ജിയോ പേമെന്റ്‌സ് ബാങ്ക് സേവനം ഉടന്‍ എത്തും

ജിയോ പേമെന്റ്‌സ് ബാങ്ക് സേവനം ഉടന്‍ എത്തും

ഈ വര്‍ഷം ഏപ്രിലില്‍ എസ്ബിഐയുമായി ചേര്‍ന്ന് ആര്‍ഐഎല്‍ ഒരു സംയുക്ത സംരംഭം രൂപീകരിച്ചിട്ടുണ്ട്

മുംബൈ: റിലയന്‍സ് ജിയോ ഇന്‍ഫൊകോം ലിമിറ്റഡ്പ്ര വര്‍ത്തനമാരംഭിച്ചതു പോലെ വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ജിയോ പേമെന്റ്‌സ് ബാങ്ക് ആരംഭിക്കാന്‍ ആര്‍ഐഎല്‍ (റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) ഒരുങ്ങുന്നു. ജിയോ പേമെന്റ്‌സ് ബാങ്ക് സേവനങ്ങളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആര്‍ഐഎല്‍ തങ്ങളുടെ ജീവനക്കാര്‍ക്കിടയില്‍ ആരംഭിച്ചതായാണ് ഇതുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

ജിയോ പേമെന്റ്‌സ് ബാങ്കിന്റെ പരീക്ഷണ പ്രവര്‍ത്തനം നടത്തുന്നതിനൊപ്പം മെര്‍ച്ചന്റ് സൊലൂഷന്‍സ് നല്‍കുന്നുണ്ടെന്നും സേവനങ്ങള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും ഒക്‌റ്റോബര്‍ 17ന് കമ്പനിയുടെ രണ്ടാം പാദഫലം പ്രഖ്യാപിക്കുന്നതിനുവേണ്ടി ചേര്‍ന്ന പത്രസമ്മേളനത്തില്‍ റിലയന്‍സ് ജിയോ സ്ട്രാറ്റജി, ആസൂത്രണ വിഭാഗം മേധാവി അന്‍ഷുമാന്‍ താക്കൂര്‍ പറഞ്ഞിരുന്നു. ജീവനക്കാര്‍ക്ക് പേമെന്റ്‌സ് ബാങ്ക് സേവനങ്ങള്‍ ലഭ്യമാക്കിയതിലൂടെ ഇതിന്റെ നെറ്റ്‌വര്‍ക്കിന്റെയും അടിസ്ഥാനസൗകര്യങ്ങളുടെയും പ്രവര്‍ത്തനം പരിശോധിക്കാനും ഔദ്യോഗികമായി സേവനമാരംഭിക്കുന്നതിന് മുന്നോടിയായി എല്ലാ പിഴവുകളും നികത്താനും കമ്പനിക്ക് കഴിയും.

2015 ഓഗസ്റ്റില്‍ ആര്‍ഐഎല്ലിന്റെ 100,000 ജീവനക്കാര്‍ക്കിടയിലാണ് ജിയോയുടെ പരീക്ഷണ സര്‍വീസും കമ്പനി നടത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ജിയോ പേമെന്റ്‌സ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുന്നത്. ഇതിനായി ഈ വര്‍ഷം ഏപ്രിലില്‍ എസ്ബിഐയുമായി ചേര്‍ന്ന് 70:30 എന്ന ഓഹരി അനുപാതത്തില്‍ ആര്‍ഐഎല്‍ ഒരു സംയുക്ത സംരംഭം രൂപീകരിച്ചിട്ടുണ്ട്. രാജ്യത്ത് പേമെന്റ്‌സ് ബാങ്ക് ആരംഭിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലൈസന്‍സ് നല്‍കിയിട്ടുള്ള എട്ട് സംരംഭങ്ങളിലൊന്നാണ് ജിയോ പേമെന്റ്‌സ് ബാങ്ക്. എയര്‍ടെല്‍, ഇന്ത്യ പോസ്റ്റ്, പേ ടിഎം തുടങ്ങിയവയാണ് നിലവില്‍ പേമെന്റ്‌സ് ബാങ്ക് ആരംഭിച്ചിട്ടുള്ള മറ്റ് സംരംഭങ്ങള്‍.

ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലാണ് ഇന്ത്യയില്‍ ആദ്യം പേമെന്റ്‌സ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. 2016 നവംബറില്‍ ആയിരുന്നു അത്. 2017 മേയില്‍ പേടിഎം പേമെന്റ്‌സ് ബാങ്കും ജൂണില്‍ ഫിനോ പേമെന്റ്‌സ് ബാങ്കും പ്രവര്‍ത്തനം ആരംഭിച്ചു. ചെറുകിട സേവിംഗ്‌സ് എക്കൗണ്ടുകള്‍, പേമെന്റ്‌സ് ആന്‍
ഡ് റെമിറ്റന്‍സ് സര്‍വീസ് തുടങ്ങിയ സേവനങ്ങളാണ് പേമെന്റ്‌സ് ബാങ്ക് നല്‍കുന്നത്. രാജ്യത്തെ ജനങ്ങളില്‍ വേഗത്തില്‍ ബാങ്കിംഗ് ശീലം വളര്‍ത്തിയെടുക്കുന്നതിനുള്ള മികച്ച മാര്‍ഗമെന്ന രീതിയിലാണ് പേമെന്റ്‌സ് ബാങ്കുകളെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കാണുന്നത്. മൊബീല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ എക്കൗണ്ട് ഓപ്പണിംഗ് നടപടികള്‍ ലളിതമാക്കാനും പേമെന്റ്‌സ് ബാങ്കുകള്‍ക്ക് കഴിയും. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളാണ് പേമെന്റ്‌സ് ബാങ്കുകള്‍ക്ക് സ്വീകരിക്കാനാകുക.

Comments

comments

Categories: Banking