സാന്‍ട്രോ പ്ലാറ്റ്‌ഫോമില്‍ രണ്ട് മോഡലുകള്‍ കൂടി

സാന്‍ട്രോ പ്ലാറ്റ്‌ഫോമില്‍ രണ്ട് മോഡലുകള്‍ കൂടി

ക്യുഎക്‌സ്1 എന്ന കോഡ് നാമം നല്‍കിയിരിക്കുന്ന സബ്‌കോംപാക്റ്റ് എസ്‌യുവിയാണ് ഇതില്‍ ആദ്യത്തേത്

ന്യൂഡെല്‍ഹി : പുതിയ ഹ്യുണ്ടായ് സാന്‍ട്രോ നിര്‍മ്മിച്ച ഓള്‍-ന്യൂ കെ1 പ്ലാറ്റ്‌ഫോമിന്റെ പുതിയ വേര്‍ഷനില്‍ രണ്ട് മോഡലുകള്‍ കൂടി വിപണിയിലെത്തിക്കും. ക്യുഎക്‌സ്1 എന്ന കോഡ് നാമം നല്‍കിയിരിക്കുന്ന സബ്‌കോംപാക്റ്റ് എസ്‌യുവിയാണ് ഇതില്‍ ആദ്യത്തേത്. രണ്ടാമത്തേത് നെക്സ്റ്റ്-ജെന്‍ ഗ്രാന്‍ഡ് ഐ10 ആയിരിക്കും. 2019 ല്‍ ഇരു മോഡലുകളും പുറത്തിറക്കും. അടുത്ത വര്‍ഷം രണ്ട് സുപ്രധാന ലോഞ്ചുകള്‍ ഉണ്ടായിരിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡി & സിഇഒ വൈകെ കൂ പറഞ്ഞു. ഇന്ത്യയിലെ കോംപാക്റ്റ് കാര്‍ സെഗ്‌മെന്റില്‍ മുപ്പത് ശതമാനത്തിലധികം വിപണി വിഹിതം നേടാന്‍ ഈ വാഹനങ്ങള്‍ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിനെ സഹായിക്കും.

ഭാവിയില്‍ 4 മീറ്ററില്‍ താഴെ നീളം വരുന്ന ഹ്യുണ്ടായുടെ എല്ലാ കാറുകളും കെ1 പ്ലാറ്റ്‌ഫോമിലായിരിക്കും നിര്‍മ്മിക്കുന്നത്. ഒരു പക്ഷേ കിയ മോട്ടോഴ്‌സും ഇതേ തീരുമാനം കൈക്കൊള്ളും. ഭാരം കുറഞ്ഞതും ദൃഢതയേറിയതും വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള വാഹനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതുമാണ് കെ1 പ്ലാറ്റ്‌ഫോം. വ്യത്യസ്ത ബോഡി സ്‌റ്റൈലുകളില്‍ വിവിധ മോഡലുകള്‍ക്കായി ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ ഹ്യുണ്ടായ് മോട്ടോറിനും കിയ മോട്ടോഴ്‌സിനും സാധിക്കും. കെ1 പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ളതായിരിക്കും കിയയുടെ സബ്‌കോംപാക്റ്റ് എസ്‌യുവി.

ചെറു കാറുകള്‍ക്കായി ഹ്യുണ്ടായ് മുമ്പ് ഉപയോഗിച്ചിരുന്ന പ്ലാറ്റ്‌ഫോമിനേക്കാള്‍ 63 ശതമാനം ദൃഢതയുള്ളതാണ് കെ1 പ്ലാറ്റ്‌ഫോം. ഹ്യുണ്ടായ്-കിയയുടെ എസ്എ പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കരിച്ച പതിപ്പാണ് കെ1 പ്ലാറ്റ്‌ഫോം. മാരുതി സുസുകി വിറ്റാര ബ്രെസ്സ, ഫോഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍ എന്നിവയായിരിക്കും ക്യുഎക്‌സ്1 സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ എതിരാളികള്‍. 2020 ല്‍ രണ്ടാം തലമുറ ഹ്യുണ്ടായ് എക്‌സെന്റ് സബ്‌കോംപാക്റ്റ് സെഡാന്‍ നിര്‍മ്മിക്കുന്നതും ഇതേ പ്ലാറ്റ്‌ഫോമിലായിരിക്കും.

Comments

comments

Categories: Auto