എഐ പ്രോഗ്രാമിംഗില്‍ താരമായി പത്തുവയസുകാരി

എഐ പ്രോഗ്രാമിംഗില്‍ താരമായി പത്തുവയസുകാരി

കംപ്യൂട്ടര്‍ പ്രോഗ്രാമിംഗിന് ആവശ്യമായ ആശയങ്ങള്‍ ലളിതമായി പഠിപ്പിക്കുന്ന കോഡിംഗ് ബോര്‍ഡ് ഗെയിം കണ്ടെത്തിയാണ് ഇന്തോ-അമേരിക്കന്‍ ബാലികയായ സമൈര മേഹ്ത ശ്രദ്ധേയമാകുന്നത്. പത്തു വയസിനുള്ളില്‍ കോഡിംഗ് ബണ്ണീസ് എന്ന പേരില്‍ കമ്പനി സ്ഥാപിച്ച് ചെറു സംരംഭകയ്ക്കുള്ള ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്. സമൈരയുടെ പ്രാഗല്‍ഭ്യം കണ്ട് ഗൂഗിള്‍ ഭാവിയില്‍ ജോലി വാഗ്ദാനം ചെയ്‌തെങ്കിലും മികച്ച സംരംഭയാകാനുള്ള ഇഷ്ടം തുറന്നുപറഞ്ഞ് ആ ഓഫര്‍ അവള്‍ സന്തോഷപൂര്‍വം നിരസിച്ചു

പത്താം വയസില്‍ സംരംഭക റോളില്‍ തിളങ്ങുന്ന പെണ്‍കുട്ടിയാണ് സമൈര മേഹ്ത. ഈ പ്രായത്തില്‍ ഒട്ടുമിക്ക കുട്ടികളും കാര്‍ട്ടൂണുകള്‍ക്കും മൊബീല്‍ ഗെയിമുകള്‍ക്കും പിന്നാലെ പായുമ്പോള്‍ ഈ കൊച്ചു പെണ്‍കുട്ടി കോഡിംഗിന്റെയും കംപ്യൂട്ടര്‍ പ്രോഗ്രാമിന്റെയും ലോകത്ത് തലപുകയ്ക്കുകയാണ്. കോഡര്‍ ബണ്ണീസ് എന്ന പേരില്‍ ഒരു കോഡിംഗ് ബോര്‍ഡ് ഗെയിം തന്നെ കണ്ടുപിടിച്ച ഈ ഇന്തോ-അമേരിക്കന്‍ ബാലിക സിലിക്കണ്‍ വാലിയിലെ താരമായി മാറിയിരിക്കുകയാണിപ്പോള്‍. വെറും ഒറ്റ വര്‍ഷത്തിനുള്ളില്‍ അവള്‍ കണ്ടെത്തിയ ഗെയിമിന്റെ 1000 ല്‍ പരം ബോക്‌സുകള്‍ വിറ്റഴിച്ച് 35,000 ഡോളര്‍ സ്വന്തമാക്കിയിരിക്കുന്നു.

കംപ്യൂട്ടര്‍ പ്രോഗ്രാമിംഗിന് ആവശ്യമായ എല്ലാ ആശയങ്ങളും ഏറ്റവും ലളിതമായി പഠിപ്പിക്കാന്‍ കുട്ടികളെ സഹായിക്കുന്ന ഗെയിമാണ് കോഡര്‍ ബണ്ണീസ്. ടെക്‌നോളജി ഭീമന്‍മാരായ ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ ഇതിനോടകം തന്നെ മുഖ്യ സ്പീക്കര്‍ റോളില്‍ തിളങ്ങിയ സമൈര, ഗൂഗിളില്‍ കോളെജ് പഠനത്തിനുശേഷം വാഗ്ദാനം ചെയ്ത ജോലി സന്തോഷപൂര്‍വം നിരസിക്കുകയും ചെയ്തു. ജോലിയല്ല, സ്വന്തമായി ഒരു മികച്ച സംരംഭം കെട്ടിപ്പടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അറിയിച്ചാണ് ഈ കൊച്ചു പെണ്‍കുട്ടി ഗൂഗിളിനെ പോലും ഞെട്ടിച്ചു കളഞ്ഞത്.

ഈ ചെറുപ്രായത്തില്‍ 2000ത്തോളം കുട്ടികളെ പ്രോഗ്രാമിംഗ് പഠിപ്പിക്കുന്നതിനൊപ്പം 50 വര്‍ക്‌ഷോപ്പുകളും സമൈര നടത്തിക്കഴിഞ്ഞു. വര്‍ക്‌ഷോപ്പുകള്‍ ഏറെയും സ്‌കൂള്‍ ലൈബ്രറികളിലും, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍ എന്നീ കമ്പനികളിലുമാണ് അരങ്ങേറിയത്. രണ്ടു വര്‍ഷം മുമ്പ് കോഡര്‍ ബണ്ണീസ് ഗെയിമിന് വൈറ്റ്ഹൗസില്‍ നിന്നും 2500 ഡോളര്‍ സമ്മാനം ലഭിച്ചതിനു പുറമെ സാന്താ ക്ലാര ബോര്‍ഡ് എജുക്കേഷന്റെ അംഗീകാരവും ചെറു സംരംഭകയ്ക്കുള്ള അവാര്‍ഡും ഈ മിടുക്കി കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ ഇടങ്ങളിലായി 11 ല്‍ പരം കോണ്‍ഫറന്‍സുകളില്‍ മുഖ്യ താരമായ സമൈരയുടെ ഗെയിം 106 സ്‌കൂളുകള്‍ പഠനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. തന്നെ പ്രശസ്തയാക്കിയ കോഡര്‍ ബണ്ണീസ് എന്ന ഗെയിമിന്റെ അതേ പേരില്‍ അച്ഛനൊപ്പം ചേര്‍ന്ന് ഈ കൊച്ചു പെണ്‍കുട്ടി കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്.

കംപ്യൂട്ടര്‍ പ്രോഗ്രാമിലേക്കുള്ള കരിയര്‍

ബോര്‍ഡ് ഗെയിമിനോടും കംപ്യൂട്ടര്‍ പ്രോഗ്രാമിനോടുമുള്ള അടങ്ങാത്ത ആഗ്രഹമാണ് ഈ പത്തുവയസുകാരിയ കോഡര്‍ ബണ്ണീസിന് രൂപം നല്‍കാന്‍ പ്രേരിപ്പിച്ചത്. തനിക്ക് ഏറെയിഷ്ടമുള്ള ഈ രണ്ടു വിഭാഗവും ഒന്നിപ്പിക്കുന്നതിനായി കംപ്യൂട്ടര്‍ പ്രോഗ്രാമിനെ ബോര്‍ഡ് ഗെയിമിലേക്ക് സന്നിവേശിപ്പിച്ചു. കംപ്യൂട്ടര്‍ പ്രോഗ്രാമിംഗിന് ആവശ്യമായ എല്ലാവിധ ആശയങ്ങളും പഠിച്ചെടുക്കാന്‍ ഈ ഗെയിമിലൂടെ സാധിക്കുമെന്നതാണ് മറ്റു ബോര്‍ഡ് ഗെയിമുകളില്‍ നിന്നും കോഡര്‍ ബണ്ണീസിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്ന പ്രധാന സവിശേഷത. ഇന്ന് വിപണിയില്‍ ലഭ്യമായ മറ്റൊരു ബോര്‍ഡ് ഗെയിമിലും ഈ സവിശേഷതയില്ല.

പ്രായം കൂടുന്നതനുസരിച്ച് ബോര്‍ഡ് ഗെയിമിലെ കളിയുടെ ലെവലും കൂടുന്ന രീതിയിലാണ് ഗെയിം സജ്ജമാക്കിയിരിക്കുന്നത്. ഉദാഹരണത്തിന് നാല് മുതല്‍ അഞ്ചു വയസു വരെയുള്ളവര്‍ ഏറ്റവും താഴത്തെ ലെവല്‍ കളിക്കുമ്പോള്‍ ആറ് വയസ് എത്തുമ്പോഴേക്കും അല്‍പ്പം മുന്‍പന്തിയിലുള്ള ഗെയിം അവര്‍ക്ക് കളിച്ചു തുടങ്ങാനാകും. 13 ലെവലുകളാണ് കോഡര്‍ ബണ്ണീസില്‍ ഉള്ളത്. അതിനാല്‍ നീണ്ട കാലത്തേക്ക് ഈ കോഡിംഗ് ബോര്‍ഡ് ഗെയിം ഉപയോഗിക്കാനാകുമെന്ന് സാരം. സമൈര കോഡര്‍ ബണ്ണീസ് സൃഷ്ടിക്കുമ്പോള്‍ ഡിജിറ്റല്‍ ഗെയിമുകള്‍ക്കായിരുന്നില്ല കൂടുതല്‍ പ്രസക്തി. അതിനാല്‍ നോണ്‍- ഡിജിറ്റല്‍ രീതിയിലാണ് ഗെയിമിന്റെ നിര്‍മാണം. എന്നാലിന്ന് കാലം മാറി. എഐ സാങ്കേതികവിദ്യയിലേക്കാണ് ആധുനിക ലോകം ഉറ്റുനോക്കുന്നത്. അതിനാല്‍ എഐ സാങ്കേതിക വിദ്യയില്‍ ഗെയിമിന്റെ പരിഷ്‌കരിച്ച രൂപം ഉടന്‍ പുറത്തിറക്കുന്നതിനായുള്ള പണിപ്പുരയിലാണിപ്പോള്‍ ഈ കൊച്ചു മിടുക്കി.

സംരംഭക യാത്രയില്‍ മികച്ച പിന്തുണ

കുടുബത്തില്‍ നിന്നും ലഭിച്ച മികച്ച പിന്തുണയാണ് സമൈര ഇന്നു പ്രശസ്തയാകാന്‍ സഹായിച്ചത്. അമ്മ മോണിക്ക മേഹ്തയ്‌ക്കൊപ്പം അച്ഛന്‍ രാകേഷ് മേഹ്ത, ലോറിന്‍ വില്‍സണ്‍, കാര്‍ത്തി ഗോപാലന്‍ എന്നിവരാണ് ഈ യാത്രയില്‍ ഏറെ സഹായിച്ചത്. ”അച്ഛനും അമ്മയും എന്നില്‍ വിശ്വാസമര്‍പ്പിച്ച് ഒപ്പം നിന്നു. മുന്നോട്ടുള്ള യാത്രയില്‍ ഒരിക്കലും പിന്തിരിയാതിരിക്കാനുള്ള പ്രോല്‍സാഹനമാണ് അവര്‍ നല്‍കിയത്. സര്‍ട്ടിഫൈഡ് ചീഫ് ടെക്‌നോളജി ഓഫീസറായ ലോറിന്‍ വില്‍സണ്‍ ഇപ്പോള്‍ അധ്യാപകനായി ജോലി ചെയ്യുകയാണ്. സമൈരയുടെ പ്രസന്റേഷനുകള്‍ എഡിറ്റ് ചെയ്യുക, പൊതുവേദിയില്‍ മികച്ച സ്പീക്കര്‍ ആകുന്നതിനുള്ള ടിപ്‌സ്, ഗെയിമിന്റെ സത്യസന്ധമായ ഫീഡ്ബാക്കുകള്‍ എന്നിവ നല്‍കിയാണ് ലോറിന്‍ ഈ കൊച്ചു സംരംഭകയ്ക്ക് ആവശ്യമായ സഹായം നല്‍കിയത്. ഗെയിം നിര്‍മാണത്തിന്റെ ആദ്യ ദിനം മുതലുള്ള കാര്‍ത്തിയുടെ സഹായവും വിസ്മരിക്കാനാവില്ലെന്ന് സമൈര പറയുന്നു.

പുതുതലമുറയുടെ ഭാവിക്കിണങ്ങുന്ന എഐ സാങ്കേതിക വിദ്യയുടെ ആശയങ്ങള്‍ കുട്ടികളെ ലളിതമായി പഠിക്കാന്‍ സഹായിക്കുന്ന ബോര്‍ഡ് ഗെയിമാണ് സമൈര അടുത്തതായി വികസിപ്പിക്കുന്നത്. കോഡര്‍മൈന്‍ഡ്‌സ് എന്നു പേരിട്ടിരിക്കുന്ന പുതിയ ഗെയിം അടുത്തുതന്നെ വിപണിയില്‍ അവതരിപ്പിക്കും. ഈ ഗെയിം നിര്‍മാണത്തില്‍ സമൈരയുടെ പ്രധാന സഹായി ആറു വയസുകാരനായ അനുജന്‍ ആദിത് ആണ്. ”ഏതൊരു ഉദ്യമത്തിലും തുടക്കത്തില്‍ പരാജയം നേരിട്ടേക്കാം. അതില്‍ വിഷമിക്കാതിരിക്കുക. ശരിയായ പരിശ്രമങ്ങളില്ലാതെ മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ മാത്രമേ വിഷമം തോന്നാവൂ,” സമൈര തന്റെ ജീവിതത്തില്‍ പകര്‍ത്തുന്ന വാക്കുകളാണിവ.

ആദ്യ സമ്മാനം 2500 ഡോളര്‍

കോഡര്‍ ബണ്ണീസ് ഗെയിമിലൂടെ 2016ല്‍ തിങ്ക് ടാങ്ക് ലേണിംഗ്‌സിന്റെ പിച്ച്‌ഫെസ്റ്റില്‍ പങ്കെടുത്ത സമൈരയ്ക്ക് മേളയില്‍ രണ്ടാം സ്ഥാനം ലഭിച്ചു. 2500 ഡോളറായിരുന്നു സമ്മാനത്തുക. കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിന്റെ ആദ്യ ‘റിയല്‍ ലൈഫ് പവര്‍ഫുള്‍ ഗേള്‍സ്’ ബഹുമതിയും ഈ പെണ്‍കുട്ടിയെ തേടിയെത്തി. സമൈരയുടെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളില്‍ ഒന്നാണ് ടെക് ഭീമനായ ഗൂഗിളില്‍ നടത്തിയ വര്‍ക്‌ഷോപ്പില്‍ കമ്പനിയുടെ ചീഫ് കള്‍ച്ചര്‍ ഓഫീസറായ സ്റ്റേസി സള്ളിവനെ കണ്ടുമുട്ടിയത്. സമൈരയുടെ ബുദ്ധിവൈഭവത്തിലും കണ്ടുപിടിത്തത്തിലുമുള്ള അറിവ് അവരെ അത്യധികം ആകര്‍ഷിച്ചു. ഭാവിയില്‍ കോളെജ് പഠനത്തിനു ശേഷം ഗൂഗിള്‍ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത അവരോട് സമൈര അതു സന്തോഷപൂര്‍വം അതു നിരസിക്കുകയായിരുന്നു. ഏതൊരാളും സ്വപ്‌നം കാണുന്ന ഒന്നാണ് ഗൂഗിളില്‍ ഒരു ജോലി. ഇങ്ങോട്ട് തേടിയെത്തിയ സൗഭാഗ്യത്തെ സന്തോഷപൂര്‍വം തിരസ്‌കരിച്ചതില്‍ ഈ കുഞ്ഞു സംരഭകയ്ക്ക് തെല്ലും ആശങ്കയില്ല. ‘ഒരു സംരംഭക എന്ന നിലയില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്, അതു തന്നെയാണ് എന്റെ ആഗ്രഹവും. ഭാവിയില്‍ ഗൂഗിളില്‍ ജോലി ചെയ്യാനാകുമെന്നതില്‍ ഉറപ്പു പറയാന്‍ കഴിയില്ല,- ഇതായിരുന്നു സമൈരയുടെ മറുപടി.

പഠിത്തത്തിനൊപ്പം സമൈരയുടെ കഴിവുകള്‍ വളര്‍ത്തുന്ന കണ്ടുപിടിത്തങ്ങളിലും അങ്ങേയറ്റം പിന്തുണ നല്‍കുകയാണ് കുടുംബം. ചെറുപ്രായത്തില്‍ സംരംഭക രംഗത്തേക്ക് കാല്‍വെയ്പ് നടത്തിയ മകളെ സഹായിക്കാന്‍ അച്ഛനും അമ്മയും സദാസന്നദ്ധരാണ്.

Comments

comments

Categories: FK Special