മികവ് പ്രകടിപ്പിക്കുന്ന സിഇഒമാര്‍ ഭൂരിഭാഗവും എന്‍ജിനീയറിംഗ് ബിരുദധാരികള്‍

മികവ് പ്രകടിപ്പിക്കുന്ന സിഇഒമാര്‍ ഭൂരിഭാഗവും എന്‍ജിനീയറിംഗ് ബിരുദധാരികള്‍

ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യു കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആഗോളതലത്തില്‍ മികവ് പ്രകടിപ്പിക്കുന്ന സിഇഒമാരുടെ പട്ടികയില്‍ ഭൂരിഭാഗവും എന്‍ജിനീയറിംഗ് ബിരുദധാരികളായിരുന്നു. വിശകല ശേഷിയും, പ്രശ്‌നം പരിഹരിക്കാനുള്ള പ്രത്യേക കഴിവുകളുമാണ് എന്‍ജിനീയറിംഗ് ബിരുദധാരികളെ മാനേജ്‌മെന്റ് തലത്തില്‍ മികവ് പ്രകടിപ്പിക്കാന്‍ സഹായിക്കുന്നതെന്നു വിലയിരുത്തപ്പെടുന്നു. എല്ലാ കമ്പനികളും ടെക്‌നോളജിക്കും, ഡിജിറ്റൈസേഷനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ എന്‍ജിനീയറിംഗ് പശ്ചാത്തലമുള്ള കൂടുതല്‍ സിഇഒമാര്‍ വരും നാളുകളില്‍ രംഗത്തുവരും.

മാനേജ്‌മെന്റ് ബൈബിളെന്ന് അറിയപ്പെടുന്ന ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യു (എച്ച്ബിആര്‍) ആഗോളതലത്തില്‍ മികവ് പ്രകടിപ്പിക്കുന്ന സിഇഒമാരുടെ വാര്‍ഷിക റാങ്കിംഗ് പട്ടിക തിങ്കളാഴ്ച (ഒക്ടോബര്‍ 22) പുറത്തിറക്കി. പട്ടികയില്‍ എംബിഎ ബിരുദധാരികളെക്കാള്‍ കൂടുതലായി സ്ഥാനം പിടിച്ചത് എന്‍ജിനീയറിംഗ് ബിരുദമുള്ള സിഇഒമാരാണ്. എച്ച്ബിആറിന്റെ 2018-ലെ മികച്ച 100 സിഇഒമാരില്‍ മുന്‍നിരയില്‍ സ്ഥാനംപിടിച്ച 34 പേരും എന്‍ജിനീയറിംഗ് ബിരുദധാരികളാണ്. 32 പേര്‍ മാത്രമാണ് എംബിഎ ബിരുദധാരികള്‍. എട്ട് പേര്‍ എന്‍ജിനീയറിംഗ്, എംബിഎ ബിരുദവുമുള്ളവരാണ്. 2017-ലെ എച്ച്ബിആറിന്റെ പട്ടികയിലും മുന്‍നിരയില്‍ സ്ഥാനം പിടിച്ചത് എന്‍ജിനീയറിംഗ് ബിരുദധാരികളായിരുന്നു.2017-ല്‍ മികച്ച 100 സിഇഒമാരില്‍ മുന്‍നിരയില്‍ 32 പേര്‍ എന്‍ജിനീയറിംഗ് ബിരുദധാരികളായിരുന്നു. 29 പേരായിരുന്നു എംബിഎ ബിരുദധാരികള്‍. ഇപ്രാവിശ്യം എച്ച്ബിആറിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് സ്പാനിഷ് ഫാഷന്‍ റീട്ടെയ്‌ലറായ ഇന്‍ഡിടെക്‌സിന്റെ സിഇഒ പാബ്‌ളോ ഇസ്‌ലയാണ്. ഇദ്ദേഹം പക്ഷേ എന്‍ജിനീയറിംഗ് ബിരുദധാരിയല്ല. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇദ്ദേഹം പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയെന്ന പ്രത്യേകതയുമുണ്ട്.2005 മുതല്‍ ഇന്‍ഡിടെക്‌സിന്റെ നായക സ്ഥാനത്ത് തുടരുന്നുണ്ട് പാബ്‌ളോ ഇസ്‌ല. പ്രമുഖ ബ്രാന്‍ഡുകളായ Zara, Massimo Dutti, and Pull&Bear എന്നിവ ഇന്‍ഡിടെക്‌സിന്റെ കീഴിലുള്ളവയാണ്. ആമസോണിന്റെ സിഇഒ ജെഫ് ബെസോസ് പട്ടികയില്‍ 68-ാം സ്ഥാനത്താണുള്ളത്.
റാങ്കിംഗ് പട്ടിക തയാറാക്കാന്‍ എച്ച്ബിആര്‍ പരിഗണിക്കുന്നത് ഓരോ സിഇഒമാരുടെയും കമ്പനിയെ നയിച്ച കാലയളവിലെ സാമ്പത്തിക വരുമാനം അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ റിട്ടേണ്‍സാണ്. ഒരിക്കലും കമ്പനിയുടെ ഓഹരി മൂല്യമോ, ഏതെങ്കിലും പാദ ഫലമോ (quarterly earnings) അല്ല വിലയിരുത്തുന്നത്. ഇപ്രാവിശ്യവും പട്ടിക തയാറാക്കാന്‍ എച്ച്ബിആര്‍ ഫിനാന്‍ഷ്യല്‍ റിട്ടേണ്‍സാണു പരിഗണിച്ചത്. 2018 ഏപ്രില്‍ 30 വരെയുള്ള എസ്&പി ഗ്ലോബല്‍ 1200 സൂചിക പരിശോധിക്കുകയുണ്ടായി.(അമേരിക്കന്‍ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വിപണി മൂല്യത്തിന്റെ വലുപ്പം അടിസ്ഥാനപ്പെടുത്തിയുള്ള സൂചികയാണ് എസ്&പി) അതോടൊപ്പം ഓഹരി ഉടമകളുടെ മൊത്തത്തിലുള്ള വരുമാനവും, ഓരോ സിഇഒമാരുടെയും ഭരണകാലയളവില്‍ കമ്പനിയുടെ വിപണിമൂല്യത്തിലുണ്ടായ (മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍) വര്‍ധന കണക്കാക്കുകയും ചെയ്തു. കോര്‍പറേറ്റ് എന്‍വയോണ്‍മെന്റല്‍, സോഷ്യല്‍, ഗവേണന്‍സ് എന്നീ രംഗത്തെ പ്രകടനം വിലയിരുത്തുന്നതിനായി സിഎസ്ആര്‍ ഹബ്ബ്, Sustainalytics എന്നീ സ്ഥാപനങ്ങള്‍ നല്‍കിയ റേറ്റിംഗും പരിഗണിച്ചു.
എച്ച്ബിആറിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ പാബ്‌ളോ ഇസ്‌ലയെ, സാമ്പത്തിക വരുമാനത്തിന്റെ (ഫിനാന്‍ഷ്യല്‍ റിട്ടേണ്‍സ്) മാത്രം അടിസ്ഥാനത്തില്‍ വിലയിരുത്തിയിരുന്നെങ്കില്‍ പട്ടികയില്‍ 29-ാം സ്ഥാനം മാത്രമാകുമായിരുന്നു. പക്ഷേ, എന്‍വയോണ്‍മെന്റല്‍, സോഷ്യല്‍, ഗവേണന്‍സ് രംഗത്തെ ശക്തമായ പ്രകടനമാണ് അദ്ദേഹത്തെ ആഗോളതലത്തില്‍ തന്നെ മികച്ച സിഇഒ എന്ന പദവിക്ക് അര്‍ഹനാക്കിയത്. പാബ്‌ളോ ഇസ്‌ലയെ പോലെ ഫാഷന്‍ റീട്ടെയ്ല്‍ ഇന്‍ഡസ്ട്രിയില്‍നിന്നുള്ള സിഇഒയാണ് ബെര്‍ണാര്‍ഡ് ആര്‍നോള്‍ട്ട്. ഇദ്ദേഹത്തിനു പട്ടികയില്‍ മൂന്നാം സ്ഥാനമാണുള്ളത്. നൈക്കിന്റെ സിഇഒ മാര്‍ക്ക് പാര്‍ക്കര്‍ക്ക് പതിനാലാം സ്ഥാനം ലഭിച്ചു.
സമീപ വര്‍ഷങ്ങളില്‍ ടെക്‌നോളജി സിഇഒമാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതായി കാണുവാന്‍ സാധിക്കും. 2014-ല്‍ വെറും എട്ട് ടെക് സിഇഒമാരാണ് ഉണ്ടായിരുന്നതെങ്കില്‍, 2018-ല്‍ എണ്ണം 22-ലെത്തി. എന്‍ജിനീയറിംഗ് ബിരുദമുള്ള സിഇഒമാര്‍ ഭൂരിഭാഗവും യൂറോപ്യന്മാരാണ്. അതേസമയം, എംബിഎ ബിരുദധാരികളായ സിഇഒമാരില്‍ നല്ല പങ്കും യുഎസിന് അവകാശപ്പെട്ടിരിക്കുന്നു. എന്‍ജിനീയറിംഗ് ബിരുദത്തിലൂടെ പഠിച്ചെടുക്കുന്ന അല്ലെങ്കില്‍ ആര്‍ജ്ജിച്ചെടുക്കുന്ന വിശകല ശേഷി, ചിന്തിക്കാനുള്ള ഘടനാപരമായ രീതികള്‍, പ്രശ്‌ന പരിഹാരം പോലുള്ള പ്രത്യേക കഴിവുകള്‍ (skill) മാനേജ്‌മെന്റ് തലത്തില്‍ വരുമ്പോള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നുണ്ടെന്നാണു മനസിലാക്കുവാന്‍ സാധിച്ചിരിക്കുന്നതെന്നു ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യുവിന്റെ സീനിയര്‍ എഡിറ്റര്‍ ഡാന്‍ മക്ഗിന്‍ പറയുന്നു. വരും നാളുകളില്‍ എന്‍ജിനീയറിംഗ് പശ്ചാത്തലമുള്ള കൂടുതല്‍ സിഇഒമാര്‍ രംഗത്തുവരുമെന്നാണു കരുതപ്പെടുന്നത്. കാരണം എല്ലാ കമ്പനികളും ടെക്‌നോളജിക്കും, ഡിജിറ്റൈസേഷനും കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ്.
മാറി വരുന്ന പരിതസ്ഥിതിയുമായി അല്ലെങ്കില്‍ സാഹചര്യവുമായി താദാത്മ്യം പ്രാപിക്കാനുള്ള കഴിവാണ് ഒരു നേതാവിന്റെ വിജയത്തെ നിര്‍ണയിക്കുന്നത്. ഇപ്പോള്‍ കമ്പനികള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മാറ്റമെന്നു പറയുന്നത്, ആഗോള രാഷ്ട്രീയ രംഗത്തു വന്നിരിക്കുന്ന മാറ്റമാണ്. പോപ്പുലിസം പ്രബലമായ ശക്തിയായി വളരുകയാണ്. അമേരിക്കയില്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതും, യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുകടക്കാന്‍ ഗ്രേറ്റ് ബ്രിട്ടനിലെ ജനങ്ങള്‍ വോട്ട് ചെയ്തതും ഉദാഹരണമാണ്. ബിസിനസ് നേതാക്കളെ, പ്രത്യേകിച്ചു മാനുഫാക്ച്ചറിംഗ് രംഗത്തുള്ള ലീഡര്‍മാര്‍ക്ക് ഈ സാഹചര്യം താരിഫ്, വ്യാപാരയുദ്ധം പോലുള്ള ഭീഷണികള്‍ സമ്മാനിച്ചിരിക്കുന്നു.

എന്തു കൊണ്ടാണ് വനിതാ സിഇഒമാര്‍ അധികം പേരില്ലാത്തത് ?

ഈ വര്‍ഷമാദ്യം അമേരിക്കന്‍ പബ്ലിക് റേഡിയോ പ്രോഗ്രാമായ Freakonomics Radio-ല്‍ അഭിമുഖത്തിനിടെ, പെപ്‌സിക്കോയുടെ സിഇഒയായിരുന്ന ഇന്ദ്ര നൂയിയോട് എന്തു കൊണ്ടാണ് ഇന്നത്തെ വന്‍കിട കോര്‍പറേഷനുകളില്‍ അധികം വനിതാ സിഇഒമാര്‍ ഇല്ലാത്തതെന്നു ചോദിക്കുകയുണ്ടായി. അതിനുള്ള മറുപടിയായി അവര്‍ പറഞ്ഞത് സ്ത്രീകള്‍ക്കു ജോലിയും കുടുംബജീവിതവും ഒരുമിച്ചു കൊണ്ടു പോകുന്നത് വലിയ വെല്ലുവിളി സമ്മാനിക്കുന്നതു കൊണ്ടാണെന്നായിരുന്നു.
എന്‍ട്രി ലെവല്‍ പൊസിഷനില്‍ (പഠനം കഴിഞ്ഞ്, മുന്‍ പരിചയമൊന്നുമില്ലാതെ ജോലിയില്‍ പ്രവേശിക്കുന്ന ഘട്ടം) ധാരാളം സ്ത്രീകളെ കാണുവാന്‍ നമ്മള്‍ക്കു സാധിക്കും. എന്നാല്‍ മിഡില്‍ മാനേജ്‌മെന്റ് (സീനിയര്‍ പൊസിഷന്‍) തലത്തിലെത്തുമ്പോള്‍, പല സ്ത്രീകള്‍ക്കും കുട്ടികളൊക്കെ ആയിട്ടുണ്ടാവും. കുട്ടികളെ പരിചരിച്ചു കഴിഞ്ഞു വേണം കരിയര്‍ മുന്നോട്ടു കൊണ്ടുപോകാന്‍. ഇത്തരത്തില്‍ പരിചരണവും, കരിയറും പലര്‍ക്കും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കാറില്ല. അത് അവരുടെ കരിയര്‍ വളര്‍ച്ചയെ ബാധിക്കുകയും ചെയ്യാറുണ്ട്. തൊഴില്‍ രംഗത്തുള്ള അമ്മമാരായ സ്ത്രീകള്‍ക്കു നല്ല രീതിയില്‍ പിന്തുണ ലഭിച്ചാല്‍ സ്ഥാപനത്തിന്റെ അവര്‍ നേതൃനിരയിലെത്തുമെന്ന കാര്യം ഉറപ്പാണെന്ന് ഇന്ദ്ര നൂയി പറഞ്ഞു.

എച്ച്ബിആര്‍ 2018-ലെ മികച്ച സിഇഒമാര്‍

1-ാം സ്ഥാനം- പാബ്‌ളോ ഇസ്‌ല (ഇന്‍ഡിടെക്‌സ്)
2-ാം സ്ഥാനം- ജെന്‍സന്‍ ഹുവാങ് (എന്‍വിദിയ കോര്‍പറേഷന്‍)
3-ാം സ്ഥാനം- ബെര്‍ണാര്‍ഡ് ആര്‍നോള്‍ട്ട് (എല്‍വിഎംഎച്ച്)
4-ാം സ്ഥാനം- ഫ്രാങ്കോ-ഹെന്റി പിനോള്‍ട്ട് (കെറിംഗ്)
5-ാം സ്ഥാനം- എല്‍മാര്‍ ഡിജെന്‍ഹാര്‍ട്ട് (കോണ്‍ട്ടിനെന്റല്‍)
6-ാം സ്ഥാനം- മാര്‍ക്ക് ബെനിയോഫ് (സെയില്‍സ്‌ഫോഴ്‌സ്.കോം)
7-ാം സ്ഥാനം- ജാക്വസ് ഏസ്‌ചെന്‍ബ്രോയിക്ക് (വാലിയോ)
8-ാം സ്ഥാനം- ജോഹന്‍ തിജ്‌സ് (കെബിസി)
9-ാം സ്ഥാനം- ഹിസാഷി ഇറ്റ്‌സുഗു (സിസ്‌മെക്‌സ്)
10-ാം സ്ഥാനം- മാര്‍ട്ടിന്‍ ബോയ്ഗ്യൂസ് (ബോയ്ഗ്യൂസ്)

Comments

comments

Categories: FK News, Slider
Tags: CEO