ഒരു ലക്ഷം വില്‍പ്പന താണ്ടി എസ്-ക്രോസ്

ഒരു ലക്ഷം വില്‍പ്പന താണ്ടി എസ്-ക്രോസ്

ഇന്ത്യന്‍ വിപണിയില്‍ 2015 ലാണ് ക്രോസ്ഓവര്‍ പുറത്തിറക്കിയത്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന നേടി മാരുതി സുസുകി എസ്-ക്രോസ് പുതിയ നാഴികക്കല്ല് താണ്ടി. 2015 ലാണ് എസ്-ക്രോസ് ക്രോസ്ഓവര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയായ നെക്‌സ ഷോറൂമുകളിലൂടെ വിറ്റഴിച്ച ആദ്യ മോഡല്‍ കൂടിയാണ് എസ്-ക്രോസ്.

മാരുതിയുടെ ഫഌഗ്ഷിപ്പ് മോഡലിന്റെ ഫേസ്‌ലിഫ്റ്റ് 2017 ഒക്‌റ്റോബറില്‍ വിപണിയിലെത്തിച്ചിരുന്നു. അന്ന് അകത്തും പുറത്തും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു. പിന്നീട് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ ഫീച്ചറുകള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കി എസ്-ക്രോസ് ഈയിടെ വീണ്ടും പരിഷ്‌കരിച്ചു.

1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് മാരുതി സുസുകി എസ്-ക്രോസ് ലഭിക്കുന്നത്. ഈ മോട്ടോര്‍ 90 എച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുമായി എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കിയിട്ടില്ല. ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, പിന്നില്‍ ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്.

ഉപയോക്താക്കള്‍ പ്രകടിപ്പിച്ച സ്‌നേഹത്തിനും താല്‍പ്പര്യത്തിനും നന്ദി അറിയിക്കുന്നതായി മാരുതി സുസുകി സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) ആര്‍എസ് കല്‍സി പറഞ്ഞു. 8.85 ലക്ഷം രൂപ (ബേസ് സിഗ്മ) മുതല്‍ 11.45 ലക്ഷം രൂപ (ടോപ്-സ്‌പെക് ആല്‍ഫ) വരെയാണ് മാരുതി സുസുകി എസ്-ക്രോസിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. ഹ്യുണ്ടായ് ക്രെറ്റ, റെനോ കാപ്ചര്‍, വിപണിയിലെത്തുന്ന ടാറ്റ ഹാരിയര്‍, നിസാന്‍ കിക്ക്‌സ് എന്നിവയാണ് പ്രധാന എതിരാളികള്‍. ക്രോസ്ഓവര്‍ സെഗ്‌മെന്റില്‍ പതിനാറ് ശതമാനത്തിലധികമാണ് എസ്-ക്രോസിന്റെ വിപണി വിഹിതം.

Comments

comments

Categories: Auto
Tags: S-cross