പെപ്പര്‍ഫ്രൈയുടെ നഷ്ടം കുറഞ്ഞു; വരുമാനം കൂടി

പെപ്പര്‍ഫ്രൈയുടെ നഷ്ടം കുറഞ്ഞു; വരുമാനം കൂടി

മുംബൈ: ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍, ഹോം ഫര്‍ണീഷിംഗ് വിപണിയായ പെപ്പര്‍ഫ്രൈ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഷ്ടം കുറയ്ക്കാനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള പരിശ്രമങ്ങളില്‍ വിജയിച്ചതായി കണക്കുകള്‍. ഈ വര്‍ഷം മാര്‍ച്ചിലവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം ട്രെന്‍ഡ്‌സൂത്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വരുമാനം മുന്‍ വര്‍ഷത്തില്‍ നിന്ന് 20 ശതമാനം വര്‍ധനയോടെ 308.46 കോടി രൂപയിലെത്തിയിട്ടുണ്ട്. 169.26 കോടി രൂപയാണ് ഇക്കാലയളവിലെ കമ്പനിയുടെ നഷ്ടം. മുന്‍ വര്‍ഷത്തില്‍ നിന്ന 32 ശതമാനം കുറവാണിത്. പെപ്പര്‍ഫ്രൈ മാര്‍ക്കറ്റ്‌പ്ലെയ്‌സിന്റെ നടത്തിപ്പുകാരായ ട്രെന്‍െഡ്‌സൂത്ര പ്ലാറ്റ്‌ഫോം സര്‍വീസസ്, വീട്ടലങ്കാര വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനമായ ട്രെന്‍ഡ്‌സൂത്ര ക്ലയന്റ് സര്‍വീസസ്, ട്രെന്‍ഡ്‌സൂത്ര ഗ്രൂപ്പിന്റെ ലോജിസ്റ്റിക്കല്‍ വിഭാഗമായ പെപ്കാര്‍ട്ട് ലോജിസ്റ്റിക്‌സ് എന്നിവയുടെ സാമ്പത്തിക പ്രകടനങ്ങളും ചേര്‍ത്തുകൊണ്ടുള്ള കണക്കാണിത്.

പ്രൈവറ്റ് ലേബലുകളും പുതിയ ബിസിനസ് വിഭാഗങ്ങളും കാഴ്ച്ചവെച്ച് മികച്ച പ്രകടനം ഈ നേട്ടം കൈവരിക്കുന്നതിന് പെപ്പര്‍ഫ്രൈയ്ക്കു സഹായകമായിട്ടുണ്ട്. കമ്പനിയുടെ മൊത്ത വരുമാനത്തിന്റെ പകുതിയും പ്രൈവറ്റ് ബ്രാന്‍ഡ് വിഭാഗത്തില്‍ നിന്നുമാണ് ലഭിക്കുന്നത്. കൂടാതെ കമ്പനി പുതിയതായി ആരംഭിച്ച ഉല്‍പ്പന്ന വിഭാഗങ്ങളായ മോഡുലാര്‍ കിച്ചണ്‍സ്, മാട്രസെസ്, ഹോം ഡെക്കര്‍ എന്നിവയും റെന്റല്‍, ഫര്‍ണിച്ചര്‍ എക്‌സ്‌ചേഞ്ച് എന്നീ പുതിയ ബിസിനസകളും അതിവേഗത്തിലാണ് വളരുന്നത്.

തുടര്‍ന്നും ഇന്റീരിയര്‍ ഡിസൈനിംഗ്, ഫ്‌ളോറിംഗ്, സീലിംഗ്, പെയ്ന്റിംഗ് പോലുള്ള ഹോം ഇന്റീരിയര്‍ പ്രോജക്റ്റുകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ട് ഹോം-ഇന്റീരിയര്‍ മേഖലയില്‍ സമ്പൂര്‍ണ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാകാനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനിയുടെ ഹൗസ് ബ്രാന്‍ഡ് ഇനിയും വികസിപ്പിക്കുകയും മോഡുലാര്‍ കിച്ചണ്‍, വാര്‍ഡോബ് വിഭാഗങ്ങളിലെ ഭാവിയിലെ സാധ്യതകള്‍ മുന്‍കൂട്ടി മനസിലാക്കുകയും ചെയ്യുമെന്നും പെപ്പര്‍ഫ്രൈ സിഇഒ അംബരീഷ് മൂര്‍ത്തി പറഞ്ഞു. ഹോം ഇന്റീരിയര്‍, റിനോവേഷന്‍ വിഭാഗത്തില്‍ ലിവ്‌സ്‌പേസാണ് പെപ്പര്‍ഫ്രൈയുടെ പ്രധാന എതിരാളികള്‍.

വളര്‍ച്ചാ പദ്ധതികള്‍ക്കു ശക്തിപകര്‍ന്നുകൊണ്ട് ഫ്രാഞ്ചൈസി മാതൃകയിലുള്ള ഓഫ്‌ലൈന്‍ സ്റ്റുഡിയോ വികസനം ചെറിയ നഗരങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. നിലവില്‍ പെപ്പര്‍ഫ്രൈയുടെ മൊത്ത ബിസിനസില്‍ 25 ശതമാനമാണ് ഓഫ്‌ലൈന്‍ സ്റ്റുഡിയോയുട സംഭാവന. ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വിപണിയുടെ വളര്‍ച്ചയേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി വളര്‍ച്ചയാണ് കമ്പനി നേടുന്നതെന്നും സേവന വിഭാഗം വിപുലീകരിക്കുന്നത് തുടരുമെന്നും അംബരീഷ് മൂര്‍ത്തി അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ യുഎസ് സാമ്പത്തിക സേവന സ്ഥാപനമായ സ്റ്റേറ്റ് സ്ട്രീറ്റ് ഗ്ലോബല്‍ അഡൈ്വസേഴ്‌സ്, നോര്‍വെസ്റ്റ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് ഗോള്‍ഡ്മാന്‍ സാച്ചസ്, ബെര്‍റ്റെമാന്‍ ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ്, സോഡിയസ് കാപ്പിറ്റല്‍ തുടങ്ങിയവരില്‍ നിന്ന 250 കോടി രൂപയുടെ നിക്ഷേപം കമ്പനി സമാഹരിച്ചിരുന്നു.

ഇന്ത്യന്‍ ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വിപണി കൂടുതല്‍ മത്സരാധിഷ്ഠിതമായിക്കൊണ്ടിരിക്കുകയാണ്. ആമസോണും ഫഌപ്കാര്‍ട്ടും ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വിപണിയിലേക്കുള്ള കടന്നുവരവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സ്വീഡിഷ് ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഐകിയയും ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ കമ്പനികളുടെ വിപണി സാന്നിധ്യം ഉപഭോക്താക്കള്‍ക്ക് ഡിസ്‌ക്കൗണ്ട് കൂടുതലായി ലഭിക്കാനും മറ്റ് ഫര്‍ണിച്ചര്‍ റീട്ടെയ്ല്‍ കമ്പനികളുടെ വരുമാനം കുറയാനും കാരണമാകുമെന്നാണ് ഇന്‍ഡസ്ട്രിയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ വര്‍ഷം ഇന്ത്യന്‍ ഓണ്‍ലൈന്‍ ഹോംവെയര്‍, ഫര്‍ണിച്ചര്‍ വിപണി വരുമാനത്തിന്റെ കാര്യത്തില്‍ 1.1 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Pepperfry