ഹോണ്ട ഗ്രാസിയ വില്‍പ്പന രണ്ട് ലക്ഷം യൂണിറ്റ് പിന്നിട്ടു

ഹോണ്ട ഗ്രാസിയ വില്‍പ്പന രണ്ട് ലക്ഷം യൂണിറ്റ് പിന്നിട്ടു

വിപണിയില്‍ അവതരിപ്പിച്ച് പതിനൊന്ന് മാസങ്ങള്‍ക്കുള്ളിലാണ് നേട്ടം

ന്യൂഡെല്‍ഹി : ഹോണ്ട ഗ്രാസിയ എന്ന 125 സിസി സ്‌കൂട്ടര്‍ ജൈത്രയാത്ര തുടരുന്നു. വിപണിയില്‍ അവതരിപ്പിച്ച് പതിനൊന്ന് മാസങ്ങള്‍ക്കുള്ളില്‍ രണ്ട് ലക്ഷം യൂണിറ്റ് ഹോണ്ട ഗ്രാസിയ സ്‌കൂട്ടറുകളാണ് വിറ്റുപോയിരിക്കുന്നത്. ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 3 സ്‌റ്റെപ്പ് ഇക്കോ സ്പീഡ് ഇന്‍ഡിക്കേറ്റര്‍, എല്‍ഇഡി ഹെഡ്‌ലാംപ് എന്നീ ഫീച്ചറുകള്‍ ലഭിച്ച ഇന്ത്യയിലെ ആദ്യ സ്‌കൂട്ടറാണ് ഹോണ്ട ഗ്രാസിയ.

വിപണിയില്‍ പുറത്തിറക്കി ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ അമ്പതിനായിരം യൂണിറ്റ് വില്‍പ്പന നേടാന്‍ 125 സിസി സ്‌കൂട്ടറിന് കഴിഞ്ഞിരുന്നു. ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ടോപ് 10 സ്‌കൂട്ടറുകളുടെ പട്ടികയിലും ഹോണ്ട ഗ്രാസിയ ഇടംപിടിച്ചു. ഷാര്‍പ്പ് സ്റ്റൈലിംഗാണ് ഹോണ്ട ഗ്രാസിയയുടെ വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന്. മള്‍ട്ടി ഫംഗ്ഷണല്‍ കീ സ്ലോട്ട്, ഹാന്‍ഡില്‍ബാറിന് താഴെ കബ്ബിഹോള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

124.9 സിസി എന്‍ജിനാണ് ഹോണ്ട ഗ്രാസിയ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 6,500 ആര്‍പിഎമ്മില്‍ 8.5 എച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.54 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 59,222 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ടോപ് സ്‌പെക് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 64,293 രൂപ വില വരും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 125 സിസി സ്‌കൂട്ടര്‍ സെഗ്‌മെന്റ് മികച്ച വില്‍പ്പന വളര്‍ച്ചയാണ് കൈവരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം പത്ത് ലക്ഷം വില്‍പ്പനയെന്ന നാഴികക്കല്ല് 125 സിസി സ്‌കൂട്ടര്‍ സെഗ്‌മെന്റ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Auto
Tags: Honda Gracia