ഇന്ത്യ 5ജി രാജ്യമാകാന്‍ തയാറെടുക്കുന്നു: മുകേഷ് അംബാനി

ഇന്ത്യ 5ജി രാജ്യമാകാന്‍ തയാറെടുക്കുന്നു: മുകേഷ് അംബാനി

ന്യൂഡെല്‍ഹി: രണ്ടു വര്‍ഷത്തിനകം ഇന്ത്യ 5ജി ടെക രാജ്യമാകാന്‍ തയാറെടുക്കുകയാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ന്യൂഡെല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ മൊബീല്‍ കോണ്‍ഗ്രസിന്റെ രണ്ടാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2ജി/3ജി സേവനത്തില്‍ നിന്ന് മറ്റേതൊരു രാജ്യത്തേക്കാളും വേഗതയിലാണ് ഇന്ത്യ 4ജിയിലേക്ക് മാറിയത്. 2020 ഓടെ രാജ്യത്ത് പൂര്‍ണമായി 4 ജി സേവനം ലഭ്യമാകുകയും 5ജി സേവനത്തിനായി തയാറാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അന്ന് രാജ്യത്ത് എല്ലാവര്‍ക്കും 4ജി സൗകര്യമുള്ള ഫോണുകളും 4ജി കണക്റ്റിവിറ്റിയും ലഭ്യമാകും. മിതമായ നിരക്കിലുള്ള നിലവാരമുള്ള സേവനം നല്‍കിക്കൊണ്ട്്് എല്ലാവരെയും എല്ലായിടത്തും പരസ്പരം ബന്ധിപ്പിക്കാന്‍ റിലയന്‍സ് ജിയോ പ്രതിജ്ഞാബദ്ധരാണ്. ഗ്രാമീണ ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവം കൊണ്ടുവരാനായതില്‍ സന്തോഷമുണ്ട്. കാര്‍ഷിക മേഖലയിക്കും ഗ്രാമീണ സംരംഭങ്ങള്‍ക്കും വനിതകള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും ഡിജിറ്റല്‍ വിപ്ലവം ഏറെ ഗുണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ എട്ടു മാസത്തിനിടെ 50 ദശലക്ഷം ഗ്രാമീണര്‍ക്ക് ന്യായവിലയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമായിട്ടുണ്ട്. ഇവരില്‍ പലരും ആദ്യമായിട്ടാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയെന്ന് അഭിപ്രായപ്പെട്ട മുകേഷ് അംബാനി ഇതിനു നേതൃത്വം വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചു. മൊബീല്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാക്കുന്നതില്‍ 155 ാം സ്ഥാനത്തായിരുന്ന ഇന്ത്യ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ മൊബീല്‍ ഡാറ്റാ ഉപയോഗത്തില്‍ ലോകത്തിലെ ഒന്നാം സ്ഥാനക്കാരായി ഉയര്‍ന്നിരിക്കുകയാണ്. 100 രൂപ എന്ന പ്രതിമാസ നിരക്കിലാണ് ഈ സേവനം അവര്‍ക്ക് ലഭ്യമാകുന്നത്. മിതമായ നിരക്കിന്റെയും കണക്റ്റിവിറ്റിയുടെയും ഈ സമന്വയം ലോകത്തിലെവിടെയും കാണാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഭാരത്‌നെറ്റ് പ്രോഗ്രാം വഴി രാജ്യത്തെ അവികസിത മേഖലകളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയ കേന്ദ്രസര്‍ക്കാരിനോട് നന്ദി പറഞ്ഞു.

5ജി ടെക്‌നോളജി കൂടി വരുന്നതോടെ ഇന്ത്യയുടെ ഡിജിറ്റല്‍ മേഖലയിലെ പരിവര്‍ത്തനം കൂടുതല്‍ വേഗത്തിലാകും. ജിയോജിഗാഫൈബര്‍ വഴി സ്ഥിര ബ്രോഡ്ബാന്‍ഡ് രംഗത്ത് വലിയ മുന്നേറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ജിയോ രാജ്യത്താകമാനം ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്ന ഫൈബര്‍ ശൃംഖല സ്ഥാപിക്കും. മൊബീല്‍ ഡാറ്റാ ഉപയോഗത്തില്‍ രാജ്യം കൈവരിച്ച നേട്ടം സ്ഥിര ബ്രോഡ്ബാന്‍ഡ് മേഖലയിലും ആവര്‍ത്തിക്കാന്‍ അവസരമുണ്ട്. ഇക്കാര്യത്തില്‍ നിലവില്‍ ലോകരാജ്യങ്ങളില്‍ 135 ാം സ്ഥാനത്തായ ഇന്ത്യ ആദ്യ മൂന്നു രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ന്നുകൊണ്ട് ലോകത്തെ തന്നെ ഞെട്ടിക്കുമെന്നാണ് കരുതുന്നത്. നാലാം വ്യവസായ വിപ്ലവമാകും ഭാവി എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത്. കണക്റ്റിവിറ്റി, കംപ്യൂട്ടിംഗ്, ഡാറ്റാ എന്നിവയാകും ഇതിന്റെ അടിസ്ഥാനശിലകള്‍. പരിവര്‍ത്തനക്ഷമതയുള്ള ആധുനിക ടെക്‌നോളജികളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ബ്ലോക്ക്‌ചെയ്ന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയാകും ഇനി ലോകത്തിന്റെ ഭാവി തീരുമാനിക്കുക. – അദ്ദേഹം പറഞ്ഞു.

ഇന്ന് നമ്മള്‍ ജീവിക്കുന്ന ഇന്ത്യ പ്രവചനാധീതമായ സാധ്യതകളും പ്രതീക്ഷകളും നിറഞ്ഞ രാജ്യമാണ്. 2021 ഓടെ ദാരദ്രരേഖയ്ക്കു താഴെ ജീവിക്കുന്നവര്‍ മൂന്നു ശതമാനമായി കുറയുകയും നാം ദരിദ്ര രാജ്യം എന്ന നില അതിജീവിക്കുകയും ചെയ്യുമെന്നാണ് ലോക ബാങ്കിന്റെ കണക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5 ജി ടെക്‌നോളജിയില്‍ അധിഷ്ഠിതമായ വിവിധ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ത്രിദിന പരിപാടിയില്‍ അവതരിപ്പിക്കും.

Comments

comments

Categories: FK News

Related Articles