ഇന്ത്യന്‍ റീട്ടെയ്ല്‍ രംഗത്ത് ആരൊക്കെ അവശേഷിക്കും?

ഇന്ത്യന്‍ റീട്ടെയ്ല്‍ രംഗത്ത് ആരൊക്കെ അവശേഷിക്കും?

വൈവിധ്യമാര്‍ന്ന തന്ത്രങ്ങളിലൂടെ ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയില്‍ നിറഞ്ഞു കളിക്കുകയാണ് വിദേശ ഇ-കൊമേഴ്‌സ് കമ്പനികള്‍. ഇന്ത്യന്‍ കമ്പനികളെ ഏറ്റെടുത്ത് അവരുടെ വിപണന ശൃംഖലകളും അടിസ്ഥാന സൗകര്യങ്ങളും പെരുമയും സ്വന്തമാക്കാനുള്ള നീക്കങ്ങളും തകൃതിയാണ്. റീട്ടെയ്ല്‍ ബിസിനസില്‍ നടക്കുന്ന പൊരിഞ്ഞ പോരാട്ടം, തദ്ദേശീയമായ ചെറുകിട കമ്പനികളുടെ വംശനാശത്തിന് തന്നെ കാരണമായേക്കാം. ടാറ്റയും അംബാനിയും അതിജീവിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

 

ഈസി ഡേ ഫ്രാഞ്ചൈസസിന്റെയും ബിഗ്ബസാറിന്റെയും ഉടമസ്ഥരായ കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പിലെ 10 ശതമാനം ഓഹരികള്‍ ഇ-കൊമേഴ്‌സ് വമ്പന്‍മാരായ ആമസോണ്‍ ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ റീട്ടെയ്ല്‍, ഇ-ടെയ്ല്‍ വിപണി വൈവിധ്യമാര്‍ന്ന വ്യാപാര മാതൃകകളിലേക്ക് (ഓംനി ചാനല്‍) വലിയ തോതില്‍ കേന്ദ്രീകരിക്കുമെന്നത് വ്യക്തമായിക്കഴിഞ്ഞു. ചെറുകിട സ്ഥാപനങ്ങള്‍ക്കും വളരാനുതകുന്ന സാഹചര്യം നഷ്ടപ്പെട്ട വിപണിയായി ഇതോടെ ഇന്ത്യന്‍ റീട്ടെയ്ല്‍ രംഗം മാറുമെന്നും ആശങ്കകളുണ്ട്.

നേരത്തെ ആമസോണും സമാറ കാപ്പിറ്റലും സംയുക്തമായി, കുമാര്‍ ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള മോറിന്റെ റീട്ടെയ്ല്‍ ബിസിനസ് ഏറ്റെടുത്തിരുന്നു. റീട്ടെയ്ല്‍ ഭീമനായ ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ബാങ്ക് ബസാര്‍ എന്നിവയിലും ആമസോണിന് പങ്കാളിത്തമുണ്ട്. ആമസോണിന്റെ പ്രതിയോഗിയായ വാള്‍മാര്‍ട്ട്, ഫഌപ്പ്കാര്‍ട്ടിനെ 16 ബില്യണ്‍ ഡോളര്‍ മുടക്കി കൈക്കലാക്കി. ബിഗ്ബാസ്‌കറ്റിലും പേടിഎം മാളിലും ആലിബാബയും ആധിപത്യമുറപ്പിച്ചുകഴിഞ്ഞു. റിലയന്‍സ് റീട്ടെയ്‌ലുമായി സഹകരണത്തിനുള്ള അണിയറ നീക്കങ്ങളും ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ആമസോണും വാള്‍മാര്‍ട്ടും ആലിബാബയും തങ്ങളുടെ തന്ത്രപരമായ നിക്ഷേപങ്ങള്‍ക്ക് പദ്ധതിയിടുന്നതിന്റെ ആവേശം പരിഗണിച്ചാല്‍, ഏറ്റെടുപ്പുമായി ബന്ധപ്പെട്ട വാഗ്ദാനത്തിന് ബിയാനിയും വഴങ്ങാനാണ് സാധ്യതയില്ല. ഇതോടെ റിലയന്‍സ് റീട്ടെയ്‌ലും ടാറ്റ ട്രെന്‍ഡും മാത്രമാവും മേഖലയില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍.

ഈ ഏകീകരണങ്ങളില്‍ നാല്് പ്രധാന ഘടകങ്ങളാണ് ഗൗനിക്കത്തക്കവിധമുള്ളത്. ഒരു സ്ഥാപനത്തിന് ഏറെക്കാലം വെറും ബ്രിക്ക് ആന്‍ഡ് മോര്‍ട്ടാര്‍ രീതിയിലോ (കടകള്‍) ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ മാത്രമായോ നിലനില്‍ക്കാന്‍ സാധിക്കില്ല എന്നതാണ് ഒന്നാമത്തെ കാര്യം. ഉപഭോക്താക്കള്‍ക്ക് സംയോജിത ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന ഓംനി ചാനല്‍ (ബഹുമുഖമായ മാര്‍ഗങ്ങളിലൂടെയുള്ള വില്‍പ്പന) വിപണനത്തിനാണ് കൂടുതല്‍ സാധ്യത. ഉപഭോക്താക്കളുടെ സൗകര്യത്തിനിണങ്ങിയതും കമ്പനികള്‍ക്ക് അധികം പണം ചെലവാകാത്തതുമായ വിവിധ വിപണന മാര്‍ഗങ്ങളിലൂടെ എല്ലാവരിലേക്കും എത്തിച്ചേരുകയെന്നതാണ് ഇതിന്റെ ആധാരതത്വം. മോശം റോഡുകളും വിതരണ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം ചരക്ക് നീക്കവുമായി ബന്ധപ്പെട്ട ചെലവുകള്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യമാണ് ഇന്ത്യയിലേത്.

രണ്ടാമതായി, ഓംനിചാനല്‍ റീട്ടെയ്‌ലിംഗ് മാതൃക അങ്ങേയറ്റം നിക്ഷേപകേന്ദ്രീകൃതമാണ്. ടാറ്റയും അംബാനിയും ഒഴികെ ഇന്ത്യയില്‍ ഇത്തരത്തില്‍ ആഴത്തിലുള്ള സാന്നിധ്യം മറ്റ് കമ്പനികള്‍ക്കില്ല. ബിര്‍ള പോലും തന്റെ മോര്‍ ശൃംഖല വില്‍ക്കുകയും ടെലികോം സംരംഭമായ ഐഡിയയെ വോഡഫോണുമായി ലയിപ്പിക്കുകയുമാണ് ചെയ്യുന്നത്. അതേസമയം, ടാറ്റക്ക് ടെലികോം മേഖലയില്‍ നിന്ന് പിന്‍മാറേണ്ടി വന്നു. ടെലികോം ബിസിനസില്‍ പുനര്‍നിക്ഷേപം നടത്തുന്നതിന് പണം കണ്ടെത്താന്‍ തങ്ങളുടെ റീട്ടെയ്ല്‍ ബിസിനസ് ഭാരതി എയര്‍ടെലിന്റെ സുനില്‍ മിത്തല്‍, ബിയാനിക്ക് വിറ്റു. റിലയന്‍സ് റീട്ടെയ്‌ലും ആലിബാബയുടെ പങ്കാളിത്തത്തിനായി ശ്രമിക്കുന്നതിന്റെ അര്‍ത്ഥം, ടെലികോം, റീട്ടെയ്ല്‍ തുടങ്ങി പണം പിടുങ്ങുന്ന രണ്ട് ബിസിനസുകള്‍ ഒരേസമയം ഫണ്ട് ചെയ്യാന്‍ അംബാനിക്ക് പോലും സാധിക്കില്ല എന്നതാണ് അതിനര്‍ത്ഥം. എണ്ണ ശുദ്ധീകരണം, പെട്രോ കെമിക്കല്‍ തുടങ്ങിയ ബിസിനസുകളില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ഇത് സാധിക്കില്ല. റീട്ടെയ്ല്‍ മേഖലയില്‍ അംബാനി, ടാറ്റ തുടങ്ങിയ രണ്ട് സ്ഥാപനങ്ങള്‍ മാത്രം ഇന്ത്യയുടെ ഭാഗത്ത് നിന്ന് അണിനിരക്കുന്നത് അധികം താമസിയാതെ നമുക്ക് കാണാനാവും. ബ്രിക് ആന്‍ഡ് മോര്‍ട്ടാര്‍ റീട്ടെയ്‌ലില്‍ സംയോജന പരമ്പര തന്നെ നടത്തുന്ന ബിയാനി (ഹൈപ്പര്‍സിറ്റി, നീല്‍ഗിരീസ്, ഹെറിറ്റേജ് ഫുഡ്‌സ് എന്നിവ അദ്ദേഹം വാങ്ങിയിരുന്നു) ആത്യന്തികമായി തങ്ങളുടെ ബിസിനസ് ഒരു ഓണ്‍ലൈന്‍ വമ്പനുമായി ബന്ധിപ്പിക്കേണ്ടതായി വരും.

യുഎസ് സാങ്കേതിക ഭീമന്‍മാര്‍ (ആമസോണ്‍, ഗൂഗിള്‍), ചൈനീസ് വമ്പന്‍മാര്‍ (ആലിബാബ, ടെന്‍സെന്റ്), സോഫ്റ്റ് ബാങ്ക് പോലുള്ള ജാപ്പനീസ് നിക്ഷേപകര്‍ എന്നിവര്‍ തമ്മിലാണ് യഥാര്‍ത്ഥ യുദ്ധം നടക്കുന്നതെന്നതാണ് മൂന്നാമത്തെ കാര്യം. മല്‍സരത്തില്‍ നിലനില്‍ക്കാനും ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലീകരിക്കാനും ടാറ്റക്കും റിലയന്‍സിനും സാധിച്ചാലും മറ്റ് ഇന്ത്യന്‍ പ്രൊമോട്ടര്‍മാര്‍ വിദേശ കമ്പനികള്‍ക്കു മുന്നില്‍ മുട്ടുമടക്കാതിരിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

ഡിജിറ്റല്‍ ഫിനാന്‍സ്, ധനകാര്യ ഉല്‍പ്പന്നങ്ങള്‍, വിനോദ മേഖല എന്നിവയില്‍ വമ്പന്‍ റീട്ടെയ്ല്‍ കമ്പനികള്‍ താല്‍പ്പര്യം കാണിക്കുന്നുവെന്നതാണ് നാലാമത്തെ കാര്യം. ആമസോണിന്റെ ബാങ്ക് ബസാറിലെയും ആലിബാബയുടെ പേടിഎമ്മിലെയും നിക്ഷേപങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. ഇ-കൊമേഴ്‌സ് സാങ്കേതികവിദ്യയിലെ ഭീമന്‍മാര്‍ക്കെതിരെയുള്ള റിലയന്‍സിന്റെ തന്ത്രം, ഉപഭോക്തൃ ഭവനങ്ങളിലേക്കെത്തിച്ചേരാനുള്ള നിരവധി മാര്‍ഗങ്ങളെ നിയന്ത്രിക്കുക എന്നതാണെന്ന് കരുതപ്പെടുന്നു. ജിയോയിലെ വമ്പന്‍ നിക്ഷേപങ്ങള്‍ക്ക് പുറമേ, ഹാത്‌വേ, ഡെന്‍ നെറ്റ്‌വര്‍ക്ക്‌സ് തുടങ്ങി ഡിജിറ്റല്‍, കേബിള്‍ സേവന ദാതാക്കളായ കമ്പനികളെയും റിലയന്‍സ് വാങ്ങുന്നുണ്ട്.

പങ്കാളിത്തം നിലനിര്‍ത്താന്‍ ഇന്ത്യന്‍ പ്രമോട്ടര്‍മാരെ സഹായിക്കുന്ന ഒരു ചട്ടക്കൂടുകൊണ്ടുവരാന്‍ വളരെ ചുരുങ്ങിയ സമയം മാത്രമേ നിലവില്‍ സര്‍ക്കാരിന് മുന്നിലുള്ളൂ. എന്നാല്‍ തീര്‍ത്തും വൈകിയിട്ടുമില്ല. ഏതാനും വലിയ റീട്ടെയ്ല്‍ കമ്പനികള്‍ മാത്രമേ ഇന്ന് ഇന്ത്യന്‍ പ്രമോട്ടര്‍മാരുടെ പക്കലുള്ളു. ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണി എന്ന കുരുക്ഷേത്ര ഭൂമിയില്‍ ഇന്ത്യക്കാരായി ടാറ്റയും അംബാനിയും മാത്രം അവശേഷിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

Comments

comments

Categories: FK News, Slider