെന്നത് തീര്‍ച്ച. ബിസിനസിനോടൊപ്പം തന്നെ സാമൂഹ്യസേവനത്തിലും പങ്കാളികളാകുന്ന വ്യവസായികളെ വിമര്‍ശിക്കുന്ന സംസ്‌കാരത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നാണ് മോദി പറഞ്ഞത്.

നമ്മുടെ രാജ്യത്ത് പൊതുവില്‍ നിലനില്‍ക്കുന്ന ഒരു കാഴ്ച്ചപ്പാടുണ്ട്. ബിസിനസുകാരെയും വ്യവസായികളെയും വെറുതെ ചീത്തവിളിക്കുകയെന്നതാണത്. എന്തുകൊണ്ടാണ് ഇതൊരു ഫഷനായി മാറിയതെന്ന് എനിക്കറിയില്ല. എന്നാല്‍ എന്റെ ചിന്താ പദ്ധതി ഇതല്ല-മോദി നയം വ്യക്തമാക്കിയതിങ്ങനെയാണ്.

ഇത് രണ്ടാം തവണയാണ് കോര്‍പ്പറേറ്റ് ഇന്ത്യയോടുള്ള തന്റെ തുറന്ന സമീപനം പ്രധാനമന്ത്രി പൊതുവേദിയില്‍ വ്യക്തമാക്കുന്നത്. വ്യവസായികളോടൊപ്പം താന്‍ നില്‍ക്കുന്നത് പുറംലോകം കാണുന്നതില്‍ യാതൊരുവിധ പേടിയുമില്ലെന്നായിരുന്നു ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ മോദി പറഞ്ഞത്. മോദിക്കെതിരെ ഇതിന്റെ പേരില്‍ ഉയര്‍ന്ന രാഷ്ട്രീയ വിമര്‍ശനങ്ങളുടെ കൂടി പശ്ചാത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

രാഷ്ട്ര വികസനത്തില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ചവരാണവര്‍ എന്നതാണ് മോദിയുടെ നിലപാട്. കൃത്യമായ സന്ദേശമാണ് ഇതുനല്‍കുന്നത്. ഇന്ത്യയെന്നാല്‍ കോര്‍പ്പറേറ്റുകളെ ഒഴിവാക്കിയുള്ളതല്ല. അവരും കൂടി ചേര്‍ന്നതാണ് രാഷ്ട്രം. വികസനത്തിന്റെ പുതിയ തലത്തിലേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തുന്നതിന് മുന്നില്‍ നിന്ന് നേതൃത്വ നല്‍കുന്നത് സംരംഭകരാണ്. രാഷ്ട്രീയവും അല്ലാത്തതുമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി തോന്നുംപോലെ അധിക്ഷേപിക്കപ്പെടേണ്ടവരാണ് സംരംഭകര്‍ എന്ന ചിന്ത ചിലരിലെങ്കിലും ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

സംരംഭകത്വസമൂഹമാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്തരത്തിലുള്ള പഴകിയ ചിന്താധാരകള്‍ ഇല്ലാതാകേണ്ടതും അനിവാര്യതയാണ്. അതേസമയം കോര്‍പ്പറേറ്റുകള്‍ക്കൊപ്പം നില്‍ക്കുകയെന്നാല്‍ ചങ്ങാത്തമുതലാളിത്തത്തെ പ്രോല്‍സാഹിപ്പിക്കുക എന്നതല്ല അര്‍ത്ഥമാക്കുന്നത്. അത്തരമൊരു ധാരണ മോദിയോ മോദിയുടെ മന്ത്രിമാരോ വെച്ചുപുലര്‍ത്തുകയും ചെയ്യരുത്. ചങ്ങാത്ത മുതലാളിത്തം ഉദാരവല്‍ക്കരണ, സ്വതന്ത്ര വിപണിയെ സംബന്ധിച്ചിടത്തോളം വിനാശാത്മകമാണ്. അതേസമയം ബിസിനസുകാരോട് പുറം തിരിഞ്ഞ് നില്‍ക്കുകയാണ് സര്‍ക്കാരിന്റെ നയമെന്ന തോന്നലുമുണ്ടാകരുത്. ഇതിന് രണ്ടിനുമിടയിലുള്ള ധീരമായ പാത സ്വീകരിക്കുകയാണ് മല്‍സരാധിഷ്ഠിതമായി ഒരുര സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായകമാകുക. ഒപ്പം ടെക്‌നോളജി ഉപയോഗപ്പെടുത്തി സമൂഹത്തിലെ ആഴത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായ പദ്ധതികള്‍ ആവിഷ്‌കരക്കുന്നതിന് അവരെ തുടര്‍ച്ചയായി പ്രോല്‍സാഹിപ്പിക്കുകയും വേണം.

Comments

comments

Categories: Editorial, Slider