ക്രാഫ്റ്റ് ഹെയ്ന്‍സിന്റെ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ സൈഡസ് കാഡിലയ്ക്ക്

ക്രാഫ്റ്റ് ഹെയ്ന്‍സിന്റെ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ സൈഡസ് കാഡിലയ്ക്ക്

കോംപ്ലാന്‍, നൈസില്‍ ടാല്‍ക്കം പൗഡര്‍, ഗ്ലൂക്കോണ്‍-ഡി, സംപ്രീതി നെയ്യ് എന്നീ ബ്രാന്‍ഡുകള്‍ ഇനി മരുന്ന് കമ്പനിക്ക് സ്വന്തം

അഹമ്മദാബാദ്: ക്രാഫ്റ്റ് ഹെയ്ന്‍സ് ഇന്ത്യയുടെ കണ്‍സ്യൂമര്‍ ബ്രാന്‍ഡ് ബിസിനസ് സൈഡസ് കാഡില ഗ്രൂപ്പിന് സ്വന്തമാകും. കുട്ടികളുടെ മില്‍ക്ക് ഡ്രിംഗ് കോംപ്ലാന്‍ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകള്‍ 4,500-4,600 കോടി രൂപക്കാണ് കാഡിലയുടെ സൈഡസ് വെല്‍നസ് ഏറ്റെടുക്കുകയെന്ന് ഇടപാടുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച തന്നെയുണ്ടാകും. കോംപ്ലാന്‍, നൈസില്‍ ടാല്‍ക്കം പൗഡര്‍, ഗ്ലൂക്കോണ്‍-ഡി, സംപ്രീതി നെയ്യ് എന്നിവയാണ് ക്രാഫ്റ്റ് ഹെയ്ന്‍സിന്റെ ഇന്ത്യയിലെ ഉല്‍പ്പന്ന നിരയില്‍ ഉള്‍പ്പെടുന്നത്. രാജ്യത്തെ നാലാമത്തെ വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് കാഡില. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 11,600 കോടി രൂപയാണ് വില്‍പ്പനയിനത്തില്‍ കമ്പനി നേടിയത്.

ലോകത്തിലെ ഏറ്റവും വലിയ ബവ്‌റിജസ് കമ്പനിയായ കൊക്ക കോളയുടെ ബിഡിനെയാണ് കാഡില രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. കൊക്ക കോളയുടെ ബിഡ് തുകയേക്കാള്‍ 10 – 15 ശതമാനമാണ് കാഡില മുന്നോട്ടു വെച്ചത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള കാഡില ഗ്രൂപ്പ് കമ്പനിയുടെ ഇന്ത്യന്‍ വിപണി അവകാശങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ ഇറ്റലിയിലെ ഹോള്‍ഡിംഗ് കമ്പനിയിലായിരുന്നു കൊക്ക കോളയ്ക്ക് താല്‍പ്പര്യം.

തെരഞ്ഞെടുക്കപ്പെട്ടതോടെ സാമ്പത്തിക പിന്തുണക്കായി സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളെ പങ്കാളികളായി തേടുകയാണ് കാഡില. പിഇ ഗ്രൂപ്പിന്റെ ട്രൂ നോര്‍ത്ത്, തെമാസേക്, വാര്‍ബര്‍ഗ് പിന്‍കസ്, കാര്‍ലി തുടങ്ങിയ സ്ഥാപനങ്ങളുമായി കമ്പനി ബന്ധപ്പെട്ടു കഴിഞ്ഞു. ഓഹരികള്‍ നല്‍കി ഫണ്ട് കണ്ടെത്തുന്ന രീതിയായിരിക്കും അവലംബിക്കുക. ഫണ്ടിംഗിനായി ഏതാനും ആഭ്യന്തര ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കാഡില സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയിലെ ബ്രാന്‍ഡുകള്‍ വിറ്റഴിക്കാന്‍ സെപ്റ്റംബറിലാണ് ക്രാഫ്റ്റ്‌ഹെയ്ന്‍സ് തീരുമാനമെടുത്തത്. ഇറ്റലിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനി, നികുതി നഷ്ടം ഒഴിവാക്കുന്നതിനായാണ് പ്രവര്‍ത്തനങ്ങളും ബ്രാന്‍ഡുകളും വിറ്റഴിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും ബ്രാന്‍ഡുകളും മാത്രം വിറ്റഴിക്കാനാണ് തുടക്കത്തില്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വിദേശ പ്രവര്‍ത്തനങ്ങളും വില്‍പ്പനക്ക് വെച്ചു.

ക്രാഫ്റ്റ് ഹെയ്ന്‍സ് ആവശ്യപ്പെട്ട ഉയര്‍ന്ന മൂല്യം ഡാനണ്‍, ടാറ്റ ഗ്രൂപ്പ്, നെസ്ലേ, ഡാബര്‍, വിപ്രോ കണ്‍സ്യൂമര്‍, ഐടിസി തുടങ്ങിയ കമ്പനികളെ മല്‍സരത്തില്‍ നിന്ന് പിന്നോട്ടടിപ്പിച്ചു. ആസ്തികള്‍ക്ക് ഒരു ബില്യണ്‍ ഡോളര്‍ ആണ് ക്രാഫ്റ്റ് ഹെയ്ന്‍സ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇന്ത്യയിലെ ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികള്‍ മൂലം ചില ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചാ സാധ്യത പരിമിതമാണെന്ന് വിശകലനം ചെയ്യപ്പെട്ടതോടെ വില ഇടിഞ്ഞു. പങ്കജ് പട്ടേല്‍ നയിക്കുന്ന സൈഡസ് കാഡില ഹെല്‍ത്ത് കെയറിന്റെ, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള അനുബന്ധ കമ്പനിയാണ് സൈഡസ് വെല്‍നസ്. കമ്പനിയുടെ നിലവിലുള്ള പേഴ്‌സണല്‍, സ്‌കിന്‍ കെയര്‍, ഹെല്‍ത്ത് ഫുഡ് പോര്‍ട്ട്‌ഫോളിയോ ശക്തമാക്കാന്‍ ക്രാഫ്റ്റ് ഹെയ്ന്‍സിന്റെ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നത് വഴി സാധിക്കും. ജെപി മോര്‍ഗനും അവന്‍ഡസുമാണ് കരാറില്‍ കാഡിലയുടെ ഉപദേശകര്‍.

Comments

comments

Categories: Business & Economy
Tags: Kraft heinz