പുതിയ അമേസ് വില്‍പ്പന 50,000 പിന്നിട്ടു

പുതിയ അമേസ് വില്‍പ്പന 50,000 പിന്നിട്ടു

വിപണിയില്‍ പുറത്തിറക്കി വെറും അഞ്ച് മാസങ്ങള്‍ക്കുള്ളിലാണ് നേട്ടം കൈവരിച്ചത്

ന്യൂഡെല്‍ഹി : പുതിയ ഹോണ്ട അമേസിന്റെ വില്‍പ്പന 50,000 യൂണിറ്റ് പിന്നിട്ടു. വിപണിയില്‍ പുറത്തിറക്കി വെറും അഞ്ച് മാസങ്ങള്‍ക്കുള്ളിലാണ് നേട്ടം കൈവരിച്ചത്. ഈ വര്‍ഷം മെയ് മാസത്തിലാണ് ഓള്‍-ന്യൂ ഹോണ്ട അമേസ് അവതരിപ്പിച്ചത്. ഇന്ത്യയില്‍ ഹോണ്ടയുടെ ഒരു പുതിയ മോഡല്‍ ഇത്ര വേഗം 50,000 വില്‍പ്പന കൈവരിക്കുന്നത് ഇതാദ്യമാണ്. 2018 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഹോണ്ട കാര്‍സ് ഇന്ത്യയുടെ ആകെ വില്‍പ്പനയില്‍ 50 ശതമാനം സംഭാവന ചെയ്തത് പുതിയ അമേസ് ആണ്.

പുതിയ അമേസിന്റെ ഉപയോക്താക്കളില്‍ 20 ശതമാനത്തിലധികം പേര്‍ ആദ്യമായി കാര്‍ വാങ്ങുന്നവരാണെന്ന് ഹോണ്ട വെളിപ്പെടുത്തി. മാത്രമല്ല, കോംപാക്റ്റ് സെഡാന്റെ ആകെ വില്‍പ്പനയുടെ 40 ശതമാനം ഒന്നാം നിര നഗരങ്ങളിലാണ് നേടിയത്. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ 30 ശതമാനം വീതം വിറ്റുപോയി. പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളിലായി ആകെ 30 ശതമാനം ഉപയോക്താക്കള്‍ ഓട്ടോമാറ്റിക് (സിവിടി) വേരിയന്റുകള്‍ തെരഞ്ഞടുത്തതായി ഹോണ്ട കാര്‍സ് ഇന്ത്യ ഡയറക്റ്റര്‍ (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) മകോതോ ഹ്യോഡ പറഞ്ഞു.

ഡിജിപാഡ്-2 എന്ന് വിളിക്കുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ പുതിയ ഹോണ്ട അമേസിന്റെ സവിശേഷതകളാണ്. മുന്‍ഗാമിയേക്കാള്‍ നീളമേറിയ വീല്‍ബേസ് ലഭിച്ചതിനാല്‍ കാബിനില്‍ കൂടുതല്‍ സ്ഥലസൗകര്യം കാണാം. പിന്‍സീറ്റ് യാത്രികര്‍ക്കായി താഴേയ്ക്ക് മടക്കാവുന്ന സെന്‍ട്രല്‍ ആംറെസ്റ്റ്, റിയര്‍ എസി വെന്റുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

1.2 ലിറ്റര്‍, 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ 89 ബിഎച്ച്പി പരമാവധി കരുത്തും 110 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്, 7 സ്‌റ്റെപ്പ് സിവിടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. കോംപാക്റ്റ് സെഡാന്‍ സെഗ്‌മെന്റില്‍ ഇതാദ്യമായി സിവിടി വേരിയന്റുകളില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ നല്‍കിയിരിക്കുന്നു. പെട്രോള്‍ മാന്വലിന് 19.5 കിലോമീറ്ററും പെട്രോള്‍ സിവിടിക്ക് 19 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

Comments

comments

Categories: Auto