ഡിജിറ്റല്‍ സാക്ഷരതയിലൂടെ നൈപുണ്യ പരിശീലനം

ഡിജിറ്റല്‍ സാക്ഷരതയിലൂടെ നൈപുണ്യ പരിശീലനം

സ്ത്രീകളിലും കുട്ടികളിലും വിദ്യാഭ്യാസത്തിലൂടെ ശരിയായ ശാക്തീകരണം നടപ്പാക്കുന്നതിന് ലക്ഷ്യ ജീവന്‍ ജാഗൃതി മുന്‍തൂക്കം നല്‍കിവരുന്നു. തൊഴിലവസരങ്ങള്‍ ഏറെയുള്ള ഗ്രാഫിക് ഡിസൈനിംഗ് രംഗത്തേക്കും സംരംഭക രംഗത്തേക്കുമുള്ള നൈപുണ്യ പരിശീലന പദ്ധതികളാണ് ഇവര്‍ നടപ്പാക്കിയിട്ടുള്ളത്

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നിരവധി എന്‍ജിഒകള്‍ നമ്മുടെ നാട്ടിലുണ്ട്. സമൂഹത്തിലെ താഴേത്തട്ടിലുള്ള വിദ്യാഭ്യാസം ഇല്ലാത്തതോ കുറവുള്ളതോ ആയ സ്ത്രീകളുടെ ഉന്നമനം എന്നു കേള്‍ക്കുമ്പോള്‍ നാം ആദ്യം ഓര്‍ക്കുന്നത് കരകൗശലവസ്തു നിര്‍മാണം, തയ്യല്‍, മെഴുകുതിരി നിര്‍മാണം, സോപ്പ് നിര്‍മാണം എന്നിവയിലുള്ള പരിശീലനം എന്നാകും. എന്നാല്‍ ലക്ഷ്യ ജീവന്‍ ജാഗൃതി സ്ത്രീകള്‍ക്ക് പ്രൊഫഷണല്‍ രംഗത്ത് വൈദഗ്ധ്യം നല്‍കുന്നതിനാണ് മുന്‍തൂക്കം നല്‍കുന്നത്. ഡിജിറ്റല്‍ സാക്ഷരതയിലൂടെ സ്ത്രീകള്‍ക്ക് സാമ്പത്തികമായി ഉന്നമനം നേടാന്‍ സഹായിക്കുകയാണിവര്‍.

ഇന്ന് ഏറെ തൊഴിലവസരങ്ങളുള്ള ഗ്രാഫിക് ഡിസൈനിംഗ് രംഗത്തേക്കാണ് ഇവിടെ പരിശീലനം. ഡിസൈനിംഗ് സോഫ്റ്റ്‌വെയറുകളായ കോറല്‍ഡ്രോ, അഡോബ് ഫോട്ടോഷോപ്പ് എന്നിവയില്‍ പരിശീലനം നല്‍കി സ്ത്രീകളിലെ സര്‍ഗാല്‍മക കഴിവുകള്‍ക്കാണ് ഇവര്‍ പ്രോല്‍സാഹനം നല്‍കി വരുന്നത്.

ഒറ്റപ്പെട്ട അമ്മമാര്‍ക്കൊരു കൈത്താങ്ങ്

സിക്കിം മണിപ്പാല്‍ സര്‍വകലാശാലയിലെ പ്രൊഫസറായ രാഹുല്‍ ഗോസ്വാമിക്കൊപ്പം ചേര്‍ന്ന് സുമയ്യ അഫ്രീന്‍ ലക്ഷ്യ ജീവന്‍ ജാഗൃതിയുടെ ആശയങ്ങള്‍ക്ക് രൂപം നല്‍കി. തുടര്‍ന്ന് നാലു പേരടങ്ങുന്ന സംഘത്തെയും ഒപ്പം ചേര്‍ത്ത് 2009ലാണ് ഈ എന്‍ജിഒയ്ക്ക് തുടക്കമിടുന്നത്. ഭര്‍ത്താവിന്റെ പിന്തുണയില്ലാതെ കുട്ടികളെ വളര്‍ത്തുന്ന അമ്മമാര്‍ക്കൊരു കൈത്താങ്ങ് എന്ന നിലയിലാണ് ഈ സാമൂഹ്യ സംരംഭത്തിന്റെ തുടക്കം. ആവോ സാത്ത് മാ എന്ന പേരില്‍ സ്ത്രീകള്‍ക്കായി മൂന്നു മാസത്തെ ഡിസൈന്‍ കോഴ്‌സാണ് സുമയ്യ നടത്താന്‍ തീരുമാനിച്ചത്. സ്ത്രീകളില്‍ പലര്‍ക്കും വിദ്യാഭ്യാസം നന്നേ കുറവാണ്, ഒട്ടുമിക്കര്‍ക്കും ബിരുദമില്ല. ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല. മൂന്നു മാസത്തെ കോഴ്‌സ് മിക്ക സ്ത്രീകളും പൂര്‍ത്തിയാക്കിയത് നാലോ അഞ്ചോ മാസം കൊണ്ടാണ്. പക്ഷേ അവര്‍ ആ കോഴ്‌സ് പഠിച്ചെടുക്കുന്നതില്‍ വിജയിക്കുക തന്നെ ചെയ്തു. ആദ്യ ഘട്ട കോഴ്‌സ് പൂര്‍ത്തിയാക്കിയ മിക്ക സ്ത്രീകളും ഇന്ന് ചെറുകിട സ്ഥാപനങ്ങളില്‍ ബാനറുകളും വിസിറ്റിംഗ് കാര്‍ഡുകളും ഡിസൈന്‍ ചെയ്തു വരുന്നു. ചിലര്‍ സ്വന്തമായി ഡിസൈന്‍ സംരംഭങ്ങള്‍ക്കു പോലും തുടക്കിമിട്ടിരിക്കുന്നു. ലക്ഷ്യ ജീവന്‍ ജാഗൃതി തുടക്കം മുതല്‍തന്നെ ഈ പദ്ധതിയില്‍ വിജയിക്കുകയും ചെയ്തു. ആവോ സാത്ത് മാ എന്ന പദ്ധതിയില്‍ വിദ്യാഭ്യാസം ഇല്ലാത്ത സ്ത്രീകള്‍ക്ക് ഇംഗ്ലീഷ്, മാത്‌സ്, കംപ്യൂട്ടര്‍ എന്നീ വിഷയങ്ങളില്‍ അടിസ്ഥാന വിദ്യാഭ്യാസവും നല്‍കുന്നുണ്ട്. വെറും 500 രൂപ ഫീസിലാണ് ഈ കോഴ്‌സ് നല്‍കിവരുന്നത്.

”അമ്മമാര്‍ കൂടുതല്‍ സമയവും കുട്ടികള്‍ക്കൊപ്പമായതിനാല്‍ ആദ്യം കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസ പരിശീലനം തുടങ്ങിയശേഷമാണ് സ്ത്രീകളിലെ കഴിവുകള്‍ കണ്ടെത്തി പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്, ” സുമയ്യ പറയുന്നു. തുടക്കത്തില്‍ 15 കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം നല്‍കി വന്നത്. രണ്ടു മാസത്തിനുള്ളില്‍ അവരുടെ എണ്ണം 70 ആയി മാറി.

ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ

സ്ത്രീകളിലും കുട്ടികളിലും വിദ്യാഭ്യാസത്തിലൂടെ ശരിയായ രീതിയിലുള്ള ശാക്തീകരണം നടപ്പാക്കുക എന്നതിനാണ് സംരംഭം ശ്രദ്ധ നല്‍കിയത്. ആശയവിനിമയം മികച്ചതാക്കാനും എഴുത്തും വായനവും ഉള്‍പ്പെടെയുള്ള മേഖലകളിലും അവര്‍ പരിശീലനം നല്‍കി. പ്രധാനമായും എകലവ്യ, ആവോ സാത്ത് മാ, വീ കണക്റ്റ് എന്നിങ്ങനെ മൂന്നു പരിശീലന പരിപാടികളാണ് ലക്ഷ്യ നടപ്പാക്കി വരുന്നത്. കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളിനു ശേഷം പഠന പരിശീലനം നല്‍കുന്ന പദ്ധതിയാണ് ഏകലവ്യ. ഈ വര്‍ഷം ജൂണില്‍ ലക്ഷ്യ അവതരിപ്പിച്ച പദ്ധതിയാണ് വീ കണക്റ്റ്. സ്ത്രീകള്‍ക്കുള്ള സംരംഭക പരിശീലനമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്.

സ്ത്രീകളുടെ സൗകര്യം കണക്കിലെടുത്ത് അവര്‍ക്കിണങ്ങുന്ന വിവിധ സമയങ്ങളിലായി ലക്ഷ്യം പരിശീലനം നല്‍കുന്നുണ്ട്. ഡല്‍ഹിയിലെ കരോള്‍ബാഗില്‍ രണ്ട് സെന്ററുകളിലായാണ് ഇവരുടെ പ്രവര്‍ത്തനം. സമൂഹത്തിലെ സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടാല്‍ സമൂഹം ഒന്നാകെ ശാക്തീകരിക്കപ്പെടുകയാണെന്നാണ് സുമയ്യയുടെ അഭിപ്രായം. കരോള്‍ ബാഗിനു പുറത്തേക്ക് കൂടുതല്‍ പങ്കാളിത്തങ്ങളിലൂടെ സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും ലക്ഷ്യ പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: FK News