ഫിറ്റ്‌നസ് രീതികള്‍ സ്മാര്‍ട്ടാക്കി ‘സോള്‍ഫിറ്റ്’

ഫിറ്റ്‌നസ് രീതികള്‍ സ്മാര്‍ട്ടാക്കി ‘സോള്‍ഫിറ്റ്’

ആധുനിക തലമുറയ്ക്കിണങ്ങിയ സ്മാര്‍ട്ട് -ഫിറ്റ്‌നസ് വാച്ചുകള്‍ പുറത്തിറക്കുന്ന സംരംഭമാണ് സോള്‍ഫിറ്റ്. ഫിറ്റ്‌നസ് ട്രാക്കിംഗിനൊപ്പം ബ്ലൂടൂത്ത് സൗകര്യങ്ങള്‍ കൂടി ലഭ്യമാക്കിയാണ് സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്

ആരോഗ്യത്തോടെയിരിക്കാന്‍ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ഉത്തമ സഹായിയാകുന്ന സംരംഭമാണ് സോള്‍ഫിറ്റ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭം ഈ വര്‍ഷമാദ്യം പുറത്തിറക്കിയ സ്മാര്‍ട്ട് വാച്ചുകളിലൂടെയാണ് മുംബൈ ജനതയുടെ പ്രിയങ്കരനായി മാറിയത്. ആരോഗ്യം കാത്തുസൂക്ഷിക്കുക മാത്രമല്ല, അത് എപ്രകാരമെന്ന് ഇടയ്ക്കിടെ പരിശോധിച്ചു ഉറപ്പു വരുത്താനും ഏവര്‍ക്കും ആകാക്ഷയുണ്ട്. ജനങ്ങളുടെ ഈ ആകാക്ഷയും തിരക്ക് പിടിച്ച ലോകത്ത് ടെക് ഗാഡ്ജറ്റുകളുടെ എണ്ണം കുറയ്ക്കാനുമുള്ള സൗകര്യം ലഭ്യമാക്കിയുമാണ് സോള്‍ഫിറ്റ് സ്മാര്‍ട്ട് വാച്ചുകളുടെ പുതിയ നിര പുറത്തിറക്കിയത്.

ഫിറ്റ്‌നസ് ട്രാക്കര്‍ എന്ന നിലയില്‍ പുറത്തിറക്കുന്ന ഉപകരണങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് സോള്‍ഫിറ്റിന്റെ സോണിക് ഹെല്‍ത്ത് ബാന്‍ഡ് പായ്ക്കുകള്‍. ഇത് വാച്ച് പോലെ കൈയില്‍ ധരിച്ചാല്‍ അമിത രക്തസമ്മര്‍ദത്തിന്റെ തോത്, നടത്തത്തില്‍ ഓരോ ചുവടിന്റെയും എണ്ണം, ഹൃദയസ്പന്ദന നിരക്ക്, ഫോണ്‍ ട്രാക്കിംഗ് എന്നിവ മനസിലാക്കുന്നതിനൊപ്പം ഒരു ബ്ലൂടൂത്ത് ഉപകരണം എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു.

സ്മാര്‍ട്ട് വാച്ചുകള്‍, വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍, ഫിറ്റ്‌നസ് ട്രാക്കര്‍ തുടങ്ങി ശരീരത്തില്‍ ധരിക്കാവുന്ന ടെക് ഉപകരണങ്ങളുടെ സാധ്യത ആഗോള തലത്തില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സോള്‍ഫിറ്റ് പോലെയുള്ള ഫിറ്റ്‌നസ് സ്റ്റാര്‍പ്പകള്‍ക്ക് മികച്ച വളര്‍ച്ചാ സാധ്യതയാണുള്ളത്.

സോള്‍ഫിറ്റ്

ദമ്പതിമാരായ ഈശ്വര്‍ കുമാര്‍, നിഖിത കുമാവത് എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ സംരംഭമാണിത്. ആധുനിക തലമുറയ്ക്കിണങ്ങിയ സ്റ്റൈലും സൗകര്യവും കണക്കിലെടുത്താണ് ഇവര്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടെക് സംരംഭകനായ കരണ്‍ ഗൗറും ഈ സംരംഭത്തില്‍ സഹസംരംഭകനായി പങ്കു ചേര്‍ന്നു. ഈ വര്‍ഷം ജനുവരിയില്‍ മുംബൈയിലെ മെഡിക്കല്‍ എക്‌സ്‌പോയിലാണ് ഇവരുടെ ആദ്യ ഉല്‍പ്പന്നമായ സോള്‍ഫിറ്റ് സോണിക് അവതരിപ്പിച്ചത്. ആളുകളില്‍ നിന്നും മികച്ച പ്രതികരണം മേളയില്‍ തന്നെ ലഭിച്ചതോടെ വെബ്‌സൈറ്റ് വഴിയും ആമസോണ്‍ വഴിയും സോള്‍ഫിറ്റ് വില്‍പ്പന ആരംഭിച്ചതായി കരണ്‍ പറയുന്നു.

ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ വന്‍ ഡിസ്‌കൗണ്ട്

സംരംഭം തുടങ്ങി വെറും പത്ത് മാസങ്ങള്‍ക്കുള്ളില്‍ പ്രതിമാസം 2500- 3000 വാച്ചുകളാണ് വിറ്റുപോയത്. ആമസോണ്‍ വഴിയാണ് കൂടുതലായും വില്‍പ്പന നടക്കുന്നത്. 15,999 രൂപ വിലയുള്ള സോണിക് ഢ08 ന് ആമസോണിലെ ഡിസ്‌കൗണ്ട് നിരക്ക് 9,999 രൂപയാണ്.

”ജനങ്ങളില്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആമസോണില്‍ ഞങ്ങളുടെ ഉല്‍പ്പന്നത്തിന് മികച്ച ഡിസ്‌കൗണ്ട് നല്‍കിയിരിക്കുന്നത്. സമാന ഫീച്ചറുകള്‍ നല്‍കിയാലും ആളുകള്‍ക്ക് വിദേശ ബ്രാന്‍ഡുകളോടാകും പെട്ടെന്ന് ആകര്‍ഷണം തോന്നുക. അതിനാല്‍ മേഖലയില്‍ വലിയ വെല്ലുവിളികളുമുണ്ട്. എന്നിരുന്നാലും സ്മാര്‍ട്ട് വാച്ചുകളോടും ഫിറ്റ്‌നസ് ടെക് ഗാഡ്ജറ്റുകളോടും താല്‍പ്പര്യം കൂടിവരികയാണ്,”കരണ്‍ പറയുന്നു.

ഈ വര്‍ഷം അവസാനത്തോടെ പ്രതിമാസ വില്‍പ്പന 10,000 യൂണിറ്റിലെത്തിക്കാനാണ് സോള്‍ഫിറ്റ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ നിരയില്‍ ചെലവ് കുറച്ച് 4500 രൂപയുടെ ഉല്‍പ്പന്നവും സംരംഭം പുറത്തിറക്കിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറങ്ങുന്ന സോള്‍ഫിറ്റ് അമേയ്‌സ് എന്ന ഉല്‍പ്പന്നത്തിന് ആമസോണില്‍ 3900 രൂപയാണ് നിരക്ക്.

സോള്‍ഫിറ്റിന്റെ സവിശേഷതകള്‍

ഒറ്റനോട്ടത്തില്‍ ഫിറ്റ്‌നസ് ട്രാക്കര്‍ എന്ന് തോന്നിപ്പിക്കുന്ന സ്മാര്‍ട്ട് വാച്ചാണെങ്കിലും സമാന മേഖലയിലെ മറ്റ് ഉല്‍പ്പന്നങ്ങളില്‍ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത് ബ്ലൂടൂത്ത് ഇയര്‍പീസായി ഉപയോഗിക്കാമെന്ന സവിശേഷതയാണ്. മാത്രമല്ല നടത്തത്തിനിടയില്‍ കോളുകള്‍ എടുക്കാനും സംഗീതം ആസ്വദിക്കാനുമുള്ള സൗകര്യവും ഈ ഉപകരണത്തിലുണ്ട്. കോളിംഗ് ഫീച്ചറാണ് ഉല്‍പ്പന്നത്തിലെക്ക് ആളുകളെ ഏറെ ആകര്‍ഷിക്കുന്നതെന്നും കരണ്‍ പറയുന്നു.

വാട്‌സാപ്പ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഇ-മെയ്ല്‍, മറ്റ് സമൂഹ മാധ്യമങ്ങളിലെ നോട്ടിഫിക്കേഷനുകളും ഇതില്‍ അറിയാനാകും. സാധാരണഗതിയിലുള്ള ഒരു ഹെല്‍ത്ത് ട്രാക്കര്‍ എന്നതിനേക്കാള്‍ മികച്ച സ്മാര്‍ട്ട് വാച്ച് എന്നതു തന്നെയാണ് പ്രധാന സവിശേഷത. വ്യായാമം ചെയ്യുന്നതിനൊപ്പം എത്ര ചുവടുകള്‍ നടന്നുവെന്ന് അറിയാനും സഞ്ചരിച്ച ദൂരം, ശരീരത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട കലോറി, ഹൃദയസ്പന്ദന നിരക്ക്, രക്ത സമ്മര്‍ദത്തിന്റെ തോത് എന്നിവയും മനസിലാക്കാനാകും. ഉപഭോക്താക്കള്‍ക്ക് കംപാനിയന്‍ എച്ച് ബാന്‍ഡ് 2.0 ആപ്പ് വഴി എല്ലാ വിശദവിവരങ്ങളും അപ്പോഴപ്പോള്‍ അറിയാം. ഗൂഗിള്‍ പ്ലേയില്‍ ഇതിനോടകം 5ലക്ഷം ഡൗണ്‍ലോഡുകളും കമ്പനി നേടിയിട്ടുണ്ട്.

Comments

comments

Categories: Entrepreneurship, Slider
Tags: Soulfit