ആസൂത്രണമുണ്ടെങ്കില്‍ യുവത്വം അവസാനിക്കും മുമ്പേ ജോലി മതിയാക്കി ഇഷ്ടത്തിനു ജീവിക്കാം

ആസൂത്രണമുണ്ടെങ്കില്‍ യുവത്വം അവസാനിക്കും മുമ്പേ ജോലി മതിയാക്കി ഇഷ്ടത്തിനു ജീവിക്കാം

ഇ- കൊമേഴ്‌സ് ഭീമന്‍ ആലിബാബയുടെ സ്ഥാപക ചെയര്‍മാന്‍ ജാക്ക്മ 54-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ വാര്‍ത്ത ആശ്ചര്യപൂര്‍വ്വമാണു ലോകം കണ്ടത്. വിദ്യാഭ്യാസരംഗത്തെ കാരുണ്യപ്രവര്‍ത്തനത്തിനായി സമയം മാറ്റി വെക്കുകയാണു ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപനവേളയില്‍ വ്യക്തമാക്കിയിരുന്നു. ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം 54 വയസ് ചെറുപ്പമാണെന്നു പറയാം. ജാക്ക്മയെപ്പോലുള്ള നിരവധി സംരംഭകര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നുണ്ട്. അതിനാല്‍ ജാക്ക്മയുടെ നിലപാട് അസാധാരണനടപടിയായാണ് ഗണിക്കപ്പെടുന്നത്. ഈ വൊളന്ററി റിട്ടയര്‍മെന്റിന്റെ ആവശ്യമെന്തായിരുന്നുവെന്നു ചോദിക്കുന്നവരുമുണ്ട്.

ലോകവ്യാപകമായി വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനഉടമകള്‍ അവരുടെ സമ്പത്തിന്റെ ഒരു വലിയ ഭാഗം സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനത്തിനു വേണ്ടി മാറ്റിവെക്കുന്ന പ്രവണത കാണാം. ഇന്ത്യയിലും ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സംരംഭകരെ നമുക്കു കാണാനാകും. എന്നാല്‍ പ്രായമേറെ ചെന്ന ശേഷം വിശ്രമം അനിവാര്യമെന്നു തോന്നുന്ന ഘട്ടത്തിലാണ് ഇവിടെ മിക്കവാറും ബിസിനസുകാര്‍ വിരമിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി മാറി വരുന്നു. യുവത്വം വിടും മുമ്പേ വിരമിക്കുന്നതാണ് പുത്തന്‍ പ്രവണത. ഇത് കോര്‍പ്പറേറ്റ് മേധാവികളില്‍ മാത്രം ഒതുങ്ങുന്നില്ല. ബിസിനസുകാരുടെയും കോര്‍പ്പറേറ്റ് ജീവനക്കാരുടെയും ഇടയില്‍ ഈ പുതിയ പ്രവണത പിന്തുടരാന്‍ ആളുകളേറെയുണ്ട്.

തലമുറമാറ്റം

ഇപ്പോഴത്തെ തലമുറ അപ്പനപ്പൂപ്പന്മാരുടെ അധ്വാനത്തെക്കുറിച്ചുള്ള കഥകള്‍ കേട്ടായിരിക്കും വളര്‍ന്നിട്ടുണ്ടാകുക. 40 വര്‍ഷത്തോളം കഠിനാധ്വാനം ചെയ്തതിന്റെ കഥകള്‍. വിഭവങ്ങളുടെ കുറവ് അനുഭവിച്ച ഒരു സമൂഹമായിരുന്നു അവരുടേത്. ക്ഷാമം സംബന്ധിച്ച ഭയവും അവസരങ്ങളുടെ കുറവും അവരെ പലപ്പോഴും അരക്ഷിതാവസ്ഥയിലാക്കി. ആയുഷ്‌കാലം മുഴുവന്‍ പണത്തിനുവേണ്ടിയുള്ള നെട്ടോട്ടമായിരുന്നു തങ്ങളുടേതെന്ന് അവര്‍ പറയും. പരമാവധി സ്വത്തുസമ്പാദനത്തിനായി ഊര്‍ജ്ജസ്വലമായ അവരുടെ യൗവനകാലവും മധ്യവയസ്സും ഹോമിച്ചതായി അവര്‍ പരിഭവിക്കും. സമ്പത്തു കാലത്തു തൈ പത്തു വെച്ചാല്‍ ആപത്തു കാലത്തും കാ പത്തു തിന്നാം എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധം വിശ്രമജീവിതം സുഖകരമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

ഇതു മാത്രമായിരുന്നോ അവരുടെ ജീവിതോദ്ദേശ്യം എന്നു ചോദിച്ചാല്‍ അല്ലെന്നു പറയേണ്ടി വരും. അവര്‍ക്ക് ഭാവി തലമുറയെപ്പറ്റി വലിയ കരുതലുണ്ടായിരുന്നുവെന്നു വേണം കരുതാന്‍. കാരണം, തങ്ങളുടെ വിശ്രമജീവിതം മാത്രമല്ല, തങ്ങള്‍ അനുഭവിച്ച ദാരിദ്ര്യം പിന്‍തലമുറ അനുഭവിക്കരുതെന്ന് അവര്‍ ആഗ്രഹിച്ചു. അതിനാല്‍ത്തന്നെ, സമ്പാദ്യത്തിന്റെ ഒരു പങ്ക് അവശേഷിപ്പിച്ചാണ് അവര്‍ കടന്നുപോയത്. പൂര്‍വ്വികരെ അപേക്ഷിച്ച് പുതുതലമുറ സുഖസൗകര്യങ്ങളുടെയും സമ്പല്‍സമൃദ്ധിയുടെയും നടുവിലാണു വളരുന്നത്. അവര്‍ തങ്ങളുടെ ഭാവി സംബന്ധിച്ച് കൂടുതല്‍ സുരക്ഷിതരാണെന്നു വിശ്വസിക്കുന്നു, പലപ്പോഴും അങ്ങനെയല്ലെങ്കില്‍ക്കൂടി. ഇന്നത്തെ തലമുറയിലെ പലരും പൂര്‍വ്വികസ്വത്തിനാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ത്തന്നെ മുന്‍ തലമുറകളെക്കാള്‍ കൂടുതല്‍ ആത്മവിശ്വാസം നേടിയിരിക്കുന്നു ഇവര്‍.

ഇതിനൊരു മറുവശം കൂടയുണ്ട്. സമ്പന്നരായ മാതാപിതാക്കളുടെ ലാളന ഏറ്റ യുവതലമുറയ്ക്ക് അതുകൊണ്ടു തന്നെ മല്‍സരാധിഷ്ഠിത ലോകത്തെ അതിജീവിക്കാനാകുമോ എന്ന സംശയം ചിലരെങ്കിലും ഉന്നയിക്കാറുണ്ട്. ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഇവര്‍ ബുദ്ധിമുട്ടും. പരാജയങ്ങളും തിരസ്‌കാരവുമൊന്നും ഇവര്‍ക്കു താങ്ങാനാകില്ല. സ്വതന്ത്രരാകാന്‍ അശ്രാന്തപരിശ്രമം നടത്തുന്നവരെങ്കിലും അതു വിജയിക്കുന്നില്ലെന്നു മാത്രമല്ല, ഇതവരുടെ ആത്മവിശ്വാസം തകര്‍ക്കുകയും നിരാശരാക്കി മടക്കി അയയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ മനുഷ്യന്റെ അതിജീവനത്തിനുള്ള സഹജാവബോധം ഇത്തരം താല്‍ക്കാലിക പ്രതിസന്ധികളെ മറികടന്നുകൊള്ളുമെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.

ഓരോ തലമുറയും ജനസംഖ്യാപരവും ചരിത്രപരവും സാമ്പത്തികവുമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുന്നതെന്നു പറയാം. ഉദാഹരണത്തിന് സ്വാതന്ത്ര്യം പ്രാപിച്ചതിനു പിന്നീടുള്ള ഏതാനും വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ ഇന്ന് കൂടുതല്‍ ആത്മവിശ്വാസം നേടിയിരിക്കുന്നു. സമൂഹത്തിന്റെ ചിന്താഗതിയും വലിയൊരു മാറ്റത്തിന് വിധേയമാണ്്. അതിനാലാണ് ഇന്ന് നേരത്തേ വിരമിക്കാനൊരുങ്ങുമ്പോള്‍ 20 വര്‍ഷം മുമ്പത്തെപ്പോലെ ആളുകള്‍ ആശ്ചര്യപ്പെടാത്തത്. കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളുടെ മനസില്‍ നേരത്തേയുള്ള വിരമിക്കലിനു വിത്തു പാകിയതിനു പ്രധാന കാരണം മല്‍സരാധിഷ്ഠിതലകത്തിലെ മടുപ്പോ കൂടുതല്‍ അര്‍ത്ഥവത്തായ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന തോന്നലോ ആണ്. സംരംഭകരുടെ കാര്യത്തില്‍ ഇത്തരത്തിലൊരു സമ്മര്‍ദ്ദം കുറവാണ്.

ആസൂത്രണം നേരത്തേയാക്കുക

നേരത്തേ വിരമിക്കാന്‍ ഉദ്ദേശിക്കുന്ന മിക്ക വ്യക്തികളും, നിര്‍ഭാഗ്യവശാല്‍, അവരുടെ സാമ്പത്തിക പദ്ധതികള്‍ തയ്യാറാക്കുന്നതു വൈകിയാണ്. സാമ്പത്തിക ആസൂത്രണത്തിന് പലരും മുന്‍ഗണന കൊടുക്കാറില്ല. വലിയ കാറുകള്‍, മൊബീല്‍ ഫോണുകള്‍, വിദേശ യാത്രകള്‍, വലിയ വീട് മുതലായവയ്ക്കാകും മിക്കപ്പോഴും മുന്‍ഗണന. എന്നാല്‍ ഇപ്പോള്‍ ചെറിയ മാറ്റം കണ്ടു തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക ആസൂത്രണത്തിലേക്ക് കുറേപ്പേരെങ്കിലും ചായ്‌വ് കാണിക്കുന്നുണ്ട്. സമീപകാലത്തായി ആളുകള്‍ ടേം ഇന്‍ഷ്വറന്‍സ്, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയില്‍ ചെറുപ്പത്തില്‍ തന്നെ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്നതായി കണ്ടു വരുന്നു.

എന്നാല്‍ 1980കള്‍ക്കൊടുവിലും 1990കളിലും ജനിച്ചവരുടെ കാര്യം വ്യത്യസ്തമാണ്. മുതിര്‍ന്ന തലമുറ കരുതുന്നതു പോലെ ഇവര്‍ മടിയന്മാരല്ല, ശരിക്കും കഠിനാധ്വാനികളാണ്. ഇത് മനസിലാക്കാന്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഈയിടെ യുഎസ് പൗരന്മാരില്‍ നടത്തിയ സര്‍വേയില്‍ ചെറുപ്പക്കാരാണ് പെന്‍ഷന്‍ പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കാളികളായ മൂന്നിലൊന്നില്‍ താഴെ പേരും പ്രായം 30-കളിലെത്തിയവരാണ്. സമാനമായ മറ്റൊരു പഠനത്തിലാകട്ടെ, പെന്‍ഷന്‍ പദ്ധതികളില്‍ മാത്രമല്ല അല്ലാത്ത സമ്പാദ്യപദ്ധതികളിലും അവര്‍ കാര്യമായി നിക്ഷേപിക്കുന്നതായി കണ്ടെത്തി. മുന്‍ തലമുറയില്‍ നിന്നു വ്യത്യസ്തമായി അവര്‍ക്ക് തങ്ങളുടെ സമ്പാദ്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടെന്നും മനസിലാക്കാന്‍ സാധിക്കും.

മുപ്പതു വയസു പിന്നിട്ട ഈ തലമുറയിലെ യുവാവിന്റെ സ്വഭാവം പരിശോധിച്ചാല്‍ അവര്‍ വികാരവിക്ഷുബ്ധരും പ്രായത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവരുമാണെന്നു കാണാം. മുന്‍തലമുറയെ അപേക്ഷിച്ച് വൈകിയ പ്രായത്തിലാണ് അവര്‍ കുടുംബസ്ഥരാകുന്നത്. തങ്ങളുടെ കരിയറും പ്രൊഫഷണല്‍ ജീവിതവും അതിനു മുമ്പേ അവര്‍ ആസൂത്രണം ചെയ്തിരിക്കും. ആയുഷ്‌കാല സമ്പാദ്യത്തിലേറെയും വീട് ഉണ്ടാക്കാന്‍ ചെലവിട്ട മുന്‍തലമുറയില്‍ നിന്നു വിഭിന്നമാണ് അവരുടെ ചിന്താഗതി. അവിവാഹിതരായിരിക്കുമ്പോഴേ വീടോ ഫഌറ്റോ വാഹനമോ അവര്‍ സ്വന്തമാക്കിയിരിക്കും. മാത്രമല്ല, വിശ്രമജീവിതത്തിനു വേണ്ടിയുള്ള നിക്ഷേപവും ഈ പ്രായത്തില്‍ തുടങ്ങുന്നു. സമ്പാദ്യം കുറവാണെങ്കിലും ഭാവിജീവിതം സുരക്ഷിതമാക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. അതായത്, സ്വാര്‍ത്ഥമതികളും ആര്‍ഭാടജീവിതത്തില്‍ മുഴുകി നടക്കുന്നവരുമെന്നു കരുതുന്ന യുവതലമുറ ഉത്തരവാദിത്തബോധമുള്ളവരാണെന്നു ചുരുക്കം.

സാമ്പത്തിക സ്വാശ്രിതത്വം

സാമ്പത്തികസ്വാശ്രിതത്വം വഴി നേരത്തേ വിരമിക്കാം എന്ന ആശയം ഇന്ന് ഏറെ ജനപ്രീതി നേടിയിരിക്കുന്നു. കോര്‍പ്പറേറ്റ് ലോകത്ത് നേരത്തേയുള്ള വിരമിക്കലില്‍ ഈ വികാരം പ്രബലമാണ്. എന്നാല്‍, സംരംഭകമേഖലയില്‍ ഇത് അത്ര ശക്തി പ്രാപിച്ചിട്ടില്ല. പലരും സുരക്ഷിത ജോലി വിട്ട് സംരംഭകരാകുകയോ സംരംഭത്തില്‍ നിന്നുള്ള വരുമാനം വൈവിധ്യവല്‍ക്കരണത്തിനു ചെലവിട്ട് കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ലാഭം കൈവരിക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് ഏറിയിരിക്കുന്നു. പരമാവധി ലാഭമെടുത്ത് നേരത്തേ തന്നെ വിരമിക്കുകയാണ് ലക്ഷ്യം. തങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ആസ്വദിക്കാന്‍ അവര്‍ക്കും സമയം വേണമെന്നു ചുരുക്കം.

ഈയിടെ യുഎസ് പൗരന്മാരില്‍ നടത്തിയ സര്‍വേയില്‍ ചെറുപ്പക്കാരാണ് പെന്‍ഷന്‍ പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കാളികളായ മൂന്നിലൊന്നില്‍ താഴെ പേരും പ്രായം 30-കളിലെത്തിയവരാണ്. സമാനമായ മറ്റൊരു പഠനത്തിലാകട്ടെ, പെന്‍ഷന്‍ പദ്ധതികളില്‍ മാത്രമല്ല അല്ലാത്ത സമ്പാദ്യപദ്ധതികളിലും അവര്‍ കാര്യമായി നിക്ഷേപിക്കുന്നതായി കണ്ടെത്തി. മുതിര്‍ന്നവര്‍ അവരുടെ 20 വയസില്‍ ചിന്തിച്ചിരുന്നതു വെച്ചു നോക്കുമ്പോള്‍ വിശ്രമജീവിതത്തെക്കുറിച്ചുള്ള യുവാക്കളുടെ ചിന്തകളും നിലപാടുകളും തമ്മില്‍ വലിയ വ്യത്യാസം കാണാനാകില്ല. മുന്‍ തലമുറയില്‍ നിന്നു വ്യത്യസ്തമായി അവര്‍ക്ക് തങ്ങളുടെ സമ്പാദ്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടെന്നു മനസിലാക്കാനും സാധിക്കും. മാനസിക ഘടകങ്ങള്‍ക്കാണ് പ്രായത്തേക്കാള്‍ അവര്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് മറ്റൊരു ഘടകം. ചിലര്‍ ഭാവിയെ ചെറിയ അളവുകാലമായി തിരിച്ച് പെന്‍ഷന്‍ നിക്ഷേപം പരിഗണിക്കുമ്പോള്‍ മറ്റു ചിലര്‍ വര്‍ത്തമാനകാല അടിസ്ഥാനത്തില്‍ ഇതിനെ കണക്കാക്കുന്നു.

ഈയടുത്ത കാലം വരെ പുതു തലമുറ ഭാവിസുസ്ഥിര നിക്ഷേപപദ്ധതികളെ സംബന്ധിച്ച് ഗൗരവമായി ചിന്തിച്ചിരുന്നില്ലെന്നതാണു സത്യം. എന്നാല്‍ ഇന്ന് ഈ ചിന്താഗതി മാറിത്തുടങ്ങി. സ്വാഭാവിക വിരമിക്കല്‍ പ്രായത്തിനു കാത്തു നില്‍ക്കാനില്ലെന്ന പക്ഷക്കാരാണ് ഈ പുത്തന്‍കൂറ്റുകാര്‍. വിശ്രമജീവിതം കൂടുതല്‍ ക്രിയാത്മകമാക്കാനും ഉല്ലസിക്കാനും പ്രത്യേക നിക്ഷേപ പദ്ധികള്‍ ഇവര്‍ പിന്തുടരുന്നു. പരമാവധി നേരത്തേ ആയാല്‍ അത്ര നന്ന് എന്നതാണ് ഇവരുടെ ആപ്തവാക്യം. എംപ്ലോയീ സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാനുകള്‍ ചെറുപ്പത്തില്‍ തന്നെ സമ്പത്തുണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇത് ചെറുപ്പക്കാരായ കോര്‍പ്പറേറ്റ് ജീവനക്കാരെ നേരത്തേ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇത്തരം പ്ലാനുകള്‍ക്ക് ഇന്നു വളരെയേറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. നേരത്തേ വിരമിക്കുന്ന പ്രവണതയ്ക്ക് ആക്കം കൂടുകയാണ്, വരും വര്‍ഷങ്ങളില്‍ ഈ പ്രവണത ഇനിയും വര്‍ധിക്കും. ഇതോടു കൂടി സാമ്പത്തിക ആസൂത്രണത്തിന്റെ പ്രാധാന്യവും കൂടും.

Comments

comments

Categories: Top Stories
Tags: retirement

Related Articles