ഐക്യരാഷ്ട്രസഭയുടെ പ്രസക്തി മങ്ങുമ്പോള്‍

ഐക്യരാഷ്ട്രസഭയുടെ പ്രസക്തി മങ്ങുമ്പോള്‍

ഐക്യരാഷ്ട്ര സഭയുടെ ഭരണഘടനയായ യുഎന്‍ ചാര്‍ട്ടര്‍ നിലവില്‍ വന്നിട്ട് കഴിഞ്ഞ ദിവസം 73 വര്‍ഷങ്ങള്‍ പിന്നിട്ടു. 1948 മുതല്‍ ചാര്‍ട്ടറിന്റെ രൂപീകരണം യുഎന്‍ ദിനമായി ഐക്യരാഷ്ട്ര സഭ ആഘോഷിക്കുന്നുമുണ്ട്. എന്നാല്‍ യുഎന്‍ എന്ന ആശയത്തെ തന്നെ അപ്രസക്തമാക്കുന്ന നടപടികളാണ് അതിന്റെ തലപ്പത്ത് രൂപീകരിച്ചിരിക്കുന്ന അമിതാധികാര സ്വഭാവമുള്ള സുരക്ഷാ സമിതി അംഗ രാഷ്ട്രങ്ങളില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പരസ്പരം വീറ്റോകളെടുത്തു വീശി പോരടിക്കുകയാണ് യുഎസും റഷ്യയും ചൈനയും അടങ്ങിയ ശാക്തിക ചേരികള്‍. ലോകത്തെ ഏറ്റവം വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സുരക്ഷാ സമിതി അംഗത്വ അപേക്ഷയും ആവര്‍ത്തിച്ച് നിരസിക്കപ്പെടുന്നു. യുഎന്നില്‍ ലോജ ജനതക്കുള്ള വിശ്വാസ്യത മങ്ങുന്ന പ്രവണത തുടരുകയാണ്.

 

‘ഐക്യ രാഷ്ട്ര സംഘടന ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഒരു കമ്പനിയാണെന്നും അതില്‍ ധാരാളം നിക്ഷേപകരും ഉണ്ടെന്ന് സങ്കല്‍പ്പിക്കുക. പെട്ടെന്ന് വിറ്റൊഴിക്കുന്നതാവും ബുദ്ധി. ഭാവി നിക്ഷേപത്തിനായി ഒട്ടും നിര്‍ദ്ദേശിക്കാവുന്നതല്ല ആ സ്ഥാപനം,’ ഇതാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് യുഎന്നിനോടുള്ള സമീപനം. ലോകസമാധാനത്തിനും സുരക്ഷക്കുമായി ഒരു സംഘടന എന്ന നിര്‍ദ്ദേശവും യുഎന്‍ഒ എന്ന പേരും നിര്‍ദ്ദശിച്ചത് 1941 ഡിസംബറില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്കഌന്‍ ഡി റൂസ്‌വെല്‍റ്റ് ആയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങളിലൊന്നായ ലീഗ് ഓഫ് നേഷന്‍സിന്റെ തകര്‍ച്ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് യുഎന്‍ ഭരണഘടനയായ ചാര്‍ട്ടറില്‍ 1945 ഒക്‌റ്റോബര്‍ 24 ന് 51 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ചത്.

ഇന്ന് 193 അംഗരാജ്യങ്ങളും പലസ്തീന്‍, വത്തിക്കാന്‍ എന്നീ രണ്ട് നിരീക്ഷകരും ഉള്‍പ്പെടുന്ന യുഎന്‍ സംവിധാനം അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തന ഫണ്ടിന്റെ 22 ശതമാനവും നല്‍കി വരുന്നത് ട്രംപിന്റെ അമേരിക്കയാണ്. എന്നാല്‍ നിര്‍ണായക ഘട്ടങ്ങളില്‍ യുഎന്‍ സംവിധാനങ്ങള്‍ അമേരിക്കന്‍ സഹായത്തിനെത്തുന്നില്ല എന്നതാണ് അവരുടെ ഏറ്റവും വലിയ പരാതി. യുഎനിലേക്കുള്ള യുഎസ് അബാസിഡറാകട്ടെ ഇന്ത്യന്‍ വംശജ നിക്കി ഹാലിയാണ്. യുഎന്‍ സംവിധാനങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടു എന്ന് വാദിച്ചുവന്ന നിക്കി ഹാലിയെ തന്നെ യുഎന്‍ പ്രതിനിധിയാക്കിയതിലൂടെ ഒരു പരിധിവരെ സംഘടനയെ കൊഞ്ഞനം കുത്തുകയാണ് ട്രംപ് ചെയ്തത്.

സംരംക്ഷണ ഭിത്തികള്‍ നിര്‍മിക്കുന്നതിന് തിരക്ക് കൂട്ടുന്ന ട്രംപ് യുഎന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റമാണ് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് യുനെസ്‌കോയില്‍ നിന്നുള്ള പിന്മാറ്റം, യുഎന്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ജറുസലേമിലേക്ക് എംബസി മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ തീരുമാനങ്ങളുമെടുത്തു. യുഎന്‍ പോപുലേഷന്‍ ഫണ്ട്, കുടിയേറ്റക്കാര്‍ക്കുള്ള സംഘടന, മനുഷ്യാവകാശ കൗണ്‍സില്‍, പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഏജന്‍സി എന്നിവയ്‌ക്കൊക്കെയുള്ള സഹായം പൂര്‍ണമായും നിര്‍ത്തുകയാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

ഇതിനിടെയാണ് യുഎന്‍ സംവിധാനത്തിലെ ഏറ്റവും ജനാധിപത്യവിരുദ്ധ ഘടകമായ സുരക്ഷാ കൗണ്‍സിലും അവരുടെ പ്രത്യേക അധികാരമായ വീറ്റോയെ ചൊല്ലിയുള്ള വിവാദങ്ങളും പുതിയൊരു ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടിരിക്കുന്നത്.

അഞ്ച് സ്ഥിരാംഗങ്ങള്‍ ചേര്‍ന്നും ഒറ്റക്കും കൂട്ടായുമൊക്കെ നിയമനിര്‍മാണങ്ങള്‍ മുടക്കുന്ന പതിവ് തികച്ചും ജനാധിപത്യ പരമല്ലാത്ത പ്രവണതകള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. പഴയ സോവിയറ്റ് യൂണിയനായ ഇപ്പോഴത്തെ റഷ്യയാണ് വീറ്റോ പ്രയോഗത്തില്‍ മുമ്പന്‍മാര്‍. അമേരിക്ക പ്രയോഗിച്ച 42 വീറ്റോകളില്‍ 24 ഉം ഇസ്രയേലിന് അനുകൂലവും പലസ്തീന്‍ വിരുദ്ധവുമായിരുന്നു. 1971 ല്‍ മാത്രം യുഎന്‍ അംഗത്വം നേടിയ കമ്യൂണിസ്റ്റ് ചൈന റിച്ചാര്‍ഡ് നിക്‌സന്റെ പിന്തുണയോടെ പിന്നീട് തരപ്പെടുത്തിയ യുഎന്‍എസ്‌സി സ്ഥിരാംഗത്വം നന്നായി ഉപയോഗിച്ച് വരുന്നുണ്ട്. 2006 ന് ശേഷം മാത്രം ചൈന പ്രയോഗിച്ചത് 12 വീറ്റോകളാണ്. ചൈനക്ക് അംഗത്വം ലഭിച്ചപ്പോള്‍ പുറത്ത് പോയൊരു രാജ്യമുണ്ട് യുഎന്നില്‍; തായ്‌വാന്‍.

ഇന്ത്യ, ബ്രസീല്‍, ജര്‍മനി, ജപ്പാന്‍, എന്നിവര്‍ ചേര്‍ന്ന് രൂപവല്‍ക്കരിച്ച സമ്മര്‍ദ ശക്തിയായ ജി4, യുഎന്‍എസ്‌സി സ്ഥിരാംഗത്വത്തിനായി ആഞ്ഞ് പിടിക്കുന്നുണ്ട്. എന്നാല്‍ നിലവിലുള്ള അഞ്ച് സ്ഥിരാംഗങ്ങള്‍ക്കും യുഎന്‍എസ്‌സി പരിഷ്‌കാരങ്ങള്‍ക്കും പുതിയ അംഗങ്ങള്‍ കടന്നുവരുന്നതിലും താല്‍പ്പര്യം ഒട്ടുമേയില്ല. 1989 ന് ശേഷം യുഎന്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വീറ്റോ രേഖപ്പെടുത്തിയ വര്‍ഷം 2017 ആയിരുന്നു. സിറിയന്‍ വിഷയത്തില്‍ അസദ് ഭരണകൂടത്തിനായാണ് ചൈനയും റഷ്യയും ഇത്രയധികം വീറ്റോ പ്രയോഗിച്ചത്.

1989 ലെ ബെര്‍ലിന്‍ മതിലിന്റെ പതനത്തെ തുടര്‍ന്ന് 50 ല്‍ അധികം സമാധാന ദൗത്യങ്ങള്‍ യുഎന്‍ നേതൃത്വത്തില്‍ നടത്തപ്പെട്ടിട്ടുണ്ട്. സൊമാലിയ, ബോസ്‌നിയ, റുവാണ്ട, എന്നിവിടങ്ങളില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ യുഎന്നിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ അതിതീവ്ര ദേശീയതയൂടെ സത്യാനന്തര (Post Truth) കാലഘട്ടത്തില്‍ യുഎന്‍ നിര്‍ന്നിമേഷരായി നോക്കി നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. സിറിയ, യെമന്‍, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്ന് പലായനങ്ങള്‍ തുടരുന്നു. കൂടുതല്‍ അഭയാര്‍ത്ഥികള്‍ സൃഷ്ടിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നു. 73ാമത് യുഎന്‍ പൊതുസഭയില്‍ സെക്രട്ടറി അന്തോണിയോ ഗുട്ടറാസ് പറഞ്ഞുവെച്ചത് മാനവിക ഐക്യമാണ് ഭാവിയുടെ ആയുധം എന്നാണ്. 76 വയസ്സിലെത്തി നില്‍ക്കുന്ന യുഎന്‍ പൊതുസഭയില്‍ നിന്ന് ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചലാ മെര്‍ക്കല്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ്, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ എന്നിവരെല്ലാം വിട്ട് നിന്നപ്പോള്‍ സ്വാഭാവികമായും ചോദ്യമുയര്‍ന്നിരിക്കുകയാണ്. ‘Do we still need the UN?’ അതെ, ഇത്തരത്തില്‍ ജനാധിപത്യം തീരെയില്ലാത്ത യുഎന്‍പോലുള്ള ഒരു സംവിധാനത്തിന്റെ ആവശ്യമുണ്ടോ?

Comments

comments

Categories: FK Special, Slider
Tags: UN