ചൈനയിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാന്‍ സാധ്യതകള്‍ തേടി ഇന്ത്യ

ചൈനയിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാന്‍ സാധ്യതകള്‍ തേടി ഇന്ത്യ

200 ഓളം ഉല്‍പ്പന്നങ്ങളുടെ തീരുവ വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെടും

ന്യൂഡെല്‍ഹി: ചൈനയിലേക്കുള്ള 200 ഓളം ഉല്‍പ്പന്നങ്ങളുടെ ചരക്കുനീക്കം വര്‍ധിപ്പിക്കാനുള്ള പദ്ധതി ഇന്ത്യന്‍ സര്‍ക്കാരിന്റെ പരിഗണനയില്‍. ഇതിലൂടെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതിനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഏഷ്യാ പസഫിക് വ്യാപാര കരാറിന്(ആപ്റ്റ) കീഴില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഡ്യൂട്ടി ഇളവ് ആവശ്യപ്പെടാനാണ് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നത്.
2019 ഏപ്രിലില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പരുത്തിനൂല്‍, ആവണക്കെണ്ണ, മെന്റോള്‍, ഗ്രാനൈറ്റ്, വജ്രം, പിക്ചര്‍ ട്യൂബുകള്‍ക്കാവശ്യമായ ഗ്ലാസ് കവറുകള്‍ തുടങ്ങിയവയ്ക്ക് തീരുവ കുറയ്ക്കണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടേക്കും. ചൈനയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ മൂലം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ചൈനയിലെ വ്യാപാരത്തില്‍ ഇന്ത്യയെ അപേക്ഷിച്ച് ഒരു മല്‍സരാധിഷ്ഠിത മുന്‍തൂക്കം ലഭിക്കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്.
ചൈനയിലെ ഉയര്‍ന്ന ഇറക്കുമതി തീരുവ ഇന്ത്യയില്‍ നിന്നു പ്രധാനമായും കയറ്റി അയക്കുന്ന സമുദ്രോല്‍പ്പന്നങ്ങളുടെ മല്‍സരക്ഷമത കുറയ്ക്കുന്നുണ്ട്. പ്രത്യേകിച്ച് ശീതീകരിച്ച ചെമ്മീന്‍, കൊഞ്ച് എന്നിവയില്‍ നിന്നുള്ള നേട്ടത്തെയാണ് ഇത് ബാധിക്കുന്നത്. അതോസമയം, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് ചൈന തീരുവ ഈടാക്കുന്നില്ല.
1975 ലാണ് ആപ്റ്റ രൂപീകരിച്ചത്. ബംഗ്ലാദേശ്, ഇന്ത്യ, ലാവോസ്, കൊറിയ, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സ്വതന്ത്ര വ്യാപാര വ്യവസ്ഥയാണിത്. നികുതി ഇളവ് ആവശ്യപ്പെടുന്നതു കൂടാതെ, യുഎസും ചൈനയുമായി നടക്കുന്ന വ്യാപാര യുദ്ധം ചൈനയുമായുള്ള 56 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മി കുറയ്ക്കാനുള്ള അവസരമായാണ് ഇന്ത്യ കരുതുന്നതെന്ന് കേന്ദ്ര സര്‍ക്കാരിനോടടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്നാല്‍ നികുതി ഇളവുകള്‍ മാത്രം ഇന്ത്യയെ സഹായിക്കില്ലെന്നാണ് വ്യവസായ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചൈനയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള മറ്റ് വ്യാപാര കരാറുകള്‍ രൂപീകരിക്കുന്നതിലും ഉല്‍പ്പന്നങ്ങളുടെ മല്‍സരക്ഷമത ഉയര്‍ത്തുന്നതിലുമുള്ള ശ്രദ്ധയില്‍ നിന്ന് ഇന്ത്യ വ്യതിചലിക്കരുതെന്നും വ്യവസായ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രാദേശിക സമഗ്ര സാമ്പത്തിക സഹകരണ കരാറില്‍ പങ്കുചേരാന്‍ ശ്രമിക്കണമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ചൈനയ്ക്ക് പുറമെ ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങി നിരവധി വിപണികളിലേക്ക് ഇന്ത്യക്ക് പ്രവേശിക്കാനുള്ള മാര്‍ഗമാണിതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസിലെ മുതിര്‍ന്ന ഗവേഷകന്‍ അമിതേന്ദു പലിത് പറയുന്നു.

Comments

comments

Categories: Business & Economy
Tags: Export