വ്യാജ ആപ്പുകളെ കരുതിയിരിക്കുക

വ്യാജ ആപ്പുകളെ കരുതിയിരിക്കുക

ധനകാര്യസേവനരംഗം സമഗ്രമായി ഡിജിറ്റല്‍വല്‍ക്കരിക്കപ്പെടുമ്പോള്‍ റിസ്‌കും അതനുസരിച്ച് കൂടും. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന നഷ്ടം ഭീമമാകും

ഡിജിറ്റല്‍ ലോകത്തെ കുറ്റകൃത്യങ്ങളാണ് പുതിയ കാലത്ത് നമ്മള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. അതിവേഗം ഓരോ രംഗവും ഡിജിറ്റല്‍വല്‍ക്കരിക്കപ്പെടുന്നുവെന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത. ഏറ്റവും തീവ്രതയോടെ ഡിജിറ്റല്‍വല്‍ക്കരണം നടക്കുന്നത് ധനകാര്യസേവനമേഖലയിലാണ്. ടെക്‌നോളജിയുടെ വികാസം പരമ്പരാഗത ധനകാര്യസേവനരംഗത്ത് സമൂലമായ വിപ്ലവം തന്നെകൊണ്ടുവന്നു. എന്നാല്‍ അതിവേഗത്തില്‍ ഡിജിറ്റല്‍ ബാങ്കിംഗ് വ്യാപിക്കുമ്പോള്‍ അതിന് ആനുപാതികമായി റിസ്‌ക്കും കൂടുകയാണ്. അതിന്റെ ഞെട്ടിപ്പിക്കുന്ന പ്രതിഫലനമാണ് കഴിഞ്ഞ ദിവസം ആഗോള ഐടി സെക്യൂരിറ്റി കമ്പനിയായ സോഫോസ് ലാബ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട്.

ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ള വ്യാജ ബാങ്കിംഗ് ആപ്പുകളിലൂടെ ഏകദേശം 160,000 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിരിക്കാം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്, ഐസിഐസിഐ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്, സിറ്റി ബാങ്ക് തുടങ്ങിയവയുടെ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ളതാണ് പല വ്യാജ ആപ്പുകളുമെന്ന് പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

എന്തിനും ആപ്പുകളെ ആശ്രയിക്കുന്ന നവതലമുറ ഇത്തരം വ്യാജന്മാരുടെ പിടിയിലകപ്പെടാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്. പര്‍ച്ചേസ് ചെയ്യുമ്പോള്‍ ക്യാഷ് ബാക്ക് ഓഫറുകള്‍, സൗജന്യ മൊബീല്‍ ഡാറ്റ, പലിശയില്ലാത്ത വായ്പകള്‍ തുടങ്ങി ആരിലും ആകര്‍ഷകമെന്ന് തോന്നിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കിയാണ് വ്യാജആപ്പുകള്‍ നമ്മെ കബളിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം ഓഫറുകള്‍ വരുമ്പോള്‍ അതില്‍ കണ്ണുതള്ളി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ വിശദമായി അന്വേഷിച്ചതിന് ശേഷം മാത്രം ബാങ്കിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതാണ് നല്ലത്. എക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് കാഷ് വീട്ടുപടിക്കല്‍ എത്തിക്കാമെന്ന് വരെ ഓഫര്‍ വെക്കുന്ന വിരുതന്മാരുമുണ്ട്.

ഡിജിറ്റല്‍ സാക്ഷരതയുടെ കാര്യത്തില്‍ രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങളും തുടക്കക്കര്‍ മാത്രമാണ്, പ്രത്യേകിച്ച് ഗ്രാമങ്ങളിലുള്ളവര്‍. ഇത്തരം വ്യാജ ആപ്പുകളിലൂടെ ഇവരെ കബളിപ്പിക്കാന്‍ എളുപ്പമാണെന്ന് കരുതുന്നവരുമുണ്ട്. അതിനാല്‍ ഡിജിറ്റല്‍ ബാങ്കിംഗുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ നിങ്ങളുടെ ബാങ്ക് ശാഖയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രം പ്രാവര്‍ത്തികമാക്കുക. എന്തെങ്കിലും ചെറിയ സംശയം തോന്നിയാല്‍ പോലും ബാങ്കിലേക്ക് വിളിച്ച് ചോദിച്ച് സംശയനിവാരണത്തിന് ശേഷം മാത്രം മുന്നോട്ടുപോകുക.

യഥാര്‍ത്ഥ സ്ഥാപനങ്ങളുടെ പേരും ലോഗോയുമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് വ്യാജ ആപ്പുകളുടെ പ്രവര്‍ത്തനം. സെലിബ്രിറ്റികളുടെ ചിത്രങ്ങളുമായി എത്തുന്ന ആപ്പുകളെയെല്ലാം പ്രത്യേകം നിരീക്ഷിക്കുക. നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്തെ മൊബീല്‍ ബാങ്കിംഗ് ഇടപാടുകളില്‍ വന്‍വര്‍ധനയാണുണ്ടായിരിക്കുന്നത്. 2015നും 2017നും ഇടയില്‍ മാത്രം ഡിജിറ്റല്‍ പേമെന്റ് ഇടപാടുകളില്‍ വന്നത് 50 ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ചയാണ്. ഇതനുസരിച്ച് ഡാറ്റ മോഷണവും വര്‍ധിക്കാനാണ് സാധ്യത.

ആപ്പ് പ്രസിദ്ധീകരിക്കുന്ന പബ്ലിഷര്‍മാരുടെ വിശ്വാസ്യതയും മറ്റും ഉറപ്പ് വരുത്തിയതിന് ശേഷം മതി ഡൗണ്‍ലോഡ്. ആപ്പിനുള്ള യൂസര്‍ റേറ്റിംഗിലൂടെയും യൂസര്‍ റിവ്യൂസിലൂടെയും എല്ലാം ഒന്ന് കണ്ണോടിച്ചതിന് ശേഷം മാത്രം അത് ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിച്ചാല്‍ മതി. ആന്റി വൈറസ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാനും മടിയൊന്നും കാണിക്കേണ്ടതില്ല.

Comments

comments

Categories: Editorial, Slider
Tags: Fake apps