രാഷ്ട്രീയനയങ്ങളുടെ പേരില്‍ താറുമാറാകുന്ന ആഗോളസാമ്പത്തികരംഗം

രാഷ്ട്രീയനയങ്ങളുടെ പേരില്‍ താറുമാറാകുന്ന ആഗോളസാമ്പത്തികരംഗം

യുഎസ്- ചൈന വ്യാപാരയുദ്ധം, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍, ബ്രെക്‌സിറ്റ്, തകര്‍ച്ച നേരിടുന്ന ഇറ്റലിയുടെ ബജറ്റ് തുടങ്ങിയവ നിക്ഷേപകരില്‍ പരിഭ്രാന്തി പരത്തുന്നു

ആഗോള സാമ്പത്തികരംഗം ഇന്ന് കൂടുതല്‍ സങ്കീര്‍ണതകളിലകപ്പെട്ട് ശ്വാസം മുട്ടുകയാണ്. രാഷ്ട്രീയ ബലപരീക്ഷണങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടായിരിക്കുന്നത്. ഏകധ്രുവ ലോകത്തെ നയിക്കുന്ന അമേരിക്ക തന്നെ ഡൊണാള്‍ഡ് ട്രംപ് ഭരണത്തോടെ സാമ്പത്തികത്തകര്‍ച്ചയെ പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടുന്നു. സ്വാഭാവികമായി സഖ്യകക്ഷികളിലും ഇതിന്റെ പ്രത്യാഘാതം ഉണ്ടാകും. ഇതിനു പുറമെയാണ് മാന്ദ്യഭീഷണി നേരിടുന്ന യൂറോപ്പിലുണ്ടായിരിക്കുന്ന സാമ്പത്തിക നയവൈകല്യങ്ങള്‍. അമേരിക്കന്‍ ചേരിയില്‍ നില്‍ക്കുന്ന ബ്രിട്ടണെ ബ്രെക്‌സിറ്റ് പ്രതിസന്ധി കുഴക്കുമ്പോള്‍ത്തന്നെ ഭൂഖണ്ഡത്തിലെ പ്രമാണികളായ ഇറ്റലി, ഗ്രീസ്, ജര്‍മനി എന്നിവ വലിയ തകര്‍ച്ചയെ നേരിടുന്നു.

യുഎസ് ഓഹരിവിപണി ആസ്ഥാനം വോള്‍ സ്ട്രീറ്റിലും യൂറോപ്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റുകളിലും ചൊവ്വാഴ്ച ഏഷ്യന്‍ ഓഹരികള്‍ താഴ്ന്നു. ഇതോടെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ ആശങ്ക വര്‍ധിക്കാന്‍ തുടങ്ങി. ലോക സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലാക്കാന്‍ സാധ്യതയുള്ള അപകടസാധ്യതകളുടെ കുഴഞ്ഞുമറിച്ചിലുകളെക്കുറിച്ച് നിക്ഷേപകരുടെ ആശങ്ക വര്‍ധിച്ചുവരികയാണ്. അമേരിക്കയ്ക്കും ചൈനയ്ക്കും ഇടക്കുള്ള വ്യാപാര തര്‍ക്കം, യുഎസ് പലിശനിരക്ക് വര്‍ധിപ്പിക്കല്‍, സൗദി ജേണലിസ്റ്റ് ജമാല്‍ ഖഷോഗിയുടെ മരണം, യൂറോപ്യന്‍ യൂണിയനും ഇറ്റലിയുമായുള്ള ബജറ്റ് തര്‍ക്കം തുടങ്ങിയ നിരവധി നയതന്ത്രപ്രശ്‌നങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.

സാമ്പത്തികപ്രതിസന്ധി പുതിയൊരുഘട്ടത്തിലേക്കു കടക്കുകയാണെന്ന ഐഎംഎഫിന്റ മുന്നറിയിപ്പ് അതിനുള്ള കാരണങ്ങളും നിരത്തുന്നുണ്ട്. 2008ലെ ആഗോളമാന്ദ്യത്തിനു മുമ്പോട്ടു വെച്ച സാമ്പത്തികപരിഷ്‌ക്കരണ നടപടികള്‍ മുമ്പോട്ടു കൊണ്ടു പോകുന്നതില്‍ സര്‍ക്കാരുകളും സാമ്പത്തിക നിയന്ത്രണ ഏജന്‍സികളും വരുത്തിയ വീഴ്ചകളാണ് ദുരവസ്ഥയ്ക്കു കാരണമെന്ന് ഐഎംഎഫ് അധികൃതര്‍ പറയുന്നു. ആഗോള വായ്പാഭാരം മുമ്പു മാന്ദ്യം നേരിട്ട 2008നേക്കാള്‍ ഉയര്‍ന്നിരിക്കുന്നു. ഇതിനു കാരണം കുത്തക സ്വകാര്യ ധനസ്ഥാപനങ്ങള്‍ ഏജന്‍സികളുടെ കണ്ണുവെട്ടിച്ചും ചട്ടങ്ങള്‍ മറികടന്നും ഉണ്ടാക്കിയ നേട്ടങ്ങളാണെന്നും ഐഎംഎഫ് കുറ്റപ്പെടുത്തുന്നു. ഐഎംഎഫിന്റെ ആഗോള സാമ്പത്തിക സുസ്ഥിരതാ റിപ്പോര്‍ട്ടിലും ഇത്തരം വിമര്‍ശനങ്ങള്‍ ഇട നേടിയിട്ടുണ്ട്. റെഗുലേറ്റര്‍മാരുടെ അലംഭാവത്തിനും അന്താരാഷ്ട്ര കരാറുകള്‍ക്കുമെതിരേയുള്ള തിരിച്ചടിയാണ് മുന്നറിയിപ്പ്.

യുഎസും ആഗോള ഇക്വിറ്റികളും ഉയര്‍ന്ന വരുമാനം ഉണ്ടാക്കുമ്പോള്‍ത്തന്നെ, രാഷ്ട്രീയ-ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും വലിയതോതില്‍ ഉടലെടുത്തതാണ് ആഗോള സാമ്പത്തികരംഗത്തെ പിടിച്ചുലച്ചത്. ട്രംപ് ഭരണകൂടത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇനിയും പൂര്‍ണമായി അനുഭവപ്പെടേണ്ടതുണ്ട്. ട്രംപിന്റെ സംരക്ഷിത സാമ്പത്തിക, വ്യാപാര നയങ്ങള്‍ സ്വകാര്യനിക്ഷേപത്തെ സഹായിക്കുകയും യുഎസില്‍ നേരിട്ടുള്ള വിദേശനിക്ഷേപവും വിപുലമായ ബാഹ്യ ധനകമ്മിയും കുറക്കുന്നു. അമേരിക്കയും അതിന്റെ വ്യാപാര പങ്കാളികളും സൃഷ്ടിക്കുന്ന ഇപ്പോഴത്തെ ഭീഷണി 2020- ഓടെ 0.5% എന്ന തോതില്‍ ആഗോള വളര്‍ച്ചയുടെ തോത് കുറയ്ക്കുന്നതിലേക്കാണു നീങ്ങുന്നത്. ഏകദേശം 430 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് വ്യാപാരയുദ്ധം ഉണ്ടാക്കുന്നതെന്ന് ഐഎംഎഫ് മുന്നറിയിപ്പു നല്‍കിയിരുന്നു.

യുഎസിലെ പ്രശ്‌നങ്ങള്‍ ആശങ്ക ജനിപ്പിക്കുന്നതിനിടയില്‍ത്തന്നെ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചൈനയെയും ഇതു ബാധിച്ചതായി ഗവേഷണ സ്ഥാപനമായ ക്യാപ്പിറ്റല്‍ ഇക്കണോമിക്‌സിലെ മാര്‍ക്കറ്റ് സാമ്പത്തിക വിദഗ്ധനായ ഒലിവര്‍ ജോണ്‍സ് പറയുന്നു. ചൈന ഇനിയും ചുങ്കം വര്‍ധിപ്പിക്കുകയാണെങ്കില്‍ അവരുടെ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച യാഥാര്‍ത്ഥ്യമാകും. അമേരിക്കന്‍ ഓഹരിസൂചിക ഡൗ ജോണ്‍സിലെ വ്യാപാരസ്ഥാപനങ്ങളുടെ ഓഹരിവില ശരാശരി 500 പോയിന്റ് ഇടിഞ്ഞാണു ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. പിന്നീട് തിരിച്ചുകയറിയെങ്കിലും അതു പക്ഷേ 250 പോയിന്റില്‍ നിന്നു. വെറും ഒരു ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. യൂറോപ്യന്‍ ഓഹരി സൂചികകളിലും കനത്ത ഇടിവു രേഖപ്പെടുത്തുകയുണ്ടായി. ബ്രിട്ടീഷ് എഫ്ടിഎസ്ഇ 100 ന്റെ മൂല്യം 90 പോയിന്റ് ഇടിഞ്ഞ് 7,000ലാണു ക്ലോസ് ചെയ്തത്. ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു പോയ ദിനം വ്യാപാരം നടന്നത്. പ്രമുഖ ജര്‍മന്‍ ഓഹരിസൂചിക രണ്ടു ശതമാനവും ഏറ്റവും വലിയ ഫ്രഞ്ച് സൂചിക 1.7% വും ഇടിഞ്ഞു.

അമേരിക്കന്‍, യൂറോപ്യന്‍ ഓഹരിവിപണികള്‍ കനത്ത വിറ്റഴിക്കലിനു സാക്ഷ്യം വഹിച്ചപ്പോള്‍ പക്ഷേ, ഏഷ്യന്‍ വിപണികള്‍ ബുധനാഴ്ച സുപ്രഭാതം കണികണ്ടാണ് ഉണര്‍ന്നത്. എഫ് ടി എസ് ഇ 100 സെപ്റ്റംബര്‍ അവസാനത്തോടെ ഇടിവു നേരിട്ടുകൊണ്ടിരിക്കുകയാണ്. ബ്രിട്ടണിലെ ജനപ്രിയകമ്പനികളുടെ ഓഹരിവിപണിയിലെ പ്രകടനം 2012 മേയ് മാസത്തിനു ശേഷം വളരെ മോശമായി തുടരുകയാണ്. മേയ് മാസത്തിലുണ്ടായ ലാഭമെടുപ്പിനു ശേഷം ഓഹരിവിലകളില്‍ പത്ത് ശതമാനത്തിലധികം കുറവു രേഖപ്പെടുത്തുകയുണ്ടായി. ബ്രെക്‌സിറ്റ് വിവാദങ്ങളെത്തുടര്‍ന്ന് അന്നു വിപണി വലിയ തിരുത്തലിനു വിധേയമായതാണ് കാരണം. ബ്രെക്‌സിറ്റ് സംബന്ധിച്ച് ഗുണപരമായ റിപ്പോര്‍ട്ടുകളൊന്നും വരാത്തത് ഓഹരിവിപണിയെ തളര്‍ത്തിയിട്ടുണ്ട്.

ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വാണിജ്യബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും കുറഞ്ഞ കാലയളവിനുള്ളില്‍ വ്യാപാരസംബന്ധമായ തിരിച്ചടികള്‍ മനസിലാക്കിയ ഇരുവിഭാഗവും തീരുവ ചുമത്തുന്നതു സംബന്ധിച്ചു പങ്കാളിത്തം വേണമെന്ന് ആശിക്കുന്നു. നിക്ഷേപചര്‍ച്ചകളെല്ലാം വഴിമുട്ടി നില്‍ക്കുകയാണ്. കാലക്രമേണ വരുമാനം വളരുവാന്‍ സാധ്യതയുള്ള ഉയര്‍ന്ന നിലവാരമുള്ള കമ്പനികളില്‍ നിക്ഷേപം നടത്താനായിരിക്കും വളര്‍ച്ചാകാംക്ഷികളായ നിക്ഷേപകര്‍ ശ്രദ്ധിക്കുക. സാമ്പത്തിക പ്രതിസന്ധിയുടെ തിക്തഫലം അനുഭവിച്ച നിരവധി നിക്ഷേപകര്‍ സുരക്ഷിതമായ നിക്ഷേപത്തിന് മുന്‍കൈയെടുത്തിരുന്നു. ആഗോളതലത്തിലുള്ള കമ്പോളങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സമാനമായിരിക്കുമ്പോഴും ബ്രിട്ടണ്‍ ഇതില്‍ നിന്നു മാറി നില്‍ക്കുന്നു.

കഴിഞ്ഞ 23 മാസങ്ങളായി ബ്രിട്ടീഷ് നിക്ഷേപകരുടെ മനോവീര്യം തകര്‍ന്നിരിക്കുകയാണ്. ബ്രിട്ടീഷ് ഓഹരികള്‍ക്കു മേലുള്ള നിക്ഷേപക വിശ്വാസനില സൂചിക സെപ്റ്റംബറിലെ 58ല്‍ നിന്ന് ഈ മാസം 53 ആയി താഴ്ന്നു, 1993 ല്‍ തുടങ്ങിയതിനു ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ നിലയാണിത്. കഴിഞ്ഞ ദശകത്തില്‍ ശരാശരി നിരക്ക് 92 ആയിരുന്നെങ്കില്‍ കഴിഞ്ഞ 12 മാസങ്ങളില്‍ ഇത് 69ലേക്ക് ചുരുങ്ങിയിരിക്കുന്നു. സ്ഥിരം വരുന്ന ബ്രെക്‌സിറ്റ് വാര്‍ത്തകളാണ് നിക്ഷേപകരുടെ ആത്മവിശ്വാസം കുറച്ചിരിക്കുന്നതന്ന് ഹാര്‍ഗ്രേവ്‌സ് ലാന്‍സ്ഡൗണ്‍ ഫിനാന്‍ഷ്യല്‍ സര്‍വീസിലെ നിരീക്ഷകന്‍ ലെയ്ത് ഖലാഫ് പറയുന്നു. സമയം വൈകുംതോറും ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതില്‍ നിക്ഷേപകരുടെ ആധി പ്രകടമാണ്.

സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍ അപകടങ്ങളുടെ വാരിക്കുഴിയിലേക്കു കാലുനീട്ടിയിരിക്കുകയാണെന്ന് വിദേശനാണ്യ വിനിമയ സ്ഥാപനം ഒവാണ്ടയുടെ ഏഷ്യ-പസിഫിക് വ്യാപാരശൃംഖലാ മേധാവി സ്റ്റീഫന്‍ ഇന്‍സ് അഭിപ്രായപ്പെടുന്നു. ലോകമെമ്പാടും നിന്നുള്ള ദോഷപരമായ വാര്‍ത്തകളുടെ പ്രത്യാഘാതം ഓഹരി വിപണിയില്‍ പ്രതിഫലിക്കുമെന്ന ആശങ്ക അദ്ദേഹം പങ്കുവെക്കുന്നു. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ അന്ത്യമടുത്തുവെന്നാണ് പ്രമുഖ യുഎസ് കമ്പനി കാറ്റര്‍പില്ലര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം വന്ന മൂന്നാം പാദഫലങ്ങളില്‍ കമ്പനിയുടെ അറ്റാദായ വരുമാനം നിരാശാജനകമായിരുന്നു. ചൈനയുമായുള്ള തര്‍ക്കത്തിനു കാരണമായ ഇറക്കുമതി ചുങ്ക വര്‍ധനവിന് ശേഷം അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധിച്ചതാണ് കാരണം.

അവസാന പാദത്തില്‍ നികുതികളുടെ ആകെ മൂല്യം 40 മില്ല്യണ്‍ ഡോളര്‍ കടക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഈ വര്‍ഷം ഇത് കുറഞ്ഞത് 100 മില്ല്യണ്‍ ഡോളറിനും 200 മില്ല്യണ്‍ ഡോളറിനുമിടയിലെത്തുമെന്നായിരുന്നു പ്രവചനം. ഉയരുന്ന ചെലവ് മറികടക്കാന്‍ യന്ത്രോപകരണങ്ങളുടെ വില ജനുവരിയിലേതിനേക്കാള്‍ നാലുശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് കാറ്റര്‍പില്ലര്‍ വ്യക്തിമാക്കിയിട്ടുണ്ട്. കമ്പനിയുടെ ഓഹരിമൂല്യം ഏതാണ്ട് ഏഴ് ശതമാനത്തോളം ഇടിഞ്ഞത് ഡൗ ജോണ്‍സ് സൂചികയെയും മറ്റ് വ്യവസായ സ്ഥാപനങ്ങളെയും സമ്മര്‍ദ്ദത്തിലാക്കുകയും സാമ്പത്തിക വളര്‍ച്ച മന്ദീഭവിക്കുന്നതിനക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്തു.

നികുതിനിരക്കിലെ പകരത്തിനു പകരമെന്ന യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ചൈന എന്നിവയുടെ സമീപനത്തിനെതിരേ അമേരിക്കന്‍ ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ അടക്കമുള്ള ബ്രാന്‍ഡുകള്‍ രംഗത്തു വന്നു കഴിഞ്ഞു. ഈ ചക്കളത്തിപ്പോരാട്ടം കമ്പനിക്ക് 40 മില്ല്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഇത് അന്താരാഷ്ട്ര വിപണിയില്‍ തങ്ങളുടെ മല്‍സരക്ഷമതയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് അവര്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ തങ്ങള്‍ നിര്‍മാണം വിദേശത്തേക്ക് മാറ്റാന്‍ നിര്‍ബന്ധിതരാകുമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കമ്പനിയെ വിമര്‍ശിക്കാനാണ് ഈ അവസരം വിനിയോഗിച്ചത്.

ഇതിനേക്കാളൊക്കെ പരിതാപകരമാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറ്റലിയുടെ അവസ്ഥ. ഇറ്റാലിയന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച കരട് ബജറ്റ് പ്രമേയം യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ തള്ളിയതോടെ അവരുടെ അവസ്ഥ വീണ്ടും വഷളായി. യൂണിയന്‍ മുമ്പോട്ടു വെച്ച ചെലവുചുരുക്കല്‍ വ്യവസ്ഥകള്‍ സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഇതിനു കാരണം. ബജറ്റ് നിര്‍ദേശങ്ങള്‍ ഇതിനകം തന്നെ ഇറ്റാലിയന്‍ സ്ഥാപനങ്ങളുടെ ഓഹരി വിലകള്‍ കുറയ്ക്കുക മാത്രമല്ല, യൂറോയുടെ മൂല്യം താഴ്ത്തുകയും ചെയ്തിരിക്കുന്നു. അധികാരത്തിലെത്തിയാല്‍ ചെലവിടല്‍ പദ്ധതികള്‍ വര്‍ധിപ്പിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നിറവേറ്റാനാണ് സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നത്. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം കുറയ്ക്കാനും ക്ഷേമ പെന്‍ഷനും അടിസ്ഥാനവികസനത്തിനും കൂടുതല്‍ തുക ചെലവഴിക്കാനുമാണ് സര്‍ക്കാര്‍ തുനിയുന്നത്. കമ്മീഷന്‍ വ്യവസ്ഥകള്‍ക്കു വിരുദ്ധമാണിത്.

വായ്പ ലഭിക്കാത്തതു മാത്രമല്ല, കടപ്പത്രങ്ങള്‍ തുടര്‍ച്ചയായി വിപണിയിലിറക്കുന്നതും അവയുടെ മൂല്യം താഴുന്നതുമെല്ലാം ഇറ്റാലിയന്‍ ബാങ്കുകള്‍ക്ക് ദോഷകരമാണ്. നിക്ഷേപകരെ ഇത് സംശയാലുക്കളാക്കുന്നു. മാത്രമല്ല, ഉയര്‍ന്ന തലങ്ങളിലുള്ള വായ്പാ പ്രശ്‌നങ്ങളും അവര്‍ക്കു കൈകാര്യം ചെയ്യേണ്ടി വരുന്നു. യൂറോപ്യന്‍ കമ്മിഷനുമായി അകലം പാലിക്കുന്ന സര്‍ക്കാര്‍നയമാണ് ഓഹരിവിപണിയില്‍ അസ്വസ്ഥത പടര്‍ത്തുന്നത്. യൂറോപ്യന്‍ കമ്മിഷന്‍ നിയമപരമായി നീങ്ങുന്നതും പ്രശ്‌നങ്ങള്‍ വഷളാക്കുന്നു. ഇത്തരമൊരു നീക്കം വ്യാപകമായി പ്രതീക്ഷിച്ചിരുന്നെങ്കിലും, കമ്മീഷനും ഇറ്റാലിയന്‍ ഭരണകൂടവും തമ്മിലുള്ള ബലപരീക്ഷണം ഇത്രത്തോളം ശക്തി പ്രാപിക്കുമെന്ന് നിരീക്ഷിച്ചിരുന്നില്ല. ഇത് നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിച്ചു.

Comments

comments