റഷ്യ-ചൈന ചേരിയിലെത്തുമോ സൗദി അറേബ്യ?

റഷ്യ-ചൈന ചേരിയിലെത്തുമോ സൗദി അറേബ്യ?
  • ഖഷോഗ്ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് യുഎസ്-സൗദി ബന്ധം നേരിടുന്നത് അഗ്നിപരീക്ഷണം
  • സൗദിക്കെതിരെ ഉപരോധം വേണമെന്ന ആവശ്യം അമേരിക്കയില്‍ ശക്തമാകുന്നു
  • പുതുസാഹചര്യത്തില്‍ റഷ്യയും ചൈനയുമായുള്ള ബന്ധം സൗദി ശക്തിപ്പെടുത്തുമെന്ന് വിദഗ്ധര്‍

മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചിടത്തോളം അഗ്നിപരീക്ഷണം തന്നെയാണ്. ഖഷോഗ്ഗിയുടെ കൊലപാതകം ആസൂത്രണം ചെയ്തത് സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന വസ്തുത പുറത്തുവന്നതോടെ അറബ് രാജ്യത്തിനെതിരെ ഉപരോധം വേണമെന്ന ആവശ്യം അമേരിക്കയില്‍ ശക്തമാവുകയാണ്. ഒരു പക്ഷേ ഉപരോധം യാഥാര്‍ത്ഥ്യമായേക്കാമെന്ന സൂചനയും യുഎസ് നല്‍കുന്നുണ്ട്.

ഇടയ്ക്കിടെ സൗദിക്കെതിരായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും മനസിനുള്ളില്‍ അദ്ദേഹത്തിന് സൗദിയോട് താല്‍പ്പര്യക്കുറവ് ലവലേശമില്ല. അമേരിക്കയുടെ വിശ്വസ്തതയുള്ള പങ്കാളിയയാണ് സൗദിയെ ട്രംപ് കാണുന്നത്.

അമേരിക്കയില്‍ നിന്നും ഏറ്റവുമധികം ആയുധങ്ങള്‍ വാങ്ങിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. അതുകൊണ്ടുതന്നെ അവരുമായുള്ള ബന്ധത്തില്‍ വലിയ ബിസിനസ് താല്‍പ്പര്യം കൂടി അന്തര്‍ലീനമാണ്. എന്നാല്‍ എല്ലാ ബിസിനസുകള്‍ക്കുമപ്പുറത്ത് സൗദിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നുള്ള ആവശ്യം അമേരിക്കയില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.

സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്‌ജെല മെര്‍ക്കല്‍ പറഞ്ഞതിന് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. ട്രംപിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായി സൗദിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക നിര്‍ബന്ധിതമായാല്‍ അറബ് ലോകത്തെ രാഷ്ട്രീയ, സാമ്പത്തിക സമവാക്യങ്ങളിലെല്ലാം കാതലായ മാറ്റം വരും.

അമേരിക്ക കടുത്ത നിലപാടിലേക്ക് പോയാല്‍ റഷ്യയുമായും ചൈനയുമായും കൂടുതല്‍ ബിസിനസ് ചെയ്യാനാണ് സൗദിയുടെ പദ്ധതി. അമേരിക്ക സൗദിക്ക് എതിരായി മാറിയാല്‍ അവര്‍ വെറുതെ കൈയും കെട്ടി നോക്കി നില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് ഒരു നയതന്ത്ര വിദഗ്ധന്‍ പ്രതികരിച്ചത്. ട്രംപ് സൃഷ്ടിക്കുന്നത്ര തലവേദന സൗദിയെ സംബന്ധിച്ചിടത്തോളം പുടിനില്‍ നിന്നുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

വഷളാകുന്ന ബന്ധം

വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റും സൗദി അറേബ്യയുടെ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകനുമായ ജമാല്‍ ഖഷോഗ്ഗി ഒക്‌റ്റോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലേക്ക് പോയതിന് ശേഷമാണ് വിവാദങ്ങളുടെ തുടക്കം. ഇസ്താന്‍ബുളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പോയ ഖഷോഗ്ഗിയെ പിന്നീട് ആരും കണ്ടിട്ടില്ല. വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെ ഖഷോഗ്ഗിയെ സൗദി സംഘം കൊലപ്പെടുത്തിയതായി തുര്‍ക്കി അധികൃതര്‍ പറഞ്ഞെങ്കിലും സൗദി നിഷേധിക്കുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ്, അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഖഷോഗ്ഗി കൊല്ലപ്പെട്ടതായി സൗദി സമ്മതിച്ചത്. എന്നാല്‍ സൗദിയുടെ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന് കൊലപാതകവുമായി ബന്ധമൊന്നുമില്ലെന്നും അറബ് ഭരണകൂടം വ്യക്തമാക്കി.

സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ പ്രധാന നിക്ഷേപക ഉച്ചകോടിയില്‍ നിന്ന് നിരവധി വമ്പന്മാര്‍ പിന്‍വലിയുന്നതിനും ഖഷോഗ്ഗിയുടെ കൊലപാതകം വഴിവെച്ചു. അമേരിക്കയില്‍ നിന്നുള്ള വമ്പന്‍മാര്‍ എല്ലാം ആഗോള നിക്ഷേപക ഉച്ചകോടിയില്‍ നിന്ന് പിന്മാറിയെങ്കിലും റഷ്യയുടെ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ തലവന്‍ പങ്കെടുത്തത് ശ്രദ്ധേയമായി. ജെപി മോര്‍ഗന്‍, ഫോര്‍ഡ്, യുബര്‍, ബ്ലൂംബര്‍ഗ്, സിഎന്‍എന്‍, ഫിനാന്‍ഷ്യല്‍ ടൈംസ് തുടങ്ങിയ വമ്പന്‍ സ്ഥാപനങ്ങളുടെ പ്രതിനിധികളെല്ലാം ഉച്ചകോടി ബഹിഷ്‌കരിക്കുകയാണ്. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ഉച്ചകോടിയില്‍ പങ്കെടുക്കില്ലൈന്ന് വ്യക്തമാക്കി ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കിയിരുന്നു.

റഷ്യക്കും ചൈനയ്ക്കും മികച്ച അവസരം

അടുത്തിടെയായി സൗദിയും റഷ്യയും തമ്മിലുള്ള ബന്ധം മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശക്തിപ്പെട്ടുവരികയാണ്. റഷ്യയുടെ പിന്തുണയോടെയാണ് സൗദി അറേബ്യ എണ്ണ വിപണിയെ മുഴുവനും നിയന്ത്രിച്ചു നിര്‍ത്തുന്നത്. 2014ല്‍ എണ്ണ വിപണി തകര്‍ന്നടിഞ്ഞപ്പോള്‍ ഒപെക്ക് മുന്‍കൈയെടുത്ത് കൊണ്ടുവന്ന ഉല്‍പ്പാദനവെട്ടിച്ചുരുക്കല്‍ കരാറാണ് ഇപ്പോള്‍ എണ്ണ വില വര്‍ധനയിലേക്ക് നയിച്ചത്. കരാറിന് റഷ്യയുടെ പിന്തുണ നേടിയെടുക്കാന്‍ സൗദിക്ക് സാധിച്ചതാണ് എണ്ണ വിപണിയുടെ ഉയിര്‍ത്തെഴുനേല്‍പ്പില്‍ നിര്‍ണായക പങ്കുവഹിച്ചത്.

ആഗോള എണ്ണ വിപണിയുടെ ഗതി നിര്‍ണയിക്കുന്ന സൂപ്പര്‍ ഒപെക്ക് സഖ്യമായി റഷ്യയും സൗദി അറേബ്യയും വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്ക് രൂപം കൊടുത്ത ഉല്‍പ്പാദനനിയന്ത്രണ കരാറിന്റെ തേരിലേറിയാണ് എണ്ണ വിപണി തിരിച്ചുകയറിയതെന്നത് ആ സഖ്യത്തിന് വലിയ സാധുതയും നല്‍കുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒപെക്ക് ഇതര എണ്ണ ഉല്‍പ്പാദന രാജ്യമായ റഷ്യയെ ഈ കരാറിന്റെ ഭാഗമാക്കാനും സൗദിയുടെ നയങ്ങള്‍ക്ക് അനുസൃതമായി കൊണ്ടുവരാനും കഴിഞ്ഞതാണ് ഏറ്റവും നിര്‍ണായകമായി മാറിയത്.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ക്രെംലിനില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ച വലിയ വാര്‍ത്തയായിരുന്നു. എണ്ണ, വാതക മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ ഇരുനേതാക്കളും തീരുമാനിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ആദ്യമായി ഒരു സൗദി രാജാവ് റഷ്യ സന്ദര്‍ശിക്കാനുമിടയായി. സല്‍മാന്‍ രാജാവിന്റെ സന്ദര്‍ശനത്തിന്റെ ഫലമായി ഇരുരാജ്യങ്ങളും തമ്മില്‍ ഒരു ബില്ല്യണ്‍ ഡോളറിന്റെ സംയുക്ത നിക്ഷേപഫണ്ടും രൂപംകൊണ്ടു. സാങ്കേതികവിദ്യ, പ്രതിരോധം, കൃഷി തുടങ്ങി വിവിധ മേഖലകളിലായി 15 സഹകരണ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. എസ്-400 മിസൈല്‍ ഡിഫന്‍സ് സിസ്റ്റം സൗദിക്ക് നല്‍കുന്നതിനുള്ള സന്നദ്ധതയും റഷ്യ അറിയിച്ചിരുന്നു.

സൗദി നിക്ഷേപ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന റഷ്യന്‍ ഫണ്ട് മാനേജര്‍ക്ക് സൗദി മാധ്യമങ്ങള്‍ മികച്ച സ്‌പേസ് നല്‍കിയെന്നതും അമേരിക്കയ്ക്കുള്ള സന്ദേശമാണ്. റഷ്യന്‍ പ്രസിഡന്റിന്റെ വളരെ അടുത്ത ആളാണ് കിരില്‍ ദിമിത്രിയേവ് എന്ന ഫണ്ട് മാനേജര്‍. ഞങ്ങളെ സംബന്ധിച്ചിടത്തോളം മഹത്തായ ഒരു പങ്കാളിയാണ് സൗദി അറേബ്യ-കിരില്‍ പറഞ്ഞു. സൗദിയിലെ മാത്രമല്ല, അറബ് ലോകത്തെ തന്നെ ശക്തനായ നേതാവ് താനാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു 33കാരനായ പ്രിന്‍സ് മുഹമ്മദ് ആഗോള നിക്ഷേപ ഉച്ചകോടിയിലൂടെ വ്യക്തമാക്കിയത്.

അതേസമയം ചൈനയാണ് സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 2017ല്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായത് 47 ബില്ല്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരാമാണ്. ഊര്‍ജ്ജം, സ്‌പേസ് ടെക്‌നോളജി തുടങ്ങിയ മേഖലകളിലായി കഴിഞ്ഞ മാര്‍ച്ചില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 65 ബില്ല്യണ്‍ ഡോളറിന്റെ മെഗാ കരാറും ഒപ്പുവെച്ചു. അതേസമയം ചൈനയ്ക്ക് സൗദിയുമായി ആയുധ ഇടപാടുകള്‍ കുറവാണ്. യുഎസ് നല്‍കുന്നതുപോലെ അത്യാധുനിക ആയുധങ്ങള്‍ ചൈനയില്‍ നിന്ന് അവര്‍ക്ക് ലഭിക്കില്ല. ചൈനയില്‍ നിന്നും സൗദിയിലേക്കുള്ള കഴിഞ്ഞ വര്‍ഷത്തെ ആയുധ കയറ്റുമതി കേവലം 20 മില്ല്യണ്‍ ഡോളര്‍ മാത്രമായിരുന്നു. അതേസമയം യുഎസില്‍ നിന്ന് സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം വാങ്ങിച്ചത് 3.4 ബില്ല്യണ്‍ ഡോളറിന്റെ ആയുധങ്ങളാണെന്ന് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പറയുന്നു.

അറബ് ലോകത്തെ രാഷ്ട്രീയ സ്ഥിരത

റഷ്യയുമായി കൂടുതല്‍ ഇടപാടുകള്‍ നടത്താനുള്ള പ്രവണത കുറച്ച് മുമ്പ് തന്നെ റിയാദ് പ്രകടമാക്കുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നയതന്ത്രബന്ധങ്ങളിലെ വൈവിധ്യവല്‍ക്കരണം യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ പ്രതിസന്ധിസാഹചര്യങ്ങളിലെ അതിജീവനം ശ്രമകരമാകുമെന്ന തിരിച്ചറിവിലാണ് ഈ വിലയിരുത്തല്‍. യുഎസോ യൂറോപ്യന്‍ യൂണിയനോ സൗദിക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ റഷ്യയുടെയും ചൈനയുടെയും പിന്തുണയില്‍ പിടിച്ച്‌നില്‍ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

യുഎസുമായുള്ള സൗദിയുടെ ബന്ധം മോശമായാല്‍ അറേബ്യന്‍ മേഖലയെ ആകെ അത് ബാധിക്കുമോയെന്ന ആശയങ്കയും പലര്‍ക്കുമുണ്ട്. സൗദിക്ക് യുഎസുമായുള്ള ബന്ധം ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്തിക്കൊണ്ടുപോകാനായിരുന്നു ആഗ്രഹം. ഇറാനെതിരെയുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയത് സൗദി-യുഎഇ നേതൃത്വത്തിലുള്ള ജിസിസി രാജ്യങ്ങളെ വളരെയധികം സന്തോഷിപ്പിച്ചിരുന്നു. അതിനിടയിലാണ് ഖഷോഗ്ഗിയുടെ കൊലപാതകത്തിന്റെ പേരില്‍ സൗദി പ്രതിക്കൂട്ടിലാകുന്നത്.

നടപടിയാരംഭിച്ച് യുഎസ്

ഖഷോഗ്ഗിയുടെ കൊലപാതകം സൗദി ഭരണത്തിലെ പലരുടെയും അറിവോടെയാണെന്ന് വ്യക്തമായതോടെ നടപടി ആരംഭിച്ചിരിക്കുകയാണ് അമേരിക്ക. സൗദിക്കെതിരെ കൃത്യമായ നടപടികള്‍ എടുക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. 21 സൗദി ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്ന് പോംപിയോ വ്യക്തമാക്കി. എന്നാല്‍ ഇത് അവസാനനടപടി ആയിരിക്കില്ലെന്ന വ്യക്തതയും അദ്ദേഹം നല്‍കി. ഖഷോഗ്ഗിയുടേത് തികച്ചും ആസൂത്രിതമായ കൊലപാതകം ആയിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ പറഞ്ഞത്. ഒരു മാധ്യമ പ്രവര്‍ത്തകനെ നിശബ്ദനാക്കാന്‍ സ്വീകരിച്ച ഇത്തരത്തിലുള്ള ഹീനമായ പ്രവൃത്തിയെ ഒരു തരത്തിലും യുഎസ് സഹിക്കില്ലെന്ന് പോംപിയോ പറഞ്ഞു.

സൗദി ഇന്റലിജന്‍സ് സര്‍വീസ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളിലാണ് കൊലപാതകത്തിന് കാരണക്കാരായ ചില ഉദ്യോഗസ്ഥരുള്ളതെന്ന് പോംപിയോ പറഞ്ഞു. അതേസമയം ഖഷോഗ്ഗിയുടെ മകന്‍ സല ഖഷോഗ്ഗിക്ക് ഷേക്ക് ഹാന്‍ഡ് നല്‍കി ആശ്വസിപ്പിക്കുന്ന പ്രിന്‍സ് മുഹമ്മദിന്റെ ചിത്രം സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടത് ട്വിറ്ററില്‍ വന്‍വിമര്‍ശനങ്ങള്‍ക്കിടയാക്കി. അത്യന്തം ഹീനമായിപ്പോയ നടപടിയായി അതെന്നാണ് പൊതുവെ വികാരമുയര്‍ന്നത്.

സൗദി ഇതുവരെ ഉത്തരം പറയാത്ത 7 ചോദ്യങ്ങള്‍

  • യഥാര്‍ത്ഥത്തില്‍ ഖഷോഗ്ഗി സൗദി അറേബ്യയിലേക്ക് തിരിച്ചുവരാന്‍ പദ്ധതിയിട്ടിരുന്നോ?
  • ഖഷോഗ്ഗിയുമായുള്ള ചര്‍ച്ചയ്ക്കിടെ അദ്ദേഹം കൊല്ലപ്പെട്ടുവെന്നാണ് സൗദിയുടെ ഭാഷ്യം. എന്തിനാണ് ഫോറിന്‍സിക് വിദഗ്ധനും സുരക്ഷാ സൈനികരും ഉള്‍പ്പെട്ട 15 അംഗസംഘത്തിനെ ചര്‍ച്ചയ്ക്ക് അയച്ചത്?
  • ഇസ്താന്‍ബുള്ളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് ഒക്‌റ്റോബര്‍ രണ്ടിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?
  • ഖഷോഗ്ഗിയെ സൗദി സംഘം കൊലപ്പെടുത്തിയെന്ന് ബോധ്യമായിട്ടും എന്തിനാണ് സൗദി സര്‍ക്കാര്‍ ഖഷോഗ്ഗി ഒരു കുഴപ്പവുമില്ലാതെ കോണ്‍സുലേറ്റില്‍ നിന്ന് പോയെന്ന് നുണ പറഞ്ഞത്?
  • സൗദി അറേബ്യയുടെ നയതന്ത്ര, സുരക്ഷ വിഷയങ്ങളെയെല്ലാം നിയന്ത്രിക്കുന്ന പ്രിന്‍സ് മുഹമ്മദിന് എങ്ങനെയാണ് ഖഷോഗ്ഗി വിഷയത്തെകുറിച്ച് അറിവില്ലാതിരിക്കുക?
  • ഖഷോഗ്ഗി കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി അറസ്റ്റ് ചെയ്ത ആളുകളും തുര്‍ക്കി തിരിച്ചറിഞ്ഞ ആളുകളും ഒന്നാണോ?
  • ഖഷോഗ്ഗിയുടെ കൊലപാതകത്തെ കുറിച്ച് ഒരു വിശദീകരണം നല്‍കാന്‍ എന്തുകൊണ്ടാണ് 17 ദിവസത്തോളം സൗദി എടുത്തത്?

Comments

comments

Categories: Arabia