കാര്‍ബണ്‍ പ്രൈസിംഗ്: ആദ്യം പരിഹരിക്കേണ്ടത് രാഷ്ട്രീയ എതിര്‍പ്പുകള്‍

കാര്‍ബണ്‍ പ്രൈസിംഗ്: ആദ്യം പരിഹരിക്കേണ്ടത് രാഷ്ട്രീയ എതിര്‍പ്പുകള്‍

പരിസ്ഥിതി മലിനീകരണത്തിന്റെ ഉപോല്‍പ്പന്നമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ ഓരോ ദിനവും കഴിയുന്തോറും കൂടുതല്‍ രൂക്ഷമാവുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ജനസംഖ്യാ വിസ്‌ഫോടനം നടക്കുന്ന ഇന്ത്യയടക്കം വികസ്വര രാഷ്ട്രങ്ങളാണ് ഇതില്‍ അധികവും നേരിടേണ്ടി വരുന്നത്. പ്രളയവും വരള്‍ച്ചയും അന്‍പത് ഡിഗ്രി തൊടുന്ന ചൂടും അകാല വൃഷ്ടിയും ഹിമപാതവുമെല്ലാം വലിയ പ്രതിസന്ധി തീര്‍ക്കുന്നു. കൃഷിനാശവും കുടിവെള്ളത്തിന്റെയും ആഹാരത്തിന്റെയും അഭാവവും വിലക്കയറ്റവും തൊഴിലില്ലായ്മയും പലായനവും ഇതിനെല്ലാമുപരി വളഷായ ആരോഗ്യ സ്ഥിതിയും ഭൂമിയെ വാസയോഗ്യ ഗ്രഹമെന്ന പട്ടികയില്‍ നിന്ന് ഒഴിവാക്കുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. അന്തരീക്ഷ താപനില വര്‍ധിപ്പിക്കുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം അടിയന്തരമായി കുറക്കേണ്ടതുണ്ട്. കാര്‍ബണ്‍ പ്രൈസിംഗ് പോലെ കരുത്തുറ്റ നിയമ നടപടികളെടുക്കാന്‍ ഭരണകൂടങ്ങള്‍ അമാന്തിച്ചു കൂടാ.

 

കാലാവസ്ഥാ വ്യതിയാനം എന്ന അതീവ പ്രാധാന്യമുള്ള വിഷയവുമായി ബന്ധപ്പെട്ട് അടുത്തിടെ രണ്ട് സുപ്രധാന സംഭവങ്ങള്‍ നടക്കുകയുണ്ടായി. ഐക്യരാഷ്ട്ര സഭയുടെ സയന്റിഫിക് പാനല്‍, ചരിത്രപ്രധാനമായ ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടതാണ് ഇതില്‍ ആദ്യത്തേത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വളരെ അപകടകരമായ ചിത്രം വെളിവാക്കുന്നതായിരുന്നു പ്രസ്തുത റിപ്പോര്‍ട്ട്. ‘രേഖപ്പെടുത്തപ്പെട്ട ഒരു ചരിത്രപരമായ കീഴ്വഴക്കങ്ങളൊന്നും ഇല്ലാത്ത’ വേഗത്തിലും തോതിലും ആഗോള വികസന സാഹചര്യത്തെ പരിവര്‍ത്തനപ്പെടുത്താന്‍ പാനല്‍ ആഹ്വാനം ചെയ്യുന്നു. അടുത്ത 12 വര്‍ഷങ്ങള്‍ക്കകം പകുതിയായും മൂന്ന് പതിറ്റാണ്ടിനകം പൂര്‍ണമായും ആഗോള കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ചില്ലെങ്കില്‍ ലോകത്തെ കാത്തിരിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെ കുറിച്ചും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇതിനുള്ള പ്രതികരണമെന്നതുപോലെ, തൊട്ടടുത്ത ദിവസം റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ്, ആല്‍ഫ്രഡ് നൊബേലിന്റെ ഓര്‍മയ്ക്കായുള്ള സാമ്പത്തികശാസ്ത്രത്തിലെ നൊബേല്‍ പുരസ്‌കാരം, രണ്ട് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് നല്‍കി. കാര്‍ബണ്‍ പ്രൈസിംഗുമായി (അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡൈ ഓക്‌സൈസ് പുറന്തള്ളി മലിനീകരണം ഉണ്ടാക്കുന്നതിന് ഈടാക്കുന്ന പിഴ) ബന്ധപ്പെട്ട നിര്‍ണായകമായ പഠന പ്രവര്‍ത്തന

നിലവിലെ നിരക്കില്‍ തന്നെ ഹരിതഗൃഹ വാതകങ്ങള്‍ പുറത്തു വിടുന്നത് തുടര്‍ന്നാല്‍ 2040 ആകുമ്പോഴേക്കും ഭൂമിയുടെ ശരാശരി അന്തരീക്ഷ താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്നും ഇതോടെ ഗുരുതരമായ പ്രകൃതിക്ഷോഭങ്ങള്‍ക്കും പ്രതിസന്ധിക്കും ലോകം സാക്ഷ്യം വഹിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. തീരമേഖലയില്‍ പ്രളയവും മറ്റ് പലയിടങ്ങളിലും അതിതീവ്രമായ വരള്‍ച്ചയും ഇതിന്റെ ഫലമായി ഉണ്ടാവുമെന്നും യുഎന്‍ റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നുണ്ട്. ഇതുവരെ നടന്നു വന്ന പഠനങ്ങളിലെല്ലാം താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നാലുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങളാണ് വിശദീകരിച്ചിരുന്നത്. എന്നാല്‍ ഈ പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിച്ചതിലും വളരെ വേഗത്തില്‍ സംഭവിച്ചേക്കാമെന്നാണ് പുതിയ പഠനവും അത് മുന്നോട്ടു വെക്കുന്ന തെളിവുകളും സ്ഥാപിക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം, ക്യോട്ടോ പ്രോട്ടോകോളിന്റെയോ പാരീസ് ഉടമ്പടിയുടെയോ പേര്‍ക്കുള്ള പ്രതിബദ്ധതയുടെ രൂപത്തില്‍, കാലാവസ്ഥാ വ്യതിയാനത്തോടുള്ള ആഗോള പ്രതികരണം ശക്തിപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം ഒരുമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആഗോള താപനില ഒരു സുരക്ഷിതമായ അനുപാതത്തില്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ വേഗതയും തോതും ഈ നീക്കത്തിന് ഇതുവരെ കൈവന്നിട്ടില്ല. പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ എന്തുകൊണ്ട് വലിയ തോതിലുള്ള നിയന്ത്രണങ്ങള്‍ക്ക് സാധിക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതുകൊണ്ടുതന്നെ, നോര്‍ദൗസിന്റെ ഗവേഷണം കൂടുതല്‍ പ്രാധാന്യം നേടിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനമെന്ന അപകടത്തോട് എങ്ങനെ മല്ലിടാമെന്നതില്‍ നയരൂപകര്‍ത്താക്കള്‍ക്ക് വഴികാട്ടാന്‍ അദ്ദേഹത്തിന്റെ ഗവേഷണത്തിന് സാധിക്കും.

1920കളില്‍ ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ധനായ ആര്‍തര്‍ സെസില്‍ പിഗോ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം തന്റെ ഗവേഷണം കെട്ടിപ്പടുത്തത്. കാലാവസ്ഥ എന്നത് ഒരു ആഗോള പൊതു ഉപഭോഗവസ്തുവായതിനാല്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ വ്യക്തികളോ, സ്ഥാപനങ്ങളോ, രാജ്യങ്ങളോ കാര്യമായ താത്പര്യം കാട്ടുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഗവേഷണം ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ ലക്ഷ്യങ്ങള്‍ പരാജയപ്പെടുന്നതിന്റെ വ്യക്തമായ കാരണത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കാര്യക്ഷമത പുനസ്ഥാപിക്കാനും പൊതുജന ക്ഷേമത്തിനായും ഇടപെടല്‍ ആവശ്യമാണ്. നികുതികളുടെയോ നിയമങ്ങളുടെയോ രൂപത്തിലാകാം ഈ ഇടപെടല്‍.

കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ അളവ് കുറയ്ക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള നേരിട്ടുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളേക്കാള്‍ ഏറെ ഫലപ്രദമായ മാര്‍ഗം, ഫോസില്‍ ഇന്ധന ഉപഭോഗത്തിന് ഉയര്‍ന്ന നിരക്ക് ഏര്‍പ്പെടുത്തുകയെന്നതാണെന്ന് അദ്ദേഹത്തിന്റെ ഗവേഷണം വ്യക്തമാക്കുന്നു. ഒരു പ്രേരണയോ നിയമനടപടിയോടുള്ള ഭീതിയോ ഇല്ലെങ്കില്‍ മലിനീകരണമുണ്ടാക്കുന്നവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും തങ്ങളുടെ ചെയ്തികള്‍ കാരണം സമൂഹത്തിനേല്‍ക്കുന്ന ദുര്‍വ്യയ ആഘാതം കണക്കിലെടുക്കാതിരിക്കുകയും ചെയ്യും. ഈ ചെയ്തികളുടെ ദോഷഫലം മനസിലാക്കുന്നതിലുള്ള അവരുടെ പരാജയം, കാര്‍ബണ്‍ പുറന്തള്ളുന്നത് കൂടുതല്‍ വര്‍ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ.

ഈ സാഹചര്യത്തില്‍, കാര്‍ബണ്‍ പ്രൈസിംഗ് തന്നെയാണ് ഫലപ്രദമായ പോംവഴിയെന്ന് അദ്ദേഹം വാദിക്കുന്നു. ഫോസില്‍ ഇന്ധന ഉപയോഗത്തിന് കനത്ത നഷ്ടപരിഹാരം നല്‍കേണ്ടി വരുകയാണെങ്കില്‍, ഇത്തരം ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന് ചെലവ് കുറഞ്ഞതും നൂതനവുമായ പരിഹാരമാര്‍ഗങ്ങള്‍ കമ്പനികള്‍ തന്നെ കണ്ടെത്തിക്കോളും. ഊര്‍ജ സംരക്ഷണ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും അതില്‍ നിക്ഷേപിക്കാനും ഈ നയം അവരെ പ്രേരിപ്പിക്കും.

നിയമവിരുദ്ധമായി അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന ഓരോ ടണ്‍ കാര്‍ബണിനും, പുറത്തു വിടുന്നവര്‍ക്കുമേല്‍ നികുതി ചുമത്തുന്നതിനെ കുറിച്ച് സാമ്പത്തിക വിദഗ്ധര്‍ തങ്ങളുടെ സിദ്ധാന്തങ്ങളില്‍ ആവേശഭരിതരാവാറുണ്ട്. എങ്കിലും യഥാര്‍ത്ഥ ലോകത്ത്, സര്‍ക്കാര്‍ ചുമത്തുന്ന വലിയ നിയന്ത്രണങ്ങളാണ് കാര്‍ബണ്‍ പുറത്തു വിടുന്നത് കുറയ്ക്കാനുള്ള പ്രധാനമാര്‍ഗം. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് പ്രധാനമായും ഇപ്രകാരം സംഭവിക്കുന്നത്.

ഒന്നാമത്തേത്, പ്രത്യക്ഷ നികുതി വഴിയോ അല്ലെങ്കില്‍ കാപ്പ് ആന്‍ഡ് ട്രേഡ് പ്രോഗ്രാം (കാര്ഡബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനനുസരിച്ച് കമ്പനികള്‍ക്ക് നികുതി ഇളവുകള്‍ നല്‍കുന്ന രീതി) വഴിയോ പിഴ നിരക്ക് നിശ്ചയിക്കുമ്പോള്‍ കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ തോത് ഗണ്യമായ രീതിയില്‍ കുറയ്ക്കാന്‍ പര്യാപ്തമായ ഒരു തുക നിശ്ചയിക്കാന്‍ സര്‍ക്കാരിന് സാധിക്കാതെ വരുന്നു. ഉദാഹരണത്തിന്, ലോകത്തുടനീളമായി നടപ്പിലാക്കുകയോ നടപ്പിലാക്കാന്‍ തയാറെടുക്കുകയോ ചെയ്യുന്ന 51 കാര്‍ബര്‍ പ്രൈസിംഗ് സംവിധാനങ്ങള്‍ ഉണ്ടെന്നും അവയുടെ എല്ലാം ആകെ മൂല്യം 81.68 ബില്യണ്‍ ഡോളര്‍ ആണെന്നും ലോക ബാങ്കിന്റെ കാര്‍ബണ്‍ പ്രൈസിംഗ് ഡാഷ്‌ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മിക്ക പരിപാടികളിലും കാര്‍ബണ്‍ പുറന്തള്ളുന്നത് കുറക്കാന്‍ ചുമത്തുന്ന നിരക്ക് വളരെ ചെറുതാണെന്നും നിയന്ത്രണ സംവിധാങ്ങള്‍ നടപ്പാക്കാന്‍ ഉല്‍പ്പാദകരെ പ്രേരിപ്പിക്കുന്നതല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഉയര്‍ന്ന നികുതിക്ക് അതേ രീതിയിലുള്ള രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നതിനാല്‍ സര്‍ക്കാര്‍ നിയന്ത്രങ്ങള്‍ സുരക്ഷിതമായ രാഷ്ട്രീയ പന്തയങ്ങളായിരിക്കുമെന്നതാണ് രണ്ടാമത്തെ കാര്യം. ഉദാഹരണത്തിന്, കാപ് ആന്‍ഡ് ട്രേഡ് പ്രോഗ്രാം ഉപയോഗിച്ചുകൊണ്ട് കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കാനുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പദ്ധതി വിജയകരമായിരുന്നു. എന്നാല്‍ വ്യവസായ ഗ്രൂപ്പുകളില്‍ നിന്നും വോട്ടര്‍മാരില്‍ നിന്നും ശക്തമായ പ്രതികരണം സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടതായി വന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന പാര്‍ട്ടി, പരിപാടി റദ്ദാക്കുന്നതിലേക്കും ഇത് വഴി വെച്ചു.

അതുകൊണ്ടുതന്നെ, ഇന്ധന ഉപഭോഗത്തിന് ഉയര്‍ന്ന വില ഈടാക്കുകയാണ് സൈദ്ധാന്തികമായ മാര്‍ഗം. എന്നാല്‍ രാഷ്ട്രീയമായ ഘടകങ്ങള്‍ ഈ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. പൊതു സ്വീകാര്യത ഒരു തടസമാണെന്ന് തോന്നുണ്ടെങ്കില്‍ പൗരന്‍മാര്‍ക്കിടയില്‍ ഇത് സംബന്ധിച്ചുള്ള ബോധ്യത്തിലെ വിടവുകള്‍ നികത്തുകയാണ് നയരൂപകര്‍ത്താക്കള്‍ ചെയ്യേണ്ടത്. കാര്‍ബണ്‍ പ്രൈസിംഗില്‍ നിന്നുള്ള വരുമാനത്തിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട വിഷയവും അവര്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഇങ്ങനെ സമാഹരിക്കുന്ന തുക, സമ്പദ് വ്യവസ്ഥയുടെ പാരിസ്ഥിതകമായ ആശങ്കള്‍ക്ക് പരിഹാരം കാണാന്‍ മികവുറ്റ രീതിയില്‍ ഉപയോഗിക്കണം. ഇത് പൊതു സ്വീകാര്യതയും കാര്‍ബണ്‍ പ്രൈസിംഗ് നടപ്പിലാക്കാനുള്ള നയരൂപകര്‍ത്താക്കളുടെ കഴിവും വര്‍ധിപ്പിക്കും.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോപറ്റിറ്റീവ്‌നസ് അധ്യക്ഷനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider