ചെലവുകള്‍ വര്‍ധിച്ചു, ടയര്‍ വിപണിയില്‍ വന്‍ ഇടിവ്

ചെലവുകള്‍ വര്‍ധിച്ചു, ടയര്‍ വിപണിയില്‍ വന്‍ ഇടിവ്

രൂപയുടെ മൂല്യമിടിഞ്ഞത് ഇറക്കുമതി ചെലവ് ഉയര്‍ത്തി

ന്യൂഡെല്‍ഹി: ഉയര്‍ന്ന ഇന്‍ഷുറന്‍സ്, ഇന്ധന ചെലുകള്‍ മൂലം 2019 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യന്‍ ടയര്‍ വിപണി പ്രതിസന്ധിയിലാകുമെന്ന് ടയര്‍ നിര്‍മാണ കമ്പനികള്‍. രൂപയുടെ മൂല്യം ഇടിയുന്നത് ടയര്‍ വ്യവസായത്തെ മോശമായി ബാധിച്ചു. ടയര്‍ നിര്‍മാണ വ്യവസായം അസംസ്‌കൃത വസ്തുക്കള്‍ക്കായി കൂടുതലായി ഇറക്കുമതിയെ് ആശ്രയിക്കുന്നതിനാലാണിത്. ടയര്‍ വിപണി ഇരുഭാഗത്തുനിന്നുമുള്ള സമ്മര്‍ദ്ദം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ജെ കെ ടയര്‍ വൈസ് പ്രസിഡന്റ് ആശിഷ് പാണ്ഡെ പറഞ്ഞു. വാഹന വില്‍പ്പന കുറഞ്ഞതിനൊപ്പം പ്രവര്‍ത്തന ചെലവ് കുത്തനെ വര്‍ധിച്ചു. തല്‍സ്ഥിതി തുടര്‍ന്നാല്‍ മൂന്നാം പാദത്തില്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും ആശിഷ് വ്യക്തമാക്കി.
പ്രകൃതിദത്ത റബര്‍ ഉല്‍പ്പാദനത്തിലുണ്ടായ ഇടിവ്, രൂപയുടെ മൂല്യ തകര്‍ച്ച, ട്രക്കുകളുടെ സമരം തുടങ്ങി നിരവധി ഘടകങ്ങള്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വിപണിയുടെ വളര്‍ച്ചയ്ക്ക് തടസ്സമായി. ഇതിന്റെ ഫലമായി കഴിഞ്ഞ രണ്ട് പാദങ്ങളില്‍ ടയര്‍ വിപണിയുടെ വളര്‍ച്ചാ പ്രതീക്ഷ അനിശ്ചിതത്തിലായി. രൂപയുടെ മൂല്യം ഡോളറിനെതിരെ 73 എന്ന നില കടന്നത് ടയര്‍ മേഖലയുടെ ഇറക്കുമതി ചെലവ് വര്‍ധിപ്പിച്ചു. ടയര്‍ വ്യവസായം ഇപ്പോള്‍ നിര്‍മാണത്തിന് ആവശ്യമായ പ്രകൃതിദത്ത, സിന്തറ്റിക് റബറുകളും സ്റ്റീല്‍ ടയര്‍ കോഡ്, റബര്‍ കെമിക്കല്‍സ് തുടങ്ങിയവയും വലിയ തോതില്‍ ഇറക്കുമതി ചെയ്യുകയാണ്.
മുന്‍ വര്‍ഷം സമാനകാലയളവിനെ അപേക്ഷിച്ച് മൊത്തം ടയര്‍ വിപണിയുടെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ തൊട്ടുമുന്‍പുള്ള പാദങ്ങളുമായുള്ള താരതമ്യത്തില്‍ വിപണിയില്‍ വളര്‍ച്ചയുണ്ടാകുന്നില്ലെന്നാണ് കാണാന്‍ കഴിയുന്നതെന്ന് പാണ്ഡെ കൂട്ടിച്ചേര്‍ത്തു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ ഈ മേഖലയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങല്‍ നല്‍കി പ്രോത്സാഹനം ചെയ്യുകയാണെങ്കില്‍ നടപ്പുസാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News
Tags: Tire