പേ ടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമം: മൂന്ന് പേര്‍ അറസ്റ്റില്‍

പേ ടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമം: മൂന്ന് പേര്‍ അറസ്റ്റില്‍

നോയ്ഡ: പേ ടിഎമ്മിന്റെ സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ശര്‍മയുടെ പേഴ്‌സണല്‍ സെക്രട്ടറി സോണിയ ധവാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. പത്ത് വര്‍ഷത്തിലേറെ വിജയ് ശേഖറിനൊപ്പം സോണിയ ധവാന്‍ ജോലി ചെയ്തിരുന്നെന്നു വിജയ് ശേഖറിന്റെ സഹോദരനും സീനിയര്‍ വൈസ് പ്രസിഡന്റുമായ അജയ് ശേഖര്‍ ശര്‍മ പറഞ്ഞു. ഇത്രയും ദീര്‍ഘകാലം ജോലി ചെയ്തിരുന്നതിനാല്‍ വിജയ് ശേഖറിന്റെ ലാപ്‌ടോപ്പിലേക്കു സോണിയയ്ക്ക് ആക്‌സസ് ഉണ്ടായിരുന്നു. ഈ അനുകൂല ഘടകം ഉപയോഗിച്ചു സോണിയ വ്യക്തിപരവും രഹസ്യ സ്വഭാവമുള്ളതുമായി ഡാറ്റ കൈവശപ്പെടുത്തി. തുടര്‍ന്നു സോണിയയും, വസ്തു കച്ചവടക്കാരനായ ഭര്‍ത്താവും, പേ ടിഎമ്മിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ സീനിയര്‍ മാനേജറായ ദേവേന്ദ്ര കുമാറും ചേര്‍ന്നു വിജയ് ശേഖറിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. 20 കോടി രൂപയാണ് ആവശ്യപ്പെട്ടത്. സെപ്റ്റംബര്‍ 20-നാണ് പണം ആവശ്യപ്പെട്ടു കൊണ്ട് ആദ്യ കോള്‍ വിജയ് ശേഖറിന് ലഭിച്ചത്. രോഹിത് ചോമല്‍ എന്നു പേരുള്ള കൊല്‍ക്കത്ത സ്വദേശിയാണു പണം ആവശ്യപ്പെട്ടു കൊണ്ടു വിളിച്ചത്. പിന്നീട് ഏതാനും തവണ കൂടി വിളിച്ച് ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു. ഇതേ തുടര്‍ന്നു ഈ മാസം 15-ന് രണ്ട് ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. ചോമല്‍ നിര്‍ദേശിച്ച ബാങ്കിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. എന്തൊക്കെ വിവരങ്ങളാണ് അവരുടെ കൈവശമുള്ളതെന്ന് അറിയുന്നതിനു വേണ്ടിയാണു തുക കൈമാറിയത്. പണം കൈമാറിയതിനു ശേഷം ചോപ്പലിനോട് കൈവശമുള്ള വിവരങ്ങളെ കുറിച്ചു വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ കൂടുതല്‍ പണം ചോദിച്ചു കൊണ്ടിരുന്നു. ഇതേ തുടര്‍ന്നു നോയ്ഡ പൊലീസില്‍ വിജയ് ശര്‍മ പരാതി നല്‍കുകയായിരുന്നു.

Comments

comments

Categories: FK News

Related Articles