ഏജന്റുമാരുടെ ഫീസില്‍ സെബിയുടെ പുതിയ മാനദണ്ഡങ്ങള്‍

ഏജന്റുമാരുടെ ഫീസില്‍ സെബിയുടെ പുതിയ മാനദണ്ഡങ്ങള്‍

ഒരു ശതമാനം കമ്മീഷന്‍ മുന്‍കൂര്‍ നല്‍കുന്നതിനുള്ള അവസരം നീക്കം ചെയ്തു

ന്യൂഡെല്‍ഹി: മ്യൂച്വല്‍ഫണ്ട് സ്‌കീമുകളുടെ തെറ്റായ വില്‍പ്പനയും നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോയിലേക്കുള്ള തെറ്റായ കടന്നുകയറ്റങ്ങളും നിയന്ത്രിക്കുന്നതിനും നിക്ഷേപ ചെലവുകളിലെ സുതാര്യത മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ട ഓഹരി വിപണി നിയന്ത്രകരായ സെക്യൂരീറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) പുതിയ ചില മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചു. ഇനി മുതല്‍ കമ്മീഷന്‍ ഉള്‍പ്പടെ ഒരു സ്‌കീമുമായി ബന്ധപ്പെട്ട എല്ല ചെലവിടലും സ്‌കീമില്‍ നിന്നു മാത്രം നടത്തണം. അസറ്റ് മാനേജ്‌മെന്റ് കമ്പനികളിലൂടെ ഇത് നടത്തേണ്ടതില്ലെന്ന് സെബി നിര്‍ദേശിക്കുന്നു.
ഒരു ശതമാനം കമ്മീഷന്‍ മുന്‍കൂര്‍ നല്‍കുന്നതിനുള്ള അവസരവും സെബി നീക്കം ചെയ്തു. ഇനി മുതല്‍ മ്യൂച്വല്‍ഫണ്ട് കമ്പനികള്‍ എല്ലാ സ്‌കീമുകളിലും മുഴുവന്‍ കമ്മീഷനും ഒരുമിച്ച് പദ്ധതികളില്‍ അടയ്‌ക്കേണ്ടതായി വരുമെന്ന് സെബിയുടെ നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍(എസ്‌ഐപി) മുന്‍കൂര്‍ കമ്മീഷന്‍ നല്‍കാന്‍ സാധിക്കും. ഇവിടെ ഫണ്ട് കമ്പനികള്‍ക്ക് പരമാവധി മൂന്ന് വര്‍ഷ കാലയളവിലേക്ക് പ്രതിവര്‍ഷം ഒരു ശതമാനം കമ്മീഷന്‍ മുന്‍കൂറായി അടയ്ക്കാം. പ്രതിമാസം 5000 രൂപ നിഎല്ലാ സ്‌കീമുകളിലുമായി എസ്‌ഐപി നിക്ഷേപമുള്ള നിക്ഷേപകര്‍ക്കാണ് ഈ അനുമതിയുള്ളത്.
എസ്‌ഐപിയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് നിക്ഷേപകന്‍ പിന്‍മാറിയാല്‍ കമ്മീഷന്‍ വിതരണക്കാരില്‍ നിന്നും പിടിച്ചെടുക്കും. ഡയറക്റ്റ് പ്ലാനുകളില്‍ മൊത്തം ഫീസിനത്തിനും ചെലവിനത്തിലും ചുമത്തുന്ന തുക സാധാരണ പ്ലാനുകളിലുള്ളതിനേക്കാള്‍ അധികമാകരുത് എന്നും സെബി നിര്‍ദേശിച്ചിട്ടുണ്ട്.
വിതരണക്കാര്‍ക്കായി സംഘടിപ്പിക്കുന്ന പരിശീലന ക്ലാസുകളും പരിപാടികളും തുടരണമെന്നും എന്നാല്‍ ഇവര്‍ക്ക് പാരിതോഷികങ്ങളോ മറ്റ് പണ ഇതര ആനുകൂല്യങ്ങളോ നല്‍കുന്നതിന് ഇത് ദുരുപയോഗം ചെയ്യരുതെന്നും സെബി നിര്‍ദേശിക്കുന്നു. നിക്ഷേപം നടത്തുന്നതിന്റെ അടിസ്ഥാനത്തില്‍ സെബി നഗരങ്ങളെ ഓരോ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതില്‍ മുന്‍നിരയിലുള്ള 30 നഗരങ്ങള്‍ക്കും പുറത്തുള്ള നിക്ഷേപകര്‍ക്കായുള്ള വിതരണക്കാര്‍ക്ക് മാത്രമേ അധിക കമ്മിഷന്‍ നല്‍കാവൂ എന്നും സെബി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

Comments

comments

Categories: Current Affairs
Tags: Sebi