വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനായി സൗദി പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനായി സൗദി പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും

റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലായിരിക്കും പ്രത്യേക സാമ്പത്തിക മേഖല വരുക

റിയാദ്: സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ തീവ്രമായി നടപ്പാക്കാന്‍ ശ്രമിക്കുന്ന സൗദി അറേബ്യ വിദേശനിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി പ്രത്യേക സാമ്പത്തിക മേഖല (സെസ്) സ്ഥാപിക്കുന്നു. റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് പ്രത്യേക സാമ്പത്തിക മേഖല വരുന്നത്.

ലോജിസ്റ്റിക്‌സ് മേഖലയുമായി ബന്ധപ്പെട്ട ഏകോപനസംവിധാനങ്ങളിലാകും സെസ് ശ്രദ്ധ വെക്കുക. സൗദിയുടെ ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനായിരിക്കും സെസിന്റെ നടത്തിപ്പ് ചുമതല. സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയാണ് നിക്ഷേപം ആകര്‍ഷിക്കുന്നതിനു വേണ്ടിയുള്ള പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുക.

ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് ബോണ്ടഡ് സോണ്‍ എന്ന പേരിലായിരിക്കും പുതുസംരംഭം പ്രവര്‍ത്തിക്കുക. ഐസിടി, ടൂറിസം, ധനകാര്യസേവനങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലേക്ക് വിദേശനിക്ഷേപം കാര്യമായി ആകര്‍ഷിക്കുന്നതിനോടൊപ്പമാണ് ലോജിസ്റ്റിക്‌സ് രംഗത്തും സമഗ്രമായ പദ്ധതികള്‍ നടപ്പാക്കാന്‍ സൗദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ആഗോള വ്യാപാരത്തിന്റെ നല്ലൊരു ശതമാനവും കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണെന്നും അതുകൊണ്ടുതന്നെ ലോജിസ്റ്റിക്‌സ് ഹബ്ബ് എന്ന തലത്തിലേക്ക് ഉയരാനുള്ള സാധ്യതകള്‍ സൗദിക്കുണ്ടെന്നും അന്താരാഷ്ട്ര വിപണികളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം മികച്ച അവസരമാണിതെന്നും സൗദി അറേബ്യ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഗവര്‍ണര്‍ ഇബ്രാഹിം അല്‍ ഒമര്‍ പറഞ്ഞു.

സ്വകാര്യമേഖലയെ കൂടി സജീവമായി പങ്കെടുപ്പിച്ചാകും ലോജിസ്റ്റിക്‌സ് ഹബ്ബിന്റെ വികസനം. സാമ്പത്തിക പരിഷ്‌കരണങ്ങളുടെയും വരുമാനസ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണത്തിന്റെയും ഭാഗമായി സ്വകാര്യ മേഖലയ്ക്ക് മികച്ച പ്രോല്‍സാഹനം നല്‍കുന്നതാണ് നിലവില്‍ സര്‍ക്കാരിന്റെ നയം. വെയര്‍ഹൗസിംഗ്, ഇന്‍വെന്ററി മാനേജ്‌മെന്റ്, മെയ്ന്റനന്‍സ് തുടങ്ങി നിരവധി സേവനങ്ങള്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്കായി ലോജിസ്റ്റിക്‌സ് കേന്ദ്രം നല്‍കും.

Comments

comments

Categories: Arabia