ബാങ്ക് പുനര്‍മൂലധനവല്‍ക്കരണത്തിന് സര്‍ക്കാര്‍ വേഗം കൂട്ടുന്നു

ബാങ്ക് പുനര്‍മൂലധനവല്‍ക്കരണത്തിന് സര്‍ക്കാര്‍ വേഗം കൂട്ടുന്നു

45,000 കോടി രൂപ മൂല്യമുള്ള പുനര്‍മൂലധന ബോണ്ടുകള്‍ വിതരണം ചെയ്യുന്നത് വേഗത്തിലാക്കും; മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ബാങ്കുകളുടെ ആകെ നിഷ്‌ക്രിയാസ്തി 15.6 ശതമാനം

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ പുനര്‍മൂലധനവല്‍ക്കരണ പദ്ധതിയുടെ ഗതിവേഗം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി, ബാങ്കുകള്‍ക്ക് 45,000 കോടി രൂപ മൂല്യമുള്ള പുനര്‍മൂലധന ബോണ്ടുകള്‍ വിതരണം ചെയ്യുന്നത് വേഗത്തിലാക്കാന്‍ ധനമന്ത്രാലയം തീരുമാനിച്ചു. ഡിസംബര്‍ ആദ്യത്തോടെ അടുത്തഘട്ട ബോണ്ട് വിതരണം നടത്താനാണ് തീരുമാനം. സെപ്റ്റംബര്‍ പാദഫലങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ വിവിധ ബാങ്കുകളുടെ മൂലധന ആവശ്യകത തിരിച്ചറിയാന്‍ സര്‍ക്കാരിനും ആര്‍ബിഐക്കും സാധിക്കും. മൂലധന അടിത്തറ താങ്ങി നിര്‍ത്താനും, പണത്തിന്റെ അഭാവം കാരണം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ ശേഷി ദുര്‍ബലമായ സാഹചര്യത്തില്‍ വളര്‍ച്ചയെ പിന്തുണയ്ക്കാന്‍ അവയെ പ്രാപ്തമാക്കാനുമാണ് സര്‍ക്കാര്‍ ഇതുവഴി ലക്ഷ്യമിടുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് ഉള്‍പ്പടെയുള്ള ഏതാനും സ്ഥാപനങ്ങള്‍ക്കായി 20,000 കോടി രൂപയുടെ പുനര്‍മൂലധന ബോണ്ടുകള്‍ ഇതിനോടകം അനുവദിച്ചു കഴിഞ്ഞു. വായ്പ നല്‍കുന്നത് വര്‍ധിപ്പിക്കാനും നിയമാനുസൃതമായ ആവശ്യകതകള്‍ നിറവേറ്റാനുമായി 21 പൊതുമേഖലാ ബാങ്കുകളും സര്‍ക്കാരില്‍ നിന്ന് മൂലധനം ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ബിഐയുടെ തിരുത്തല്‍ നടപടികള്‍ക്ക് വിധേയമായ 11 ബാങ്കുകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

14,357 കോടി രൂപയുടെ നീരവ് മോദി തട്ടിപ്പ് പിടിച്ചുലച്ച പിഎന്‍ബിക്ക് നിലവില്‍ത്തന്നെ ഏറ്റവും ഉയര്‍ന്ന തുക സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം രണ്ട് ഘട്ടങ്ങളിലായി 8,247 കോടി രൂപയാണ് ബാങ്കിന് ലഭിച്ചത്. കോര്‍പറേഷന്‍ ബാങ്കിന് 2,555 കോടിയും, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 2,157 കോടി രൂപയും ആന്ധ്ര ബാങ്കിന് 2,019 കോടി രൂപയും ലഭിച്ചുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അലഹബാദ് ബാങ്കിന് 1,790 കോടി രൂപയും ലഭിച്ചിട്ടുണ്ട്. സമ്മര്‍ദ്ദിത ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ആര്‍ബിഐയുടെ തിരുത്തല്‍ നടപടികള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളാണ് ഇതില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ആന്ധ്ര ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ. തിരുത്തല്‍ നടപടികളിലുള്‍പ്പെട്ട ബാങ്കുകള്‍ക്ക് തങ്ങളുടെ നിയമപരമായ ആവശ്യകതകള്‍ നിറവേറ്റാന്‍ മൂലധനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിലുള്‍പ്പെടാത്ത ബാങ്കുകള്‍ക്ക് പ്രാധമിക വളര്‍ച്ചാ മൂലധനമാകും ലഭിക്കുക.

ബോണ്ട് പോര്‍ട്ട്‌ഫോളിയോയിലെ നഷ്ടങ്ങള്‍, കര്‍ശനമായ പ്രൊവിഷനിംഗ് മാനദണ്ഡങ്ങള്‍, ബാങ്കിംഗ് തട്ടിപ്പുകള്‍ എന്നിവയെല്ലാം കാരണം പൊതുമേഖലാ ബാങ്കുകള്‍ മൂലധന ദാരിദ്ര്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷം പുനര്‍മൂലധന ബോണ്ടുകള്‍ വഴി 65,000 കോടി രൂപ ഈ ബാങ്കുകളില്‍ ഉള്‍ച്ചേര്‍ക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ഇത്തരം ബോണ്ടുകള്‍ വഴി തിരുത്തല്‍ നടപടി നേരിടുന്ന 11 ബാങ്കുകള്‍ക്ക് 52,311 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ലഭിച്ചത്. ആകെ 2.11 ലക്ഷം കോടി രൂപയുടെ ഉത്തേജന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2018-19 എന്നീ രണ്ട് വര്‍ഷത്തില്‍ 1,45,000 കോടി രൂപ മൂല്യം വരുന്ന പുനര്‍മൂലധന ബോണ്ടുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കും. 58,000 കോടി രൂപ, വിപണിയില്‍ നിന്ന് ബാങ്കുകള്‍ തന്നെയാണു കണ്ടെത്തേണ്ടത്. ബോണ്ടുകള്‍ക്ക് പുറമേ, 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ദ്രധനുഷ് പദ്ധതിക്കു കീഴില്‍ 10,000 കോടി രൂപയുടെ ബജറ്റ് വിഹിതവും സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

2018 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും കൂടിയുള്ള ആകെ നിഷ്‌ക്രിയാസ്തി 15.6 ശതമാനമാണെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. 2019 മാര്‍ച്ചോടെ ഇത് 16.3 ശതമാനത്തിലേക്കെത്തുമെന്നും പിന്നീട് 17.3 ശതമാനം എന്ന ഏറ്റവും മോശം നിരക്കിലേക്ക് എത്തിച്ചേര്‍ന്നേക്കുമെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നു.

Comments

comments

Categories: Banking